ഈ ഭക്ഷണങ്ങളും ശീലങ്ങളും പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത വര്‍ധിപ്പിക്കും

1132939709
Photo Credit: metamorworks/ Istockphoto
SHARE

പുരുഷന്മാരുടെ പ്രത്യുൽപാദനശേഷിയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌. എന്നാല്‍ ഇതില്‍ ഏറ്റവും സുപ്രധാനമായ ഒന്നാണ്‌ അവരുടെ ഭക്ഷണശീലങ്ങള്‍. ട്രാന്‍സ്‌ ഫാറ്റും സംസ്‌കരിച്ച ഭക്ഷണങ്ങളും അടങ്ങിയ ഭക്ഷണക്രമം പുരുഷന്മാരില്‍ വന്ധ്യതയ്‌ക്ക്‌ കാരണമാകാമെന്ന്‌ പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇവ അമിതവണ്ണം, പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയ പലവിധ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുകയും പ്രത്യുൽപാദനശേഷിയെ ബാധിക്കുകയും ചെയ്യുന്നു. 

ഇനി പറയുന്ന ഭക്ഷണവിഭവങ്ങളും ശീലങ്ങളും പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്തുമെന്ന്‌ ബെംഗലൂരു വെറ്റ്‌ഫീല്‍ഡിലെ മിലന്‍ ഫെര്‍ട്ടിലിറ്റി ഹോസ്‌പിറ്റല്‍ റീപ്രോഡക്ടീവ്‌ മെഡിസിന്‍ സീനിയര്‍ കണ്‍സൽറ്റന്റ്‌ ഡോ. ശില്‍പ എല്ലൂര്‍ എച്ച്‌ടി ലൈഫ്‌ സ്റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1. സിങ്ക്‌ അടങ്ങിയ ഭക്ഷണം
ബീജത്തിന്റെ ഉൽപാദനത്തിലും അവയുടെ ചലനത്തിലും സ്വാധീനം ചെലുത്തുന്ന ധാതുവാണ്‌ സിങ്ക്‌. ഇതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കക്കയിറച്ചി, മത്തങ്ങ വിത്തുകള്‍, എള്ള്‌, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്ക്‌ അടങ്ങിയവയാണ്‌. 

2. സെലീനിയം
ഫ്രീ റാഡിക്കലുകളില്‍ നിന്നും മറ്റും ബീജത്തെ സംരക്ഷിച്ച്‌ നിര്‍ത്താന്‍ സെലീനിയം സഹായിക്കുന്നു. മുട്ട, സൂര്യകാന്തി വിത്ത്‌, ചിക്കന്‍, ബ്രൗണ്‍ റൈസ്‌, കൂണ്‍, ഓട്‌മീല്‍, ചീര, മീന്‍ എന്നിവയെല്ലാം സെലീനിയം അടങ്ങിയവയാണ്‌. 

3. വൈറ്റമിനുകള്‍
വൈറ്റമിന്‍ സിയും ഇയും ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസിനെ പ്രതിരോധിച്ച്‌ ബീജത്തിന്റെ നിലവാരം വര്‍ധിപ്പിക്കുന്നു. ഓറഞ്ച്‌, നാരങ്ങ പോലുള്ള സിട്രസ്‌ പഴങ്ങള്‍, ബ്രോക്കളി, പപ്പായ, തക്കാളി, കോളിഫ്‌ളവര്‍, ആല്‍മണ്ട്‌, കടല, അവോക്കാഡോ, മാങ്ങ, മധുരക്കിഴങ്ങ്‌, ഒലീവ്‌ എണ്ണ എന്നിവയെല്ലാം ഈ അവശ്യ വൈറ്റമിനുകള്‍ ശരീരത്തിന്‌ പ്രദാനം ചെയ്യുന്നു. 

4. ഒമേഗ-3 ഫാറ്റി ആസിഡ്‌
ബീജത്തിന്റെ പുറത്തെ ആവരണത്തെ ബലപ്പെടുത്തുന്ന ഒമേഗ-3 ഫാറ്റി ആസിഡ്‌ മത്തി ഉള്‍പ്പെടെയുള്ള മീനുകളിലും ഫ്‌ളാക്‌സ്‌ വിത്തിലും ചിയ വിത്തിലും വാള്‍നട്ടിലും സൊയബീനിലുമെല്ലാം അടങ്ങിയിരിക്കുന്നു. 

5. വ്യായാമം
മികച്ച പ്രത്യുൽപാദന ശേഷിക്ക്‌ സജീവമായ ജീവിതശൈലിയും വ്യായാമവും ആവശ്യമാണ്‌. ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മിനിറ്റെങ്കിലും നീളുന്ന മിതമായ തീവ്രതയിലുള്ള വ്യായാമം വന്ധ്യത ഒഴിവാക്കാന്‍ സഹായിക്കും. നടത്തം, ഓട്ടം, സൈക്ലിങ്‌, നീന്തല്‍ പോലുള്ള വ്യായാമങ്ങള്‍ സഹായകമാണെന്ന്‌ ഡോ. ശില്‍പ ചൂണ്ടിക്കാട്ടുന്നു. ഇവ ശരീരത്തിലെ നീര്‍ക്കെട്ട്‌ കുറയ്‌ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബീജോൽപാദനത്തെ സഹായിക്കുന്ന ടെസ്റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ ഉൽപാദനം ശരിയായി നടക്കാനും നിത്യവുമുള്ള വ്യായാമം ആവശ്യമാണ്‌. 

അമിതവണ്ണം ഹോര്‍മോണല്‍ അസന്തുലനം ഉണ്ടാക്കുകയും ബീജത്തിന്റെ നിലവാരത്തെ ബാധിക്കുകയും ചെയ്യും. ആവശ്യത്തില്‍ കുറവ്‌ ഭാരം വരുന്നതും പ്രത്യുൽപാദനശേഷിക്ക്‌ സഹായകമാകില്ലെന്ന്‌ ഡോ. ശില്‍പ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Types of food and daily routines that affect men's fertility

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS