പുതിയ മറുക്, ചൊറിച്ചിലും വേദനയും; ലക്ഷണങ്ങൾ തള്ളിക്കളയരുത്, ചർമത്തിലെ അർബുദമാകാം

Mail This Article
ലോകത്ത് വളരെ സാധാരണമായ കാൻസറുകളിൽ ഒന്നാണ് സ്കിൻ കാൻസർ അഥവാ ചർമത്തിലെ അർബുദം. നേരത്തെ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്നതും വരാതെ തടയാവുന്നതുമാണ് ഇത്. രോഗനിർണയത്തിനും ചികിത്സയ്ക്കും രോഗലക്ഷണങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ചർമത്തിലെ അർബുദത്തിന്റെ ആറ് ലക്ഷണങ്ങളെ അറിയാം.
∙മറുകുകളുടെ വലുപ്പം, ആകൃതി, നിറം ഇവയിലെ വ്യത്യാസം
മറുകുകളുടെ നിറവും ആകൃതിയും വലുപ്പവും വ്യത്യാസപ്പെടുന്നത് സ്കിൻ കാൻസറുകളിലെ ഏറ്റവും മാരകമായ മെലനോമയുടെ ലക്ഷണമാകാം. മറുകുകളുടെ നിറം മാറുന്നുണ്ടോ എന്നും അവയുടെ ആകൃതിയും വലുപ്പവും വ്യത്യാസപ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.

∙ചർമത്തിലെ പുതിയ മറുകുകളുടെ വളർച്ചകളും
ചർമത്തിൽ, പ്രത്യേകിച്ച് മുപ്പതു വയസിനു ശേഷം പുതിയ മറുകുകളുടെ വളർച്ചകളും ഉണ്ടാകുന്നത് സ്കിൻ കാൻസറിന്റെ ലക്ഷണമാകാം. ചര്‍മത്തിൽ പുതിയ മറുകുകളും വളർച്ചകളും ഉണ്ടാകുന്നത് മെലനോമയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചർമത്തിൽ ഉണ്ടാകുന്ന ഏതു പുതിയ പാടുകളും ശ്രദ്ധിക്കണം.
∙മുറിവുകൾ ഉണങ്ങാൻ പ്രയാസം
ചർമത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങാതെ അവയിൽ നിന്ന് രക്തം വരുകയോ മുറിവുകൾ പൊട്ടിയൊലിക്കുകയോ ചെയ്യുന്നത് ബേസൽ സെൽ കാർസിനോമയുടേയോ സ്ക്വാമസ് സെൽ കാർസിനോമയുടെയോ ലക്ഷണമാവാം. ഈയിനം ചർമാർബുദം സാധാരണ തുറന്ന മുറിവുകളായി കാണപ്പെടും. ആഴ്ചകള്‍ കഴിഞ്ഞാലും മുറിവുകൾ ഉണങ്ങുകയില്ല.

∙ചൊറിച്ചിലും വേദനയും ഉള്ള ചർമത്തിലെ മുറിവുകൾ
ചർമാർബുദം ചിലപ്പോൾ ചർമത്തിലെ മുറിവുകൾക്ക് കാരണമാകാം. ഇവയ്ക്ക് ചൊറിച്ചിലും വേദനയും ഉണ്ടാകാം. തൊടുമ്പോൾ ചർമം മൃദുവായി തോന്നും. ജാമാ ഡെർമറ്റോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചൊറിച്ചിൽ എന്നത് മെലനോമയുടെ സാധാരണമായ ഒരു ലക്ഷണമാണ്, പ്രത്യേകിച്ചും ആദ്യ ഘട്ടങ്ങളിൽ. നിലവിലുളളതോ പുതിയതായി വന്നതോ ആയ മുറിവുകൾക്ക് വേദനയോ ചൊറിച്ചിലോ അത് ഇളതായോ (tender) അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ചർമരോഗവിദഗ്ധനെ കാണിക്കണം.
∙ചർമത്തിന്റെ ഘടനയിൽ വ്യത്യാസം
ചർമത്തിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ, അതായത് ചർമം പരുക്കനാവുക, മൊരിയോ ചർമത്തിൽ കുഴികളോ ഉണ്ടാവുക ഇതെല്ലാം സ്കിൻ കാൻസറിന്റെ ലക്ഷണമാവാം. സ്കിൻ കാൻസർ ഫൗണ്ടേഷൻ പറയുന്നത് ഈ മാറ്റങ്ങൾ രണ്ടിനം സ്കിൻ കാൻസറുകളായ ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ ഇവയുടെ ലക്ഷണമാവാം എന്നാണ്. നിങ്ങളുടെ ചർമത്തിന്റെ ഘടന (texture) യിൽ ഇത്തരത്തിൽ വ്യത്യാസങ്ങൾ എന്തെങ്കിലും കണ്ടാൽ ഒരു ചർമരോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

∙ചർമത്തിൽ വീക്കം
മറുകുകളുടെ അരികിലും ചർമത്തിലും ചുവപ്പു നിറമോ വീക്കമോ കാണുന്നത് ചർമാർബുദത്തിന്റെ, പ്രത്യേകിച്ച് മെലനോമയുടെ ലക്ഷണമാവാം. മെലനോമയാണെങ്കിൽ ചർമത്തിൽ നിന്ന് രക്തം വരുകയോ വേദനയും ചൊറിച്ചിലും ഉണ്ടാവുകയോ ചർമത്തിൽ ചുവപ്പും വീക്കവും ഉണ്ടാവുകയോ ചെയ്യും എന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി അഭിപ്രായപ്പെടുന്നു.
32–ാം വയസ്സിൽ കാൻസറിനെ തോൽപ്പിച്ച മാലാഖ: വിഡിയോ