ADVERTISEMENT

ഇന്ന് സാങ്കേതിക വിദ്യ വികസിച്ചതോടെ ജീവിതം എളുപ്പമായി. അതോടൊപ്പം ഉദാസീനമായ ജീവിതശൈലിയും വ്യാപകമായി. ഏറെ സമയം ഒരേ സ്ഥലത്ത് ചടഞ്ഞു കൂടിയുള്ള ഇരിപ്പ്, പതിവായി ഇരുന്നുള്ള ഓഫിസ് ജോലികളും സ്ക്രീനിനു മുന്നിലെ ഇരിപ്പുമെല്ലാം ശാരീരിക പ്രവർത്തനങ്ങളുടെ സമയം കുറച്ചു. ഈ ജീവിത ശൈലി ഹൃദയസംബന്ധമായ ആരോഗ്യത്തിന് ദോഷം ചെയ്യും. 

∙ഹൃദ്രോഗ സാധ്യത കൂട്ടും
ദീർഘനേരം ചടഞ്ഞുകൂടി ഇരിക്കുന്നതും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഹൃദ്രോഗസാധ്യത കൂട്ടും. നമ്മൾ കൂടുതൽ സമയം ഇരിക്കുമ്പോൾ കുറച്ചു കൊഴുപ്പിനെ മാത്രമേ പേശികൾ കത്തിച്ചു കളയുകയുള്ളൂ. ഇത് രക്തക്കുഴലുകളിൽ അനാരോഗ്യകരമായ കൊളസ്ട്രോൾ അടിഞ്ഞു കൂടാൻ കാരണമാകും. കാലം കഴിയുമ്പോൾ ഇത് അതിറോസ്ക്ലീറോസിസിനു കാരണമാകും. ധമനികൾ വീതി കുറ‍ഞ്ഞതും കട്ടി കൂടിയതും ആകുന്ന ഈ അവസ്ഥ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. 

 

∙പൊണ്ണത്തടി എന്ന മഹാവ്യാധി
ചടഞ്ഞുകൂടിയുള്ള ജീവിത ശൈലി പൊണ്ണത്തടിക്ക് കാരണമാകും. വ്യായാമമില്ലായ്മ ശരീരഭാരം കൂടാൻ കാരണമാകും. ശരീരഭാരം കൂടുന്നത് ഹൃദ്രോഗം വരാനുള്ള ഒരു ഘടകമാണ് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ഇത് അപകടകരമാണ്. ഇത് ഇൻസുലിൻ പ്രതിരോധത്തിനും മെറ്റബോളിക് സിൻഡ്രോമിനും കാരണമാകും. കൂടാതെ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടും. 

 

∙ഉയർന്ന രക്തസമ്മർദം
വെറുതെയുള്ള ഇരിപ്പ് ഉയർന്ന രക്തസമ്മർദത്തിലേക്കു നയിക്കും. ഇത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും സമ്മര്‍ദം ഉണ്ടാക്കും. കുറെ നാൾ കഴിയുമ്പോൾ അനിയന്ത്രിതമായ രക്തസമ്മർദം ധമനികളെ തകരാറിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്കു നയിക്കുകയും ചെയ്യും. 

 

∙കുറ‍ഞ്ഞ രക്തചംക്രമണം
പതിവായുള്ള ശാരീരിക പ്രവർത്തനം, രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരകോശങ്ങളിലേക്ക് ഇതിലൂടെ ഓക്സിജനും പോഷകങ്ങളും എത്തുന്നു. എന്നാൽ ചടഞ്ഞു കൂടിയുള്ള ഇരിപ്പ് രക്തചംക്രമണം സാവധാനത്തിലാക്കുന്നു. ഇതു മൂലം ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരികയും ഇത് രക്തം കട്ട പിടിക്കാനുള്ള സാധ്യതയും ഡീപ്പ് വെയ്ൻ ത്രോംബോസിസിനുള്ള സാധ്യതയും കൂട്ടുകയും ചെയ്യുന്നു. 

 

ഉദാസീനമായ ജീവിതശൈലിയെ മറികടക്കാൻ ചില മാർഗങ്ങളുണ്ട്. 

∙പതിവായുള്ള ശാരീരിക പ്രവർത്തനം 

ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് എങ്കിലും മിതമായതോ കഠിനമായതോ ആയ എയ്റോബിക് വ്യായാമം െചയ്യണം. കൂടാതെ 75 മിനിറ്റ് കഠിനവ്യായാമവും ശീലമാക്കണം. വേഗത്തിലുള്ള നടത്തം, ജോഗിങ്ങ്, സൈക്ലിങ്ങ്, നൃത്തം ഇവയെല്ലാം ഇത്തരം വ്യായാമങ്ങളിൽ പെടും. 

 

∙ഇരിപ്പ് കുറയ്ക്കുക
കൂടുതൽ സമയം ഒരേ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുകയോ ശരീരം സ്ട്രെച്ച് ചെയ്യുകയോ ചെയ്യണം. ഓരോ മണിക്കൂറിലും ഒരു ചെറു നടത്തവും ആവാം. ടിവി കാണുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഇടയ്ക്ക് എഴുന്നേറ്റ് നിന്ന് ചെയ്യാം. 

 

∙ആരോഗ്യകരമായ ഭക്ഷണക്രമം
ശാരീരിക പ്രവർത്തനങ്ങളോടൊപ്പം പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയെല്ലാമടങ്ങിയ സമീകൃത ഭക്ഷണം ശീലമാക്കാം. ഇത് ശരീരഭാരം നിയന്ത്രിക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. 

 

∙പതിവായുള്ള പരിശോധനകൾ
ആരോഗ്യപരിശോധനകൾ കൃത്യമായ ഇടവേളകളിൽ പതിവായി ചെയ്യണം. രക്തസമ്മർദം, കൊളസ്ട്രോൾ, ഹൃദയത്തകരാറിനു കാരണമാകുന്ന മറ്റ് ഘടകങ്ങൾ ഇവയെല്ലാം പതിവായി പരിശോധിക്കണം. ഹൃദയാരോഗ്യം നിലനിർത്താൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശവും തേടാവുന്നതാണ്. 

 

ചടഞ്ഞുകൂടിയുള്ള ഇരിപ്പിന്റെ അപകടങ്ങൾ മനസ്സിലാക്കി, ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുന്നത് ഗുണകരമാണ്. ജീവിതശൈലി മെച്ചപ്പെടുത്തി വ്യായാമം ശീലമാക്കുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്താൻ സാധിക്കും.

Content Summary: Sedentary lifestyle and cardio vascular diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com