എച്ച്1എൻ1 പനി; ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകരുത്, ചികിത്സ ഉറപ്പാക്കണം
Mail This Article
എച്ച്1എൻ1 പനിയ്ക്ക് വൈറൽ പനിയുടെ സമാനമായ ലക്ഷണം ഉള്ളതിനാൽ ചികിത്സ തേടാതെ ഒടുവിൽ ഗുരുതരമാകുന്ന അവസ്ഥയാണ് പൊതുവേ കണ്ടുവരുന്നത്. പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗം പെട്ടെന്ന് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് ശ്വാസനാളിയില്‍ നിന്നു വരുന്ന സ്രവങ്ങളില്‍ കൂടിയാണ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോവും മൂക്കുചീറ്റുമ്പോഴും ധാരാളം വൈറസുകള്‍ ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്നു. പരിസരത്തുള്ളവർക്ക് ഈ വായു ശ്വസിക്കുമ്പോള്‍ തന്നെ രോഗത്തിന് തുടക്കവും കുറിക്കുന്നു. ശരീര സ്രവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താനാകൂ.
ഏറെ നേരം വൈറസിനു അന്തരീക്ഷത്തില്‍ തങ്ങി നിൽക്കാവുകയില്ലെങ്കിലും സ്രവങ്ങള്‍ ചുറ്റുമുള്ള പ്രതലങ്ങളില്‍ വീഴുമ്പോള്‍ ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് രോഗാണു ജീവിച്ചിരിക്കും. രോഗിയെ സ്പര്‍ശിച്ചശേഷം കൈകഴുകാതെ മുക്കിലോ വായിലോ കണ്ണിലോ തൊട്ടാല്‍ രോഗാണുബാധയുണ്ടാവാം. രോഗിയുടെ ഉമിനീരിലും ഉപയോഗിക്കുന്ന വസ്തുക്കളിലും രോഗാണുവിന്റെ സാന്നിധ്യമുണ്ടാകും. രോഗിയെ പരിചരിക്കുന്നവർ വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. രോഗിയെ വീട്ടിൽ സന്ദരിക്കുമ്പോഴും കൂടെ യാത്ര ചെയ്യുമ്പോഴും രോഗം പടരാൻ സാധ്യതയുണ്ടെന്നോർക്കുക. രോഗിയും രോഗിയെ പരിചരിക്കുന്നവരും വ്യക്തി ശുചിത്വം പാലിച്ചാൽ രോഗം പടരുന്നത് തടയാൻ സാധിക്കും.
ലക്ഷണങ്ങള്‍
∙പനി
മറ്റ് വൈറല്‍ പനികളെപ്പോലെ ഇതിന്‍റെയും പ്രാരംഭലക്ഷണം പനിയാണ്. ചിലരില്‍ പനി ശക്തമായിട്ടുണ്ടാവും.
∙തൊണ്ട വേദന
എച്ച്1എൻ1 പനിശ്വസനാളത്തേയും ശ്വാസകോശങ്ങളേയും ആണ് ബാധിക്കുക. മഴക്കാലത്ത് പനിയോടൊപ്പം തൊണ്ട വേദനയുണ്ടാവുന്നെങ്കില്‍ എച്ച്1എൻ1 പനി ആണോ എന്ന് ബലമായി സംശയിക്കണം.
∙ശരീരവേദന, തലവേദന
പനിയോടൊപ്പം തലവേദനയും ശരീരവേദനയും ഉണ്ടാവാം.
∙മൂക്കൊലിപ്പ്
ജലദോഷത്തിന്‍റെ സാധാരണലക്ഷണമാണ് മൂക്കില്‍ നിന്ന് സ്രവം വരുക.
∙ചുമ
ചുമ വളരെ പ്രധാനലക്ഷണമാണ് ശ്വാസകോശത്തിലുണ്ടാവുന്ന മറ്റ് അണുബാധകള്‍ കൊണ്ടും ചുമയുണ്ടാവാം.
∙ശ്വാസംമുട്ടല്‍
വിമ്മിഷ്ഠം, ശ്വാസംമുട്ടല്‍ (Whezing)ചിലരില്‍ ഉണ്ടാവാം.
∙ക്ഷീണം
പനിയോടൊപ്പം ക്ഷീണം നന്നായി തോന്നുന്നുവെങ്കില്‍ പനി എച്ച്1എൻ1 ആണോയെന്ന് സംശയിക്കണം.
∙ഛര്‍ദ്ദി
ചിലരില്‍ പനിയോടൊപ്പം ചര്‍ദ്ദി ഉണ്ടാവാം. മറ്റു ചിലരില്‍ ഒപ്പം വയറ്റിളക്കവും ഉണ്ടാവുന്നു.
ചിലരില്‍ പനിയുടെ സങ്കീര്‍ണതകള്‍ ഉണ്ടാവാം. കുട്ടികളിലും പ്രായം ചെന്നവരിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും അതിനുള്ള സാധ്യത കൂടുതലാണ്. ന്യൂമോണിയ, ഹൃദ്രോഗം, മയോകാര്‍ഡൈറ്റിസ് മസ്തിഷ്കരോഗങ്ങൾ എന്നിവയാണ് സാധാരണ സങ്കീര്‍ണതകള്‍. ഏതെന്ന് അനുസരിച്ച് അതിന്‍റെ ലക്ഷണങ്ങളും മാറിയിരിക്കും.
എച്ച്1എൻ1 രോഗനിര്‍ണയം എങ്ങനെ?
മറ്റ് വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് പനിക്കും ഉണ്ടാവുന്നത്. അതുകൊണ്ട് ഡോക്ടറുടെ സാധാരണ ശരീര പരിശോധനയില്‍ രോഗനിര്‍ണയം സാധ്യമല്ല. പക്ഷേ രോഗം ബലമായി സംശയിക്കേണ്ട രണ്ടു സന്ദര്‍ഭങ്ങളുണ്ട്.
∙ എച്ച്1എൻ1 പനി സ്ഥിരീകരിച്ച ഒരാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍
∙ എച്ച്1എൻ1 പനി ബാധിച്ചിരിക്കുന്ന പ്രദേശത്ത് അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയ ആളാണെങ്കില്‍