ADVERTISEMENT

ഒരാളുടെ ഹൃദയത്തിലിടം നേടാൻ എന്താ എളുപ്പവഴി? സംശയിക്കേണ്ട, നല്ല സാദിഷ്ഠമായ ഭക്ഷണം ഒരുക്കി നൽകുക. ഇൗ വരികൾ വായിക്കുമ്പോൾ ഭക്ഷണവും ഹൃദയാരോഗ്യവും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിക്കാൻ വരട്ടെ. അടുത്ത കാലം വരെ ഉപാപചയ പ്രക്രിയയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നായിട്ടായിരുന്നു വായിൽ തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്ന ദഹന വ്യവസ്ഥയെ കണ്ടിരുന്നത്. പ്രത്യേകിച്ച് ഇതിലെ പ്രധാന അവയവമായ കുടലിനെ. എന്നാൽ ഈ ധാരണയെ പൊളിച്ചെഴുതുന്നതാണ് കുറച്ചു കാലമായി ആരോഗ്യമേഖലയിൽ നടന്നുവരുന്ന  ശാസ്ത്രീയ പഠനങ്ങൾ. രോഗ പ്രതിരോധ ശേഷിയെയും ഹൃദയാരോഗ്യത്തെയും വരെ സ്വാധീനിക്കാൻ ഇതിനു കഴിയുമെന്നാണ് ഗവേഷണങ്ങളിൽ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ദഹന പ്രക്രിയയിൽ വലിയ പങ്ക് വഹിക്കുന്ന കുടൽ സൂക്ഷ്മാണുക്കൾ (ഗട്ട് മൈക്രോബയോമുകൾ അഥവാ ഗട്ട് മൈക്രോബയോട്ടകൾ). ഇവയുടെ ഘടനയും ഹൃദയാരോഗ്യവും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്. 

എന്താണ് കുടൽ സൂക്ഷ്മാണുക്കൾ? 
നമ്മുടെ ദഹനവ്യവസ്ഥയിൽ കാണപ്പെടുന്ന വിവിധയിനം സൂക്ഷ്മാണുക്കളാണ് ഇവ. കോടിക്കണക്കിന് വരുന്ന ബാക്ടീരിയകൾ, ഫംഗസുകൾ, വൈറസുകൾ, മറ്റ് സൂക്ഷ്മ ജീവികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മനുഷ്യശരീരത്തിൽ മനുഷ്യ കോശങ്ങളെക്കാൾ കൂടുതൽ ഇത്തരം സൂക്ഷ്മാണുക്കളുണ്ടെന്നതാണ് യാഥാർഥ്യം. ശരീരത്തിൽ മുഴുവനും ഇത്തരം സൂക്ഷ്മാണുക്കൾ ഉണ്ടെങ്കിലും ഏറ്റവുമധികം കാണപ്പെടുന്നത് കുടലിലാണ്. ഓരോരുത്തരിലും മൈക്രോബയോമിന്റെ സവിശേഷമായ ഒരു ശൃംഖലയുണ്ട്. അതിനെ നിർണയിക്കുന്നത് ആ വ്യക്തിയുടെ ഡിഎൻഎയാണ്. 

Read Also : സ്ത്രീകളിൽ ഹൃദ്രോഗം വർധിക്കുന്നു, വില്ലനായി അമിത ഉത്ക്കണ്ഠ മുതൽ ഉയർന്ന കൊളസ്ട്രോൾ നില വരെ

കുടൽ സൂക്ഷ്മാണുക്കൾ ശരീരത്തെ സ്വാധീനിക്കുമോ? 
ദഹന വ്യവസ്ഥയുടെ ഭാഗമായി നിലകൊള്ളുന്ന കുടൽ മൈക്രോബയോമുകൾ ദഹനത്തിനും രോഗപ്രതിരോധത്തിനുമെല്ലാം പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. നല്ല മൈക്രോബയോമകൾ മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിന് വലിയ രീതിയിൽ ഗുണം ചെയ്യുന്നതാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജസ്വലത നൽകും. ഭക്ഷണത്തിലെ ദഹിക്കാത്ത ഘടകങ്ങളിൽ നിന്ന് രാസവിനിമയത്തിലൂടെ ഊർജം വീണ്ടെടുക്കുന്നതും മൈക്രോബയോമുകൾ ആണ്. നാരുകൾ, എൻഡോജെനസ് ഇന്റസ്റ്റൈനൽ മ്യൂക്കസ് തുടങ്ങി ദഹിക്കാൻ പ്രയാസമുള്ളവയെ വിഘടിപ്പിക്കുന്നതിന് ആവശ്യമായ ശേഷി നൽകുന്നതും ഇവയാണ്. ഇടയ്ക്കിടെ അസുഖങ്ങൾ വരുന്നത് ഗട്ട് മൈക്രോബയോമുകളുടെ  അസന്തുലിതാവസ്ഥ മൂലമാകാൻ സാധ്യതയുണ്ട്. നല്ല മൈക്രോബയോമുകൾ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും രോഗമുക്തമാക്കാനുള്ള സമയം കൂട്ടാനും സഹായിക്കും. രോഗപ്രതിരോധ വ്യവസ്ഥയിലെ കോശങ്ങളുമായി ആശയവിനിമയം നടത്തുന്നതിലൂടെ, ഗട്ട് മൈക്രോബയോമിന് അണുബാധയോടുള്ള നമ്മുടെ ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിക്കാൻ കഴിയും. ഇതിന് പുറമേ തലച്ചോറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന കേന്ദ്ര നാഡീവ്യവസ്ഥയെയും സ്വാധീനിച്ചേക്കാമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം സൂക്ഷ്മാണുക്കളുടെ എണ്ണത്തിലും പ്രവർത്തനത്തിലും ഉണ്ടാകുന്ന അസന്തുലിതാവസ്ഥ ശരീരത്തിന് ഹാനികരമാകാം. ഹൃദയ സംബന്ധിയായ രോഗങ്ങൾക്കു വരെ കാരണമാകാറുമുണ്ട്. ശരീരഭാരം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയെയും മൈക്രോബയോമുകൾ സ്വാധീനിക്കുന്നുണ്ട്.

