ADVERTISEMENT

മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള വയോജന കൗൺസിലിന്റെ ശുപാർശ നടപ്പായാൽ വയോജന ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റമുണ്ടാകും. നിലവിലെ ഏകാംഗ ട്രൈബ്യൂണലിനു പകരം, സബ്ഡിവിഷനൽ മജിസ്‌ട്രേറ്റ് അധ്യക്ഷനായി മൂന്നംഗ ട്രൈബ്യൂണലിനാണ് ശുപാർശ ചെയ്തിരിക്കുന്നത്. താലൂക്ക് തലങ്ങളിലുള്ള ട്രൈബ്യൂണലിന് സിവിൽ കോടതിയുടെ അധികാരമുണ്ടാകും. മേൽക്കോടതിയുടെ സ്വഭാവമുള്ള ജില്ലാതല ട്രൈബ്യൂണലും സജ്ജമാക്കണമെന്ന് ശുപാർശയിൽ പറയുന്നു.
കൗണ്‍സിലിന്റെ ശുപാര്‍ശ മന്ത്രി ആര്‍. ബിന്ദു സാമൂഹിക നീതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പുനീത്കുമാറിന് പരിശോധനയ്ക്കായി കൈമാറി. ഇതു വിശദമായി പരിശോധിച്ച ശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സ്പെഷൽ പൊലീസ് യൂണിറ്റ്
വയോജനസുരക്ഷ ഉറപ്പാക്കാൻ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജില്ലകളിൽ സ്‌പെഷൽ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഉൾപ്പെടെ അഞ്ചു സാമൂഹികപ്രവർത്തകരും സ്‌പെഷൽ പൊലീസ് യൂണിറ്റിലുണ്ടാകും. വയോജന സംബന്ധമായ പരാതികൾ കൈകാര്യം ചെയ്യുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയോഗിക്കണമെന്നും ശുപാർശയിൽ പറയുന്നു.

geriatric-health-DrazenZigic-shutterstock
Representative image. Photo Credit:Drazen Zigic/istockphoto.com

നോക്കിയില്ലെങ്കിൽ പുറത്ത്
മക്കളുടെയോ പിന്തുടർച്ചാവകാശിയുടെയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. ഇതനുസരിച്ച്, മുതിർന്ന പൗരൻമാരെ അവഗണിക്കുകയോ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയോ ചെയ്യുന്ന മക്കളെ വീട്ടിൽനിന്നു പുറത്താക്കാൻ മാതാപിതാക്കൾക്ക് അധികാരമുണ്ടാകും. വീട്ടിൽ നിന്ന് ഒഴിയാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ നടപടിയുണ്ടാകും.

കർശന നടപടിക്ക് ശുപാർശ
മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് 2009ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള ശുപാർശകൾ സാമൂഹിക നീതി വകുപ്പ് നിയോഗിച്ച സംസ്ഥാന വയോജന കൗൺസിൽ കഴിഞ്ഞയാഴ്ചയാണ് സർക്കാരിന് കൈമാറിയത്. കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, അംഗങ്ങളായ വി.എൻ.ജിതേന്ദ്രൻ, കെ.കെ.മണി, എം.വിജയകുമാരൻ നായർ, കെ.എ.സരള എന്നിവരടങ്ങിയ സമിതിയാണ് സാമൂഹികനീതി വകുപ്പ് മന്ത്രി ആർ.ബിന്ദുവിന് ശുപാർശ കൈമാറിയത്. സംസ്ഥാനത്ത് മുതിർന്ന പൗരൻമാർക്കെതിരെ അതിക്രമങ്ങൾ വർധിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടികൾ കർശനമാക്കാനുള്ള വയോജന കൗൺസിലിന്റെ ശുപാർശ.
വിദഗ്ധരുടെ അഭിപ്രായം തേടും സംസ്ഥാന വയോജന കൗണ്‍സിലിന്റെ ശുപാര്‍ശ വിശദമായി പരിശോധിക്കും. വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ഇത് അംഗീകരിക്കും.
( ആര്‍.ബിന്ദു സാമൂഹികനീതി വകുപ്പ് മന്ത്രി )

Representative Image. Photo Credit : AndreyPopov / iStockPhoto.com
Representative Image. Photo Credit : AndreyPopov / iStockPhoto.com

അവഗണന ഉണ്ടായാൽ എന്തു ചെയ്യണം?
വയോജന കൗൺസിലിന്റെ ശുപാർശ ഇങ്ങനെ:മുതിർന്ന പൗരൻമാരെ പീഡിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്താൽ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകാം. ഇത്തരം അപേക്ഷകൾ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനു കൈമാറണം. വിഷയത്തിൽ 21 ദിവസത്തിനകം സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് റിപ്പോർട്ട് നൽകണം. പരാതി ന്യായമെന്നു കണ്ടാൽ, ആരോപണ വിധേയർക്ക് ജില്ലാ മജിസ്‌ട്രേറ്റ് നോട്ടിസ് നൽകും. ഇത് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആരോപണ വിധേയർ(മക്കൾ/പിന്തുടർച്ചാവകാശികൾ) വീട്ടിൽ നിന്നു മാറിയില്ലെങ്കിൽ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കൽ നടപടിയിലേക്ക് കടക്കാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ ഹർജി നൽകാനും മുതിർന്ന പൗരൻമാർക്ക് അവകാശമുണ്ട്. ഇതിനായി ഹൈക്കോടതിയെ സമീപിക്കാം.
 

English Summary:

Senior Citizens' Battle Against Neglect: Examining Sweeping Changes to the Aged Care Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com