രാത്രിയില്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വിശപ്പോ? കോര്‍ട്ടിസോള്‍ ആകാം കാരണം

Mail This Article
രാത്രിയില്‍ ജോലിയുടെ ആവശ്യത്തിനോ മറ്റോ ഒക്കെയായി ഉണര്‍ന്നിരിക്കേണ്ടി വരുന്നവര്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു കാര്യമുണ്ട്. അമിതമായ വിശപ്പ്. അത്താഴം നന്നായി കഴിച്ചിട്ടും ചിലര്‍ക്ക് രാവേറെ ചെല്ലുമ്പോള്‍ വിശക്കാന്‍ തുടങ്ങും. എന്നാല്‍ ഇതേ ആള്‍ കിടന്ന് ഉറങ്ങുകയാണെങ്കില്‍ ഒരിക്കലും വിശപ്പ് അവരെ പാതിരാത്രിയില്‍ ഉണര്‍ത്തുകയില്ല.
ഇവിടെ പലരും അഭിമുഖീകരിക്കുന്നത് ശരിക്കുമുള്ള വിശപ്പല്ല. മറിച്ച് ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ തോത് ഉയരുന്നതാണ് ഈ സമയം ഭക്ഷണത്തോടുള്ള ത്വര ഉണ്ടാക്കുന്നത്. രാത്രിയിലെ ഈ വിശപ്പ് കലോറി അധികമുള്ള സ്‌നാക്‌സുകളുടെയും അനാരോഗ്യകരമായ ഭക്ഷണത്തിന്റെയുമൊക്കെ തീറ്റയിലേക്കാണ് നയിക്കുക. ഇത് ഭാരവര്‍ദ്ധനയ്‌ക്കും കാരണമാകും.
ശരീരത്തെ ജാഗ്രതയോടെ വയ്‌ക്കാന്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണ്‍ മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ് പലരിലും വിശപ്പിന്റെ രൂപത്തില്‍ എത്തുന്നത്.

ഈ വിശപ്പിനെ അടക്കാന്‍ വലിച്ചുവാരി സ്‌നാക്‌സ് തിന്നുന്നതിന് പകരം ഒരു കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്ന് ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നു. ഒരു കപ്പ് കാപ്പിയില്‍ ഉള്ളതിന്റെ മൂന്നിലൊന്ന് കഫൈന്‍ മാത്രമേ ഗ്രീന്‍ ടീയില്‍ ഉണ്ടാകൂ. ഗ്രീ ടീ പതിയെ സമയമെടുത്ത് മൊത്തി മൊത്തി കുടിച്ചു കൊണ്ടിരിക്കുന്നത് കഫൈന്‍ പതിയെ പതിയെ ശരീരത്തിലെത്തിച്ച് വിശപ്പിനെ നിയന്ത്രിക്കും. ഇത് കലോറി അകത്താക്കാതെ തന്നെ ഉണര്‍ന്നിരുന്ന് ജോലി തീര്‍ക്കാന്‍ സഹായിക്കും.
എന്നാല്‍ ശരീരത്തില്‍ അയണിന്റെ തോത് കുറവുള്ളവര്‍ ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ അല്‍പമൊന്ന് സൂക്ഷിക്കണം. അയണിന്റെ തോത് വീണ്ടും കുറയ്‌ക്കാന്‍ ഗ്രീന്‍ ടീ കാരണമാകാം. ഇത്തരക്കാര്‍ ബിറ്റ് റൂട്ട്, മാതളനാരങ്ങ എന്നിവ നിത്യവും കഴിക്കേണ്ടതാണ്. ശുദ്ധമായ ഗ്രീന്‍ ടീ തന്നെ കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.