Why is it important to keep gut healthy?
Representative Image. Photo Credit : Tharakorn / iStockPhoto.com

ഹൃദയാരോഗ്യത്തെയും സ്വാധീനിക്കും
ദഹന വ്യവസ്ഥയുടെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ തികച്ചും വ്യത്യസ്തമാണെങ്കിലും അനാരോഗ്യകരമായ ഗട്ട് മൈക്രോബയോം ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  നാഡീ വ്യവസ്ഥയിലെ സൂക്ഷ്മാണുക്കൾ, വാസ്കുലർ, നാഡീവ്യൂഹം, എൻഡോക്രൈൻ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നമ്മുടെ ശരീരത്തിലെ മിക്ക വ്യവസ്ഥകളും തമ്മിൽ സങ്കീർണ്ണമായ ഒരു പരസ്പരബന്ധം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. മൈക്രോബയോമുകൾ ഉൽപാദിപ്പിക്കുന്നതോ പരിഷ്കരിച്ചതോ ആയ മെറ്റബോളിറ്റുകളുടെ നിർമാണമാണ് പ്രധാന സംവിധാനങ്ങളിലൊന്ന്.  ചുവന്ന മാംസം, മത്സ്യം, കോഴി, മുട്ട എന്നിവയിൽ കാണപ്പെടുന്ന കോളിൻ എന്ന പോഷകത്തെ സൂക്ഷ്മാണുക്കൾ വിഘടിപ്പിച്ചാണ് ട്രൈമെതൈലാമൈൻ (ടിഎംഎ) രൂപപ്പെടുന്നത്. ഇത് പിന്നീട് ട്രൈമെത്തിലാമൈൻ എൻ-ഓക്സൈഡായി (ടിഎംഎഒ) മാറുന്നു. രക്തത്തിൽ ഇതിന്റെ അളവ് കൂടുതലുള്ളവർക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മേൽപറഞ്ഞ ഭക്ഷ്യ വസ്തുക്കൾ കുറയ്ക്കുന്നത് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. കൂടാതെ, ഗട്ട് മൈക്രോബയോട്ട രോഗപ്രതിരോധ സംവിധാനത്തെയും കോശജ്വലന പ്രതികരണങ്ങളെയും സാരമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇവ രണ്ടും ഹൃദയ സംബന്ധമായ രോഗങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ്. ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ രക്താതിമർദത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നുണ്ട്. മൈക്രോ ബയോം രക്തചംക്രമണ രാസവസ്തുക്കളുമായി  ബന്ധപ്പെട്ട് കിടക്കുന്നതിനാൽ അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, സിവിഡി എന്നിവയ്ക്കുള്ള സാധ്യതകൾ ഉണ്ട്. അതേസമയം ചില സൂക്ഷ്മാണുക്കൾക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഇഫക്റ്റുകൾ ഉള്ള ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (എസ്‌സി‌എഫ്‌എ) ഉൽ‌പാദിപ്പിക്കാൻ കഴിയും. അവയ്ക്ക് രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാൻ കഴിയും. അതിനാൽ, ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്കും സഹായിക്കും.

അപകടകാരികളുമാണ് ഗട്ട് മൈക്രോബയോമുകൾ
ചീത്ത കുടൽ സൂക്ഷ്മാണുക്കൾ നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ദഹനക്കേട്, ഗ്യാസ്, മലബന്ധം, വയറിളക്കം തുടങ്ങി നിരവധി രോഗങ്ങൾക്കും ശരീരത്തിൽ ഉണ്ടാകുന്ന പല തരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾക്കും (സ്വയം രോഗപ്രതിരോധ രോഗങ്ങൾ) കാരണമാകും. പ്രമേഹം, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങൾക്കും അനാരോഗ്യകരമായ മൈക്രോബയോമുകൾ വഴിയൊരുക്കും. വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. ചീത്ത ഗട്ട് മൈക്രോബയോമുകൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും അൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ പോലുള്ള നാഡീ സംബന്ധമായ രോഗങ്ങൾക്ക് വരെ കാരണമായേക്കാം എന്ന് കൂടി അറിയുമ്പോഴാണ്  എത്രമാത്രം പ്രധാനമാണ് എന്ന് മനസ്സിലാക്കേണ്ടത്. 

