ADVERTISEMENT

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ മകനു 38 വയസ്സുണ്ട്. അവനു സ്ഥിരമായി വായിൽ പുണ്ണുണ്ടാകുന്നു. പത്തു വർഷത്തിലധികമായി ഖത്തറിലാണ് ജോലി ചെയ്യുന്നത്. വൈറ്റമിൻ ഗുളികകളും ഇലക്കറികളും പപ്പായയുമൊക്കെ കഴിച്ചു നോക്കി. കുറച്ചു ദിവസം ആശ്വാസം കിട്ടും. പിന്നെയും ഇത് വരുന്നു. വായിൽ പല ഭാഗത്തായാണ് ഇതുണ്ടാകുന്നത്. ഒരു ഭാഗത്തു വരുമ്പോൾ മറ്റിടങ്ങളിലേതു മാറും. അത് കുറയുമ്പോൾ മുൻപുണ്ടായിരുന്നിടത്തുവരും. അത് തൊണ്ട വരെ ബാധിക്കുന്നുണ്ട്. പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതായും പറയുന്നു. നാട്ടിലെത്തുന്ന മകന് ഇത് സ്ഥിരമായി മാറിക്കിട്ടാൻ എന്തു ചികിത്സയാണു ചെയ്യേണ്ടത്?

ഉത്തരം : വായിൽ പുണ്ണുണ്ടാകുന്നത് അത്ര അസാധാരണമായ ഒന്നല്ല .സാധാരണ ഇത് വർഷത്തിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ വരാറില്ല. 10 mm ൽ താഴെ വ്യാസമുള്ളതും മുകൾഭാഗം ഒഴികെയുള്ള വായുടെ മറ്റ് ഭാഗങ്ങളിലാണ് കാണാറുള്ളത്. അതും ഓരോ പ്രാവശ്യവും വ്യത്യസ്ത ഭാഗങ്ങളിലാണ് ഉണ്ടാകാറുള്ളത് . 10 -14 ദിവസങ്ങൾക്കുള്ളിൽ പൂർണമായും മാറുകയും ചെയ്യും. അപൂർവമായി 10 mm അധികം വ്യാസമുള്ളതും വായുടെ മുകൾ ഭാഗത്തും കാണാറുണ്ട് . ഇത്തരത്തിലുള്ള പുണ്ണ് കൂടുതൽ വേദനയുള്ളതും പൂർണമായി മാറുന്നതിന് ഒരു മാസത്തോളം എടുക്കുകയും ചെയ്യും. വളരെ അപൂർവമായി ചെറിയ കൂട്ടങ്ങളായി ഉണ്ടാകാം. ഇതും കൂടുതൽ വേദനാജനകവും മാറുന്നതിനു മാസങ്ങളോളം താമസം ഉണ്ടാകുകയും ചെയ്യും. താങ്കളുടെ കത്തിൽ ഏതു തരത്തിലുള്ള വായ്പുണ്ണാണ് ഉണ്ടാകുന്നത് എന്നു വ്യക്തമല്ല. വായ്പുണ്ണിന്റെ കൃത്യമായ കാരണം എന്താണെന്നു പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമ്പത്തികമായി നല്ല നിലയിലുള്ളവരിലും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്നവരിലുമാണ് വായ്പുണ്ണ് കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. പല്ലുകൾ, ടൂത്ത് ബ്രഷ്തുടങ്ങിയവ മൂലമുണ്ടാകുന്ന മുറിവുകളാണ് തുടർച്ചയായി ഉണ്ടാകുന്ന പുണ്ണുകൾക്കുള്ള മറ്റൊരു പ്രധാന കാരണം. ചില തരം സൂക്ഷ്മ മൂലകങ്ങളുടെയും വൈറ്റമിനുകളുടെയും കുറവ്, ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞ അവസ്ഥ, പുകയിലയുടെ ഉപയോഗം ശീലമായിട്ടുള്ളവർ അത് നിർത്തുന്നതും വായ്പുണ്ണിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

പായ്ക്ക് ചെയ്തു വരുന്ന ആഹാരം, ഫാസ്റ്റ് ഫുഡ് കൂടുതലായി ഉപയോഗം, കൂടുതൽ മസാല ചേർത്ത ഭക്ഷണം, അമിത ചൂടോടു കൂടി ഭക്ഷണം കഴിക്കുന്നത്, അമ്ലാംശം കൂടിയ ഭക്ഷണം, കർബൊണേറ്റഡ് ആയിട്ടുള്ള (സോഡാ, കോള) പാനീയങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരിലും പുണ്ണ് ഉണ്ടാകുന്നതിന്റെ തോത് കൂടുതലാണ്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇത് ഏതെങ്കിലും ഗുരുതരമായ രോഗത്തിന്റെ ഭാഗമാകുന്നതിനുള്ള സാധ്യത കുറവാണ് (ശരീരഭാരം കുറയുക, ക്ഷീണം, വിശപ്പു കുറവ്, വിട്ടുമാറാത്ത പനി, സന്ധി വേദന, വിട്ടുവിട്ടുണ്ടാകുന്ന വയറിളക്കവും മലത്തിൽ രക്തത്തിന്റെ അംശം കാണുന്നത്, ജനനേന്ദ്രിയത്തിലെ പുണ്ണ് തുടങ്ങിയവ). ഒരു ഡെന്റൽ ഡോക്ടറെ കണ്ട് മുറിവുണ്ടാക്കുന്ന തരത്തിലുള്ള പല്ലുകൾ ഇല്ല എന്ന് ഉറപ്പു വരുത്തണം. സോഫ്റ്റ്‌ടൂത്ത് ബ്രഷ് ഉപയോഗിച്ച് ധൃതി ഇല്ലാതെ പല്ലു തേക്കുക. മേൽ വിവരിച്ച ഭക്ഷണരീതികൾ ഏതെങ്കിലും ഉണ്ടെങ്കിൽ അതിൽ മാറ്റം വരുത്തണം. നിത്യജീവിതത്തിലെ ടെൻഷൻ കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. വേദനയ്ക്കും രക്താതിമർദത്തിനും ഉപയോഗിക്കുന്ന ചിലതരം മരുന്നുകളും വായ്പുണ്ണിനിടയാക്കാം. നിത്യ ജീവിതരീതിയിലെ ഇത്തരം മാറ്റങ്ങൾ കൊണ്ടൊന്നും പ്രശ്നം മാറിക്കിട്ടുന്നില്ലെങ്കിൽ ഒരു ഡോക്ടറെ നേരിൽ കണ്ട് വിശദ പരിശോധന നടത്തണം.

English Summary:

Recurring Mouth Ulcers: Causes, Treatments, and When to See a Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com