‘സ്മോൾ’ സുരക്ഷിതമാണെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടോ? ഇതു ശരിയാണോ?
Mail This Article
ചെറുതായി ഒരു പെഗ് അടിക്കുന്നതു നല്ലതാണെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടല്ലോ’– മിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നതിനെ കുറിച്ചു ചിലരെങ്കിലും ഇങ്ങനെ പറയുന്നതു കേട്ടിട്ടില്ലേ. ഇതു ശരിയാണോ? പൂർണമായും തെറ്റാണ്. ഓരോ തുള്ളി മദ്യവും ശരീരത്തിലെ പല അവയവങ്ങളെ നശിപ്പിക്കുന്നുണ്ട്. എന്നാൽ കോശങ്ങൾക്കു വീണ്ടും വളരാനുള്ള കഴിവുള്ളതിനാൽ ഇതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പെട്ടെന്നു തിരിച്ചറിയില്ല. സർവംസഹയായ കരളാണ് ഇങ്ങനെ പുനരുജ്ജീവനമുള്ള അവയവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ അതിനും പരിധിയുണ്ടെന്ന് ഓർക്കണം.
മസ്തിഷ്കം പോലെ ഇത്തരത്തിൽ പുനരുജ്ജീവനമില്ലാത്ത അവയവങ്ങളുമുണ്ട്. അമിത മദ്യപാനം മൂലം നിർജലീകരണം, പക്ഷാഘാതം, ഡിമൈലിനേഷൻ (ന്യൂറോ കോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തിനുണ്ടാകുന്ന കേടുപാട്) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ന്യൂറോ കോശങ്ങൾ നശിച്ചാൽ പുതിയവയുണ്ടാകില്ല. സ്ഥിരം രോഗിയാകും. മദ്യത്തോടൊപ്പം നമ്മൾ എപ്പോഴും കേൾക്കുന്ന പദമാണ് ‘കപ്പാസിറ്റി’. നല്ല കപ്പാസിറ്റിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതത്ര നല്ല കാര്യമല്ല. നിരന്തരം ഉപയോഗിക്കുമ്പോൾ മദ്യം കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങൾ കുറച്ചു കൂടി വേഗത്തിലാകും. അതായത് ലഹരി കിട്ടണമെങ്കിൽ കൂടുതൽ മദ്യം കുടിക്കേണ്ടി വരും.
നല്ല തണുപ്പുള്ളപ്പോൾ മദ്യപിച്ചാൽ ശരീരോഷ്മാവ് വർധിക്കുമെന്ന ധാരണയും തെറ്റാണ്. ത്വക്കിനടിയിലെ രക്തക്കുഴലുകൾ വികസിക്കുമ്പോൾ തണുപ്പു മാറിയതു പോലെ തോന്നുകയാണു ചെയ്യുന്നത്. ബോധം പോയാൽ പിന്നെ തണുപ്പെന്നല്ല, ഒന്നും അറിയില്ലല്ലോ. മദ്യം അനസ്തീസിയയ്ക്കു തുല്യമായ രീതിയിലാണ് പ്രവർത്തിക്കുക. മദ്യം കരളിനെ മാത്രം ബാധിക്കുന്നതാണ് എന്നതും തെറ്റായ ധാരണയാണ്. എല്ലാ അവയവങ്ങളെയും ബാധിക്കും. എല്ല്, പല്ല്, പേശി, തൊലി, മുടി എന്നിങ്ങനെ എല്ലാത്തിനെയും മദ്യം ബാധിക്കും. മദ്യപാനം മൂലമുള്ള ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ ഇനി പറയാം:
∙ കരൾ രോഗങ്ങൾ: ഫാറ്റി ലിവർ (കരൾവീക്കം), മദ്യപാനം കാരണമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരൾ അർബുദം.
∙ ഹൃദ്രോഗങ്ങൾ: ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പിലെ താളപ്പിഴകൾ, ഹൃദയപേശികളിലെ പ്രശ്നങ്ങൾ.
∙ അർബുദം: സ്തനങ്ങൾ, കരൾ, വായ, തൊണ്ട എന്നിവിടങ്ങളിൽ കാൻസറിനുള്ള സാധ്യത കൂടുന്നു.
∙ മാനസിക പ്രശ്നങ്ങൾ : വിഷാദം, ഉത്കണ്ഠ
∙ എല്ലിന്റെ കട്ടി കുറയാം, ജരാനരകൾ വേഗത്തിൽ ബാധിക്കാം.
കരളിന്റെ കാര്യത്തിൽ മദ്യം ഒരു നിശ്ശബ്ദ കൊലയാളിയാണ്. പത്തോ, ഇരുപതോ വർഷം രോഗിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ നിശ്ശബ്ദമായി കരളിനു ക്ഷതമേൽപ്പിച്ചുകൊണ്ടിരിക്കും. നീരുവയ്ക്കൽ, രക്തം ഛർദിക്കൽ, തലച്ചോറിനെ ബാധിക്കൽ എന്നിവ കരൾ രോഗത്തിന്റെ അന്ത്യ ഘട്ട ലക്ഷണങ്ങളാണ്. പിന്നീടു കരൾ മാറ്റിവയ്ക്കൽ മാത്രമാണു പോംവഴി. ഫൈബ്രോസ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളിലൂടെ സ്ഥായിയായ ക്ഷതമുണ്ടാകുന്നതിനു മുൻപു കരളിനെ പൂർവ സ്ഥിതിയിലേക്കു തിരികെയെത്തിക്കാനാകും.