Why is it important to keep gut healthy?
Representative Image. Photo Credit : Briana Jackson / iStockPhoto.com

കുടൽ സൂക്ഷ്മാണുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താം, രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ പല രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ ദഹനവ്യവസ്ഥയുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക എന്നതാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവർഗങ്ങളും വർധിപ്പിക്കുക. അതേസമയം ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും മദ്യപാനം, അലസത, മോശം ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളും ഗട്ട് മൈക്രോബയോമുകളെ ദോഷകരമായി ബാധിക്കും. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഏറെ ഗുണകരമാണ്. 

Read Also : ഇൗ ആറു കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഹൃദ്രോഗത്തെ പേടിക്കേണ്ട

വൈവിധ്യമാർന്ന ഭക്ഷണങ്ങൾ
ഇത്  മൈക്രോബയോമുകളുടെ വൈവിധ്യത്തിന് സഹായകമാകും. നല്ല ദഹന വ്യവസ്ഥ ആരോഗ്യത്തിന്റെ സൂചകമാണ്. പ്രത്യേകിച്ച്, പയർവർഗ്ഗങ്ങൾ, ബീൻസ്, പഴങ്ങൾ എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ ബിഫിഡോ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. 

പുളിപ്പിച്ച ഭക്ഷണങ്ങൾ
തൈര്, ഫെർമെന്റ് ചെയ്ത ഭക്ഷണങ്ങൾ തുടങ്ങിയവയിൽ ലാക്ടോബാസിലി ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. രോഗകാരികളായ സൂക്ഷ്മ ജീവികളുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. 

മധുരപലഹാരങ്ങൾ പരിമിതപ്പെടുത്താം
എന്ററോബാക്ടീരിയേസി പോലുള്ള അനാരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതാണ് പല  മധുരപലഹാരങ്ങളും. ഇത് ശരീരത്തെ ദോഷമായി ബാധിക്കും.

പ്രീബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം
ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഒരു തരം നാരുകളാണ് പ്രീബയോട്ടിക്സ്. ആർട്ടിചോക്ക്, വാഴപ്പഴം, ശതാവരി, ഓട്‌സ്, ആപ്പിൾ എന്നിവ പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പ്രോബയോട്ടിക് മരുന്നുകൾ കഴിക്കുന്നതും വളരെ നല്ലതാണ്.

ആറ് മാസമെങ്കിലും മുലയൂട്ടുക
ഗട്ട് മൈക്രോബയോമിന്റെ വികാസത്തിന് വളരെ പ്രധാനമാണ് മുലയൂട്ടൽ. ആറുമാസമെങ്കിലും മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ കുപ്പിപ്പാൽ കുടിക്കുന്നവരേക്കാൾ കൂടുതൽ ബിഫിഡോ ബാക്ടീരിയകൾ ഉണ്ടാകും.

സമ്പുഷ്ട ധാന്യങ്ങൾ ശീലമാക്കാം
ധാന്യങ്ങളിൽ ധാരാളം നാരുകളും ബീറ്റാ-ഗ്ലൂക്കൻ പോലുള്ള കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം, കാൻസർ സാധ്യത, പ്രമേഹം, മറ്റ് വൈകല്യങ്ങൾ എന്നിവ കുറയ്ക്കും. 

സസ്യാധിഷ്ഠിത ഭക്ഷണക്രമം
സസ്യാഹാരം കഴിക്കുന്നത് ഇ.കോളി പോലുള്ള മാരക ബാക്ടീരിയകൾ അകത്ത് ചെല്ലുന്നത് കുറയ്ക്കും. വീക്കം, കൊളസ്‌ട്രോൾ തുടങ്ങിയവയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ
റെഡ് വൈൻ, ഗ്രീൻ ടീ, ഡാർക്ക് ചോക്ലേറ്റ്, ഒലിവ് ഓയിൽ, ധാന്യങ്ങൾ എന്നിവയിൽ കാണപ്പെടുന്ന സസ്യ സംയുക്തങ്ങളാണ് പോളിഫെനോൾ. ഇവ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കും. 

ആവശ്യമുള്ളപ്പോൾ മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക
ആന്റിബയോട്ടിക്കുകൾ കുടൽ മൈക്രോബയോമിലെ നിരവധി ബാക്ടീരിയകളെ നശിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായ ബാക്ടീരിയകൾ പോലും ഇത്തരത്തിൽ ഇല്ലാതാകുന്നുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും ആന്റിബയോട്ടിക് പ്രതിരോധത്തിനും കാരണമാകാം. അതിനാൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക

Dr. Sunil Roy T N
ഡോ. ടി.എൻ.സുനിൽ റോയ്

(ലേഖകൻ കൊച്ചി ആസ്റ്റർ മെഡ്സിറ്റി കൺസൽറ്റന്റ് - ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റാണ്)

Content Summary : World Heart Day - Why is it important to keep gut healthy? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT