ADVERTISEMENT

‘‘ഇവിടെ രണ്ടാൾക്കും എന്തിന്റെ കുറവാണ്. സമയത്ത് ഇഷ്ട ഭക്ഷണം. എല്ലാ സൗകര്യത്തിനൊപ്പം നോക്കാൻ വീട്ടിൽ സഹായത്തിന് ഒരു സ്ത്രീയെയും ഏർപ്പാടാക്കിയിട്ടുണ്ട്. ഇരുവർക്കും കിട്ടുന്ന പെൻഷൻ തുകയിൽനിന്ന് ഇന്നേവരെ ഒരു രൂപ പോലും ഞങ്ങൾ എടുത്തിട്ടില്ല. അച്ഛനും അമ്മയ്ക്കും വൃദ്ധസദനത്തിൽ പോകണമെന്ന് പറയുന്നു. ആളുകൾ ഇത് അറിഞ്ഞാൽ ഞങ്ങളെയല്ലേ കുറ്റം പറയുക. ഇൗ പ്രായത്തിൽ ഇങ്ങനെ രണ്ടാളും വാശിപ്പിടിച്ചാൽ ഞങ്ങൾ എന്തു ചെയ്യും...’’ - എന്റെ സുഹൃത്ത് ഫോണിൽ വിളിച്ച് ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞപ്പോൾ പെട്ടെന്നു ചിരിയാണ് വന്നത്. മാതാപിതാക്കൾ വൃദ്ധസദനത്തിൽ പോകുന്നതു കൊണ്ടല്ല, നാട്ടുകാർ എന്തു പറയുമെന്നതാണ് സുഹൃത്തിന്റെ ആവലാതിക്കു കാരണം. വിശദമായി പീന്നീടു സംസാരിക്കാമെന്നു പറഞ്ഞ് ഫോൺ കോൾ അവസാനിപ്പിച്ചെങ്കിലും വൈകിട്ട് വിശദമായി തിരക്കിയപ്പോഴാണ് ചിത്രം വ്യക്തമായത്. ആ അച്ഛനും അമ്മയും പോകണമെന്നു പറയുന്നത് നിരാലംബരെ പാർപ്പിക്കുന്ന സദനത്തിലേക്കല്ല, പകൽവീട്ടിലേക്കാണ്. സമപ്രായക്കാരുമായി ഇടപെട്ട് കളിയും ചിരിയും കാര്യവുമായി പ്രായമായ മനുഷ്യർ ഒരുമിച്ചു കൂടുന്ന സ്ഥലമെല്ലാം വൃദ്ധസദനമെന്നല്ലേ നമുക്കറിയൂ, പാവം എന്റെ സുഹൃത്ത് ആകെ വിയർത്തു പോയത് അതുകൊണ്ടാണ്. 

Old age homes support for elderly and senior citizens
Representative Image. Photo Credit : Triloks / iStockPhoto.com

അനുഭവകഥ അവിടെ നിൽക്കട്ടെ, വാർധ്യകം എന്ന വാക്കിനോട് ചേർന്നു കേൾക്കുന്ന മറ്റൊരു പദമാണ് വൃദ്ധസദനം. ചില വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ മുൻവിധിയോടെ തെളിയുന്ന ചില ചിത്രങ്ങളുണ്ട്‌. വൃദ്ധസദനം എന്നാൽ ഇപ്പോഴും ശരാശരി മലയാളികൾക്ക് നിരാലംബരെ പാർപ്പിക്കുന്ന സ്ഥലം തന്നെ. പ്രായമായ അച്ഛനമ്മമാർ ഉള്ള മിക്ക വീടുകളിലും പരസ്യമായയും രഹസ്യമായും സ്ഥിരമായി കേൾക്കുന്ന വാചകമുണ്ട് – ‘‘അതെങ്ങനെയാ! എങ്ങോട്ടെങ്കിലും ഒന്നിറങ്ങാമെന്നു വച്ചാൽ അമ്മയെ എന്തു ചെയ്യും! കൂടെ വരികയും ഇല്ല, വീട്ടിൽ ഒറ്റയ്ക്ക് ആക്കി പോകാനും കഴിയില്ല. എന്തൊരു കഷ്ടമാണ്!’’

ജീവിതത്തിന്റെ വെയിൽ മങ്ങിയ വേളയിൽ മാതാപിതാക്കളുടെ വാർധക്യം ബുദ്ധിമുട്ടായി കാണുന്നവർ ഒാർമിക്കാത്ത മറ്റൊരു കാര്യമാണ് വാർധക്യം തങ്ങളെയും നാളെ തേടിവരുമെന്നുള്ളത്. മക്കൾക്കായി ജീവിച്ച് കടമകൾ നിറവേറ്റി സ്വസ്ഥമായി മക്കൾ എന്ന തണലിലേക്ക് ഒതുങ്ങുന്ന കാലത്ത് ഏകാന്തതയും വിരസതയും ഒരുമിച്ചു പിടിമുറുക്കുമ്പോൾ പല വയോജനങ്ങളും ശ്വാസം കിട്ടാതെ പിടയും. ഒപ്പം ആരോഗ്യപ്രശ്നങ്ങളും അലട്ടുമ്പോഴാണ് ചില മക്കൾക്ക് അച്ഛനമ്മമാർ തലവേദനയാവുന്നത്. ആദ്യമറിയേണ്ടത് വാർധക്യത്തിൽ മാതാപിതാക്കളെ അലട്ടുന്ന ശാരീരികപ്രശ്നങ്ങളെപ്പറ്റിയാണ്.  നമ്മളറിയാതെ അവരെ അലട്ടുന്ന ചിലതുണ്ടാകാം. മുൻകൂട്ടി അറിഞ്ഞ് ചില മുൻകരുതലുകൾ എടുത്താൽ ഒരു പരിധി വരെ വാർധക്യസഹജമായ പ്രശ്നങ്ങളെ ലഘൂകരിക്കാനാകും.

 

ഉയർന്ന രക്തസമ്മർദവും ഹൃദയസംബന്ധമായ രോഗങ്ങളും
ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയുടെ ഏറ്റവും വലിയ പ്രതിഫലനം അയാളുടെ ഹൃദയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ്. നടപ്പ്, ജോഗിങ് തുടങ്ങിയ ഏയ്‌റോബിക് വ്യായാമങ്ങൾ ഒരു ദിവസം മുപ്പതു മിനിറ്റെങ്കിലും ചെയ്‌താൽ ഹൃദയാരോഗ്യം നിലനിർത്താം. വർധക്യത്തിൽ ഇതെല്ലാം നിർത്തി വയ്ക്കണോ? ഓർക്കുക, വേഗത്തിലുള്ള നടത്തം പോലെ അൽപം കഠിനമായ വ്യായാമങ്ങളൊന്നും വാർധക്യത്തിൽ അന്യമല്ല. ഹൃദയമിടിപ്പ്, രക്തസമ്മർദം തുടങ്ങിയവ നിയന്ത്രണത്തിലാണെങ്കിൽ തൊണ്ണൂറ് വയസ്സുള്ള ആൾക്ക് പോലും കഠിനവ്യായാമങ്ങൾ ചെയ്യാം.  രക്തസമ്മർദവും കൊളസ്‌ട്രോളും നിയന്ത്രിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ അവ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമെന്നത് തെറ്റായ ചിന്തയാണ്. അതിന്റെ അളവ് കുറച്ചുകൊണ്ടു വന്ന് നിർത്താവുന്നതാണ്. അതുപോലെ യോഗ, നീന്തൽ തുടങ്ങിയ കാര്യങ്ങൾ അറുപത് വയസ്സിനു ശേഷം ഹൃദയത്തിനും മനസ്സിനും ഒരുപോലെ ഉണർവേകുന്നു.

Old age homes support for elderly and senior citizens
Representative Image. Photo Credit : Triloks / iStockPhoto.com

 

പ്രമേഹത്തോടു വേണം കരുതൽ
‘അയ്യോ! ഷുഗർ താഴും. അമ്മ അവിടെ എവിടെയെങ്കിലും പോയി ഇരിക്ക്. ഞങ്ങൾ നടന്നു വന്നോളാം...!’ –  ഡയബറ്റിസ് ഉള്ളവരെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ അവരെ ശരീരമനങ്ങാൻ സമ്മതിക്കാത്ത വിധം സൂക്ഷിക്കുന്നത് അപകടത്തിലേക്കാണ് നയിക്കുക. വാർധക്യത്തിൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പ്രമേഹം. ഗ്ലൂക്കോസിന്റെ മെറ്റബോളിസത്തിന് സഹായിക്കുന്ന ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ശരീരകോശങ്ങൾക്ക് അവയെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായ ടൈപ്പ് 2 പ്രമേഹമാണ് tസാധാരണ വാർധക്യത്തിൽ കാണുന്നത്. നടത്തവും ഭക്ഷണക്രമീകരണവും ഒരുപോലെ ചെയ്താൽ മാത്രമേ പ്രമേഹം നിയന്ത്രണവിധേയമാകൂ. വ്യായാമത്തിനു ശേഷം രണ്ടു മണിക്കൂറിനുള്ളിൽ ഇൻസുലിന്റെ സെൻസിറ്റിവിറ്റി കൂടുകയും തൽഫലമായി ശരീരത്തിലുള്ള ഇൻസുലിൻ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദമില്ലാത്ത ജീവിതാന്തരീക്ഷം വളരെ പ്രധാനമാണ്. 

പക്ഷാഘാതം
‘മരിക്കാതെ മരിക്കുന്ന’ രോഗമാണ് പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക്. പലപ്പോഴും രോഗി തരുന്ന ചെറിയ സൂചനകൾ ശ്രദ്ധിക്കാത്തതു മൂലം ശിഷ്ടജീവിതം മുഴുവൻ കിടക്കയിൽ ഒതുക്കുന്ന രോഗാവസ്ഥ. പ്രായമായവർ ഓർമക്കുറവ് കാണിക്കുബോൾ അവരോടു ദേഷ്യപ്പെടുകയോ അവഗണിക്കുകയോ ആണ് പല മക്കളും ചെയ്യുക. എന്നാൽ അത് സ്ട്രോക്ക് വരുന്നതിനു മുന്നോടിയായ ഓർമക്കുറവും സ്വാധീനക്കുറവുമാകാം. സ്ട്രോക്ക് വന്ന് 180 മിനിറ്റിനുളളിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചാൽ, ശരീരത്തിനുണ്ടാകാൻ സാധ്യതയുള്ള തളർച്ചയും വൈകല്യങ്ങളും 90 ശതമാനത്തോളം കുറയ്ക്കാം. സ്ട്രോക്ക് വന്നാൽ മനോധൈര്യം ചോർന്നു പോകാതെ അവരെ പിടിച്ചു നിർത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എഴുന്നേറ്റ് നടക്കണം എന്ന ആഗ്രഹം അവരിൽ ഉണ്ടാക്കിയെടുക്കണം. സ്നേഹപൂർണമായ സമീപനവും എല്ലാ കാര്യങ്ങളിലും അവരെ കൂടെ ഉൾപ്പെടുത്തുക എന്നതൊക്കെയാണ് അതിനുള്ള വഴി. തുടർച്ചയായ കിടപ്പു മൂലം മരണത്തിലേക്ക് എത്തിക്കാവുന്ന ഒന്നാണ് ഡീപ് വെയിൻ ത്രോംബോസിസ് എന്ന രോഗാവസ്ഥ. കാലിലെ ധമനികളിലെ രക്‌തം കട്ടപിടിക്കുകയും അവിടെനിന്നു രക്തക്കട്ടകൾ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും എത്തുകയും ചെയ്യും. കാലിലെ പേശികൾക്ക് വ്യായാമം കൊടുക്കുക, കാൽപാദം കഴിയുന്ന സമയത്തെല്ലാം അനക്കിക്കൊണ്ടിരിക്കുക എന്നതാണ് പോംവഴി.

സന്ധിവേദന
വാർധക്യത്തെ നിഷ്ക്രിയമാക്കുന്ന രോഗങ്ങളാണ് മുട്ടുവേദനയും നടുവേദനയും. അൻപതു വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ കൂടുതലായി കാണുന്നു. ഓസ്റ്റിയോആർത്രൈറ്റിസ് എന്നറിയപ്പെടുന്ന രോഗം അലട്ടിയാൽ കഴിവതും കട്ടിലിലേക്ക് ഒതുങ്ങാനും അൽപം ആയാസമുള്ള സകല കാര്യങ്ങളും ഒഴിവാക്കാനും വയോജനങ്ങൾ ശ്രമിക്കുന്നു. നാൽപത് വയസ്സു കഴിഞ്ഞാൽ കൃത്യമായി ശരീരഭാരം നിയന്ത്രിക്കുക എന്നതാണ് ഓസ്റ്റിയോആർത്രൈറ്റിസ് പ്രതിരോധിക്കാനുള്ള ആദ്യ പടി. മുട്ടുമടക്കി നിവർത്തുന്ന വ്യായാമങ്ങൾ ഒഴിവാക്കി പകരം ഹീൽ ഇല്ലാത്ത ചെരുപ്പിട്ട് സമതലപ്രതലത്തിൽ മുപ്പത് മിനിറ്റ് നടക്കുന്നത് ശീലമാക്കണം. പേശികളെ ദൃഢപ്പെടുത്താനുള്ള ചെറിയ വ്യായാമമുറകളും അഭ്യസിക്കാം. ഭക്ഷണത്തിലൂടെയും മരുന്നിലൂടെയും കാൽസ്യത്തിന്റെ കുറവും പരിഹരിക്കാം.

Old age homes support for elderly and senior citizens
Representative Image. Photo Credit : Ridofranz / iStockPhoto.com

കേൾവിക്കുറലും കാഴ്ചക്കുറവും
വയോജനങ്ങൾ വീഴുമ്പോൾ ശകാരിക്കുകയാവും പലരും ആദ്യം ചെയ്യുക. മാതാപിതാക്കളുടെ കാഴ്ചയും കേൾവിയും പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മനസ്സ് എത്തുന്നിടത്ത് ശരീരം ചെല്ലാതിരിക്കുകയും ചെറിയ ശബ്ദങ്ങൾ പോലും കേൾക്കാനാവാതെയും വരുമ്പോൾ വാർധ്യകത്തിൽ ആത്മവിശ്വാസം കുറയുന്നത് സ്വഭാവികം. പുറത്തിറങ്ങി നടന്നാൽ വീണു പോകുമോ എന്ന ചിന്തയും വീടിനു പുറത്ത് ഇറങ്ങാൻ പല വയോജനങ്ങൾക്കും മടിയുണ്ടാക്കാം. കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന, കണ്ണടയും ശ്രവണസഹായിയും മറ്റും ഉപയോഗിക്കുക തുടങ്ങിയവ ചെയ്താൽ വീഴ്ചകളും അതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാം. ഒപ്പം വ്യായാമവും സമീകൃത ആഹാരവും കൃത്യമായ ഉറക്കവും പോഷകക്കുറവുകൾ പരിഹരിക്കാനുള്ള വിറ്റാമിൻ കാൽസിയം ഗുളികകളും കൊണ്ട് വാർധക്യത്തെ ഒരു രോഗാവസ്ഥയാക്കി മാറ്റാതിരിക്കാം. 

പ്രധാനം മാനസികാരോഗ്യം
വാർധ്യകം എന്ന അവസ്ഥയോട് മാനിസികമായി പൊരുത്തപ്പെടേണ്ടതുണ്ട്. നല്ല മുന്നൊരുക്കമുണ്ടെങ്കിൽ ജീവിതസായാഹ്നം നിറമുള്ളതാക്കാം. അത്രയും കാലം രാവിലെ എഴുന്നേറ്റ് ജോലിക്കു പോയി, മനുഷ്യരോടിടപെട്ട്, തിരക്കുകളിൽ മറ്റൊന്നും ചിന്തിക്കാതെ ഓടിനടന്നവർ റിട്ടയർമെന്റോടെ മുറിയിൽ ഒതുങ്ങുന്നു. സമൂഹത്തിലെ മാറ്റങ്ങൾക്കും പുതിയ തലമുറയ്ക്കും ഒപ്പം ഓടിയെത്താനാകാത്തതും അവരെ ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്ക് മാറ്റുന്നു. പകൽ മക്കളും കൊച്ചുമക്കളും പുറത്തു പോയിക്കഴിഞ്ഞാൽ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ ഏകാന്തതയിലേക്ക് വഴുതി വീഴാം. സമപ്രായക്കാരോടൊപ്പം സമയം ചെലവഴിക്കാനും ഒന്നു പൊട്ടിച്ചിരിക്കാനും അവർക്ക് അവസരമേകിയാൽ മാനസിക ആരോഗ്യത്തോടൊപ്പം ശരീരത്തിനും ഉണർവേകും. അവരുടെ കഴിവുകള്‍ സമൂഹത്തിനും രാജ്യത്തിനും സര്‍വ്വോപരി അവര്‍ക്കും സഹായകരമാകുംവിധം ഉപയോഗിക്കാൻ സര്‍ക്കാര്‍ സംവിധാനമൊരുക്കിയാല്‍ വയോജനങ്ങൾക്കും സമൂഹത്തിനും പ്രയോജനവുമാകും. വയോജനങ്ങളുടെ നൈപുണ്യം ഉപയോഗിക്കപ്പെടാതെ പോയാൽ അവർ നിർജീവാസ്ഥയിലേക്ക് തളളിവിടപ്പെടും. അത് അവരെ മറവിരോഗത്തിലേക്ക് എത്തിക്കാം. 

വയോജന സൗഹൃദപരമായ പകല്‍വീടുകളും വൃദ്ധസദനങ്ങളുമാണ് കാലത്തിന്റെ ആവശ്യം, നിർഭാഗ്യവശാൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒരു ബാധ്യത നിറവേറ്റുന്ന നിലയ്ക്കാണ് അവ പലപ്പോഴും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികൾ സർക്കാർ ഫലപ്രദമായി ആവിഷ്കരിച്ചു നടപ്പാക്കേണ്ടിയിരിക്കുന്നു. സുഖമില്ലാതെ കിടക്കുന്ന അച്ഛനമ്മമാരെ നോക്കാൻ സമയമില്ലാത്ത മക്കൾക്ക് അവരെ ശുശ്രൂഷിക്കാൻ ഹോം നഴ്സിന്റെ സേവനം തേടാം. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് നിയമാനുസൃതം നല്ല സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന വയോജന ആരോഗ്യകേന്ദ്രങ്ങളുടെ സേവനം തേടാം. മാതാപിതാക്കളെ  വയോജന ആരോഗ്യകേന്ദ്രങ്ങളിൽ കൊണ്ടുവിട്ടിട്ട് തിരിഞ്ഞു നോക്കാതെ പോകുന്നത് തെറ്റാണ്. മറിച്ച് കൃത്യമായ ഇടവേളകളിൽ ചെന്നു കണ്ട് ആരോഗ്യസ്ഥിതി വീണ്ടെടുക്കുമ്പോൾ സ്വന്തം വീട്ടിൽ തിരികെയെത്തിച്ചും വാർധ്യകത്തെ ചേർത്തു നിർത്താം. ഇൗ വരികൾ വായിച്ച് തീരുമ്പോൾ സ്വന്തം മാതാപിതാക്കളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങളാകും സ്നേഹമുള്ള മക്കൾ, കാരണം ഒരുവിളിപ്പാടകലെ വാർധക്യം നിങ്ങളെ തേടി എത്താനൊരുങ്ങിയിരിക്കുന്നു.

(ലേഖിക ഫിസിയോതെറാപ്പിസ്റ്റാണ്. ആരോഗ്യരംഗത്തുള്ളവർക്ക് വേണ്ടി മെഡിക്കൽ ലൈസൻസിങ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം).

Old age homes support for elderly and senior citizens
Representative Image. Photo Credit : Deepak Sethi / iStockPhoto.com

Content Summary : Old age homes support for elderly and senior citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT