ADVERTISEMENT

നമ്മുടെ നാട്ടില്‍ ഗര്‍ഭധാരണവും വന്ധ്യതയുമായെല്ലാം ബന്ധപ്പെട്ട്‌ പല തെറ്റിദ്ധാരണകളുണ്ട്‌. ഇത്‌ അനാവശ്യമായ ഭയവും ഉത്‌കണ്‌ഠയും ദമ്പതികളില്‍ ഉണ്ടാക്കാന്‍ കാരണമാകും.
ഗര്‍ഭധാരണവും വന്ധ്യതയുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളെ തിരുത്തുകയാണ്‌ ന്യൂസ്‌ 18ന്‌ നല്‍കിയ അഭിമുഖത്തില്‍ ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഗൈനക്കോളജി ഡയറക്ടര്‍ ഡോ. ദീപിക അഗര്‍വാള്‍.

1. വന്ധ്യത എപ്പോഴും സ്‌ത്രീകളുടെ പ്രശ്‌നം മൂലമാണ്‌
ഇന്ത്യയില്‍ പ്രത്യേകിച്ച്‌ ഗ്രാമീണ മേഖലകളില്‍ നിലനില്‍ക്കുന്ന വലിയൊരു തെറ്റിദ്ധാരണയാണ്‌ ഇത്‌. ഇത്‌ മൂലം ഗര്‍ഭിണിയാകാത്തതിന്റെ പഴി എപ്പോഴും സ്‌ത്രീകളുടെ മേലാണ്‌ വരാറുള്ളത്‌. വന്ധ്യത സ്‌ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കാം എന്നതാണ്‌ സത്യം.

വന്ധ്യതയുടെ മൂന്നിലൊന്ന്‌ കാരണങ്ങള്‍ പുരുഷനുമായി ബന്ധപ്പെട്ടും മൂന്നിലൊന്ന്‌ കാരണങ്ങള്‍ സ്‌ത്രീയായി ബന്ധപ്പെട്ടും ശേഷിക്കുന്നത്‌ ഇരുവരുമായി ബന്ധപ്പെട്ടും അറിയാത്ത കാരണങ്ങളാലും വരാമെന്ന്‌ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ്‌ മെഡിസിന്‍ പറയുന്നു. ഹോര്‍മോണുകളിലെ അസന്തുലനം, കുറഞ്ഞ ബീജ എണ്ണം, ബീജത്തിന്റെ കുറഞ്ഞ ചലനക്ഷമത എന്നിവയെല്ലാം പുരുഷന്മാരിലെ വന്ധ്യതയ്‌ക്ക്‌ പിന്നിലെ കാരണങ്ങളാണ്‌.

Representative image. Photo Credit: PeopleImages.com - Yuri A/Shutterstock.com
Representative image. Photo Credit: PeopleImages.com - Yuri A/Shutterstock.com

2. പ്രായം പുരുഷന്മാരുടെ പ്രത്യുത്‌പാദനശേഷിയെ ബാധിക്കില്ല
വയസ്സാകുമ്പോള്‍ സ്‌ത്രീകളുടെ ഗര്‍ഭധാരണ സാധ്യത കുറയുമെന്നും പുരുഷന്മാര്‍ പക്ഷേ വാര്‍ദ്ധക്യത്തിലും പ്രത്യുത്‌പാദനക്ഷമതയോടെ ഇരിക്കുമെന്നുമൊരു തെറ്റിദ്ധാരണ പൊതുവേയുണ്ട്‌. പ്രായമാകും തോറും സ്‌ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെയും പ്രത്യുത്‌പാദനപരമായ ആരോഗ്യത്തില്‍ ഇടിവ്‌ സംഭവിക്കാം.

3. ജീവിതശൈലിയും പ്രത്യുത്‌പാദനശേഷിയുമായി ബന്ധമില്ല
പൊതുധാരണകള്‍ക്ക്‌ വിരുദ്ധമായി ജീവിതശൈലി പ്രത്യുത്‌പാദനക്ഷമതയില്‍ വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌. മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്‌മ, പുകവലി, അമിതമായ മദ്യപാനം എന്നിവയെല്ലാം വന്ധ്യതയിലേക്ക്‌ നയിക്കാം. ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടത്‌ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്‌പാദനക്ഷമത നിലനിര്‍ത്താന്‍ അത്യാവശ്യമാണ്‌.

4. വന്ധ്യത ചികിത്സകള്‍ വഴി ഗര്‍ഭധാരണം ഉറപ്പാക്കാം
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്‌ പല ദമ്പതികള്‍ക്കും കുഞ്ഞുങ്ങളുണ്ടാകാന്‍ സഹായിച്ചിട്ടുണ്ടെന്നത്‌ സത്യമാണ്‌. എന്നാല്‍ ഇത്‌ എപ്പോഴും 100 ശതമാനവും വിജയിക്കണമെന്ന്‌ നിര്‍ബന്ധമില്ല. ഐവിഎഫ്‌ വിജയനിരക്ക്‌ പ്രായത്തിനും മറ്റ്‌ പല ഘടകങ്ങള്‍ക്കും അനുസരിച്ച്‌ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കാം. ഐവിഎഫ്‌ ചികിത്സ പരാജയപ്പെടാനും സാധ്യതയുണ്ടെന്ന്‌ അറിഞ്ഞു കൊണ്ട്‌ യാഥാര്‍ത്ഥ്യ ബോധത്തോട്‌ വേണം ഇതിനെ സമീപിക്കാന്‍.

workout-pregnant-woman-antoniodiaz-Shutterstock
Representative image. Photo Credit:antoniodiaz/istockphoto.com

5. ഗര്‍ഭിണിയായി കഴിഞ്ഞാല്‍ പിന്നെ എല്ലാം എളുപ്പം
ഗര്‍ഭിണിയായി കിട്ടാനാണ്‌ പാട്‌. അത്‌ കഴിഞ്ഞാല്‍ എല്ലാം അങ്ങ്‌ നടക്കുമെന്നതും മിഥ്യാധാരണയാണ്‌. വലിയൊരു യാത്രയുടെ ആരംഭം മാത്രമാണ്‌ ഗര്‍ഭധാരണം. ഗര്‍ഭിണികള്‍ക്ക്‌ വരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ധം(പ്രീഎക്ലാംപ്‌സിയ), ഗര്‍ഭം അലസല്‍, ഗര്‍ഭകാലത്തിലെ പ്രമേഹം, മാസം തികയുന്നതിന്‌ മുന്‍പുള്ള പ്രസവം എന്നിങ്ങനെ പല സങ്കീര്‍ണ്ണതകളും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട്‌ നേരിടേണ്ടി വന്നേക്കാം. കൃത്യമായ ഇടവേളകളില്‍ ആശുപത്രിയിലെത്തി പരിശോധിച്ച്‌ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പ്‌ വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌.
 

English Summary:

Why Age Affects Fertility in Both Men and Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com