ADVERTISEMENT

ഒരു ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് എന്ന നിലയിൽ ഞാൻ കണ്ട നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള പ്രശ്നം ഗ്യാസാണ്. വാതകം മൂലം ഉണ്ടായിവരുന്നതാണ് ഈ പ്രശ്നം. എന്നാൽ ഈ ഗ്യാസ് എവിടെ നിന്നു വരുന്നെന്ന് അറിയാമോ? നല്ലൊരു പങ്കും നമ്മൾ വിഴുങ്ങുന്ന വാതകം തന്നെയാണ്. അന്തരീക്ഷവായു നമ്മൾ വിഴുങ്ങുന്നതു തന്നെയാണ് നമ്മുടെ ആമാശയത്തിൽ കെട്ടിക്കിടക്കുകയും ഉള്ളിലേക്കു വലിച്ചെടുക്കുകയോ പുറന്തള്ളുകയോ ചെയ്യുന്നതും. അതു നമുക്ക് നിയന്ത്രിക്കാൻ കഴിയണമെന്നില്ല.

പലരും പല രീതിയിലായിരിക്കുമല്ലോ വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ചിലപ്പോൾ കൂടുതൽ വായു ഉള്ളിലേക്ക് എടുത്തെന്നിരിക്കും. ഇതല്ലാതെ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം. അതിലെ കാർബൺഡയോക്സൈഡ് വാതകമായി വന്ന് വയറിനകത്ത് തങ്ങി നിൽക്കുകയാണ് ചെയ്യുക.

Representative image. Photo Credit: Dragana Gordic/Shutterstock.com
Representative image. Photo Credit: Dragana Gordic/Shutterstock.com

രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ മറ്റൊരു കാരണമാണ് ധൃതിയിൽ ഭക്ഷണം കഴിക്കുന്ന ശീലമാണ്. ഒരു ദിവസം 1440 മിനിറ്റാണ് നമുക്കെല്ലാവർക്കും കിട്ടുന്നത്. ഈ മിനിറ്റിൽ ഒരു പതിനഞ്ച് മിനിറ്റ് ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാറ്റിവയ്ക്കുന്നതു കൊണ്ട് ഒരു നഷ്ടവും ഇല്ല. അതെത്ര തിരക്കുള്ള വ്യക്തിയാണെങ്കിലും ഭക്ഷണം സാവകാശം ചവച്ചരച്ച് രുചിയും മണവും അതിന്റെ നന്മയും ആസ്വദിച്ചു വേണം കഴിക്കാൻ. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുമ്പോൾ രണ്ടു കാര്യങ്ങൾ നടക്കുന്നുണ്ട്. ഒന്ന് നമ്മുടെ ഉമിനീരിനകത്ത് ഡൈജസ്റ്റീവ് എൻസൈമുകളുണ്ട്. കാർബോഹൈഡ്രേറ്റിനെയും പ്രോട്ടീനെയും ദഹിപ്പിക്കുന്ന പല എൻസൈമുകളും നമ്മുടെ ഉമിനീരിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണം ചവച്ചരയ്ക്കുമ്പോള്‍ അത് ചെറിയ കണങ്ങളായി മാറുകയും അതിന് പ്രവർത്തിക്കാനുള്ള സ്ഥലം കൂടