സമ്മർദവും ഉറക്കമില്ലായ്മയും അകറ്റാൻ അക്യുപ്രഷറും അക്യുപങ്ചറും
Mail This Article
ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ചികിത്സാ രീതിയാണ് ൈചനീസ് പാരമ്പര്യവൈദ്യമായ അക്യുപ്രഷറും അക്യുപങ്ചറും. ശരീരത്തിന്റെ ഷി എന്നറിയപ്പെടുന്ന ഊർജപ്രവാഹത്തെ, ശരീരത്തിലെ ചില പ്രത്യേക ഇടങ്ങളിൽ, നിയന്ത്രിക്കുന്നതിലാണ് ഈ ചികിത്സാരീതി ശ്രദ്ധ കൊടുക്കുന്നത്.
ശരീരത്തിലെ പ്രത്യേക പോയിന്റുകളെ ലഭ്യമാക്കുന്ന ഈ ചികിത്സാരീതികൾ, രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതോടൊപ്പം, വിശ്രാന്തിയും ഏകുന്നു. ശരീരത്തിന്റെ ഊർജനില പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുന്നു. അക്യുപങ്ചർ ചെയ്യാൻ പ്രഫഷനൽ സഹായം ആവശ്യമാണ്. എന്നാൽ അക്യുപ്രഷർ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
ഉറക്കമില്ലായ്മ, സമ്മർദം, തലവേദന, ആർത്തവ വേദന, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ ചികിത്സാ രീതി എങ്ങനെ ഫലപ്രദമാകും എന്ന് നോക്കാം.
∙ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ മൂലം വിഷമിക്കുന്ന ധാരാളം ആളുകളുണ്ട്. നാഡീവ്യവസ്ഥയെ ശാന്തമാക്കി. വിശ്രാന്തിയേകാൻ അക്യുപ്രഷറും അക്യുപങ്ചറും സഹായിക്കും.
അക്യുപങ്ചർ, ഷെൻമെൻ (ഹാർട്ട് 7) തുടങ്ങിയ പോയിന്റുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ഉത്കണ്ഠ അകറ്റി മനസ്സിനെ ശാന്തമാക്കുന്നു. ഇതേ പോയിന്റുകളിൽ മൃദുവായ മര്‍ദം െചലുത്തി വീട്ടിൽ വച്ചു തന്നെ അക്യുപ്രഷർ ചെയ്യാവുന്നതാണ്.
∙സമ്മർദം നിയന്ത്രിക്കാം
ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. സമ്മർദം ടെൻഷൻ അകറ്റാനും ഊർജപ്രവാഹത്തിനും അക്യുപങ്ചറും അക്യുപ്രഷറും സഹായിക്കും.
അക്യുപങ്ചർ, എൻഡോർഫിൻ ഹോർമോണുകളുടെ പുറന്തള്ളലിന് സഹായിക്കും. എൻഡോർഫിൻ ശരീരത്തിന്റെ സ്വാഭാവിക വേദന സംഹാരിയാണ്. അക്യുപ്രഷർ, പുരികങ്ങൾക്കിടയ്ക്കുള്ള യിൻ ടാങ് എന്ന പോയിന്റിനെ ലക്ഷ്യമാക്കുന്നു. ഇത് സ്ട്രെസ്സ് അകറ്റി മനസ്സിനെ ശാന്തമാക്കുന്നു.
∙തലവേദന
ടെൻഷൻ, സമ്മർദം, മറ്റ് ആരോഗ്യാവസ്ഥകൾ ഇതെല്ലാം തലവേദനയ്ക്ക് കാരണമാകും. ടെൻഷൻ കുറയ്ക്കാനും ശിരസ്സിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാനും അക്യുപങ്ചറും അക്യുപ്രഷറും സഹായിക്കുന്നു.
അക്യുപങ്ചർ സൂചികൾ പ്രത്യേകസ്ഥലങ്ങളിൽ അതായത് L14 പോയിന്റിൽ (കയ്യിൽ) വയ്ക്കുക. ഇത് തലവേദനയ്ക്ക് ഫലപ്രദമാണ്. ഈ പോയിന്റിൽ അക്യുപ്രഷർ ചെയ്യുന്നതും വേദന അകറ്റും.
∙ആർത്തവ വേദന
ആർത്തവ സമയത്ത് ചെറിയ വേദന മുതൽ കടുത്ത വേദന വരെ വരാം. വേദന കുറയ്ക്കാനും അസ്വസ്ഥതകൾ അകറ്റാനും പേശികളെ റിലാക്സ് ചെയ്യിക്കാനും രക്തചംക്രമണം വർധിപ്പിക്കാനും അക്യുപ്രഷറും അക്യുപങ്ചറും ഫലപ്രദമാണ്.
സ്പ്ലീൻ 6 പോയിന്റിനെ ആണ് അക്യുപങ്ചർ ലക്ഷ്യം വയ്ക്കുന്നത്. ഇത് കണങ്കാലിനു മുകളിൽ ആണുള്ളത്. പ്രത്യുല്‍പാദന അവയവങ്ങളുമായി ഈ പോയിന്റ് ബന്ധപ്പെട്ടിരിക്കുന്നു. ഈ സ്ഥലത്ത് അക്യുപ്രഷര്‍ വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്നതാണ്. ഇത് ആർത്തവ വേദന അകറ്റും.
∙ഓക്കാനം
വിവിധ കാരണങ്ങളാൽ ഓക്കാനം ഉണ്ടാകാം. ഗർഭം, രോഗങ്ങൾ, മോഷൻ സിക്ക്നെസ് ഇവ ഓക്കാനത്തിനു കാരണമാകാം. അക്യുപ്രഷറും അക്യുപങ്ചറും ഓക്കാനും അകറ്റും.
കൈത്തണ്ടയിലുള്ള പി 6 പോയിന്റ് ആണ് ഓക്കാനത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അക്യുപങ്ചർ ഈ പോയിന്റിനെ ഉത്തേജിപ്പിക്കും. ദിവസം മുഴുവൻ ധരിക്കാവുന്ന അക്യുപ്രഷർ ബാൻഡുകളും ഫലപ്രദമാണ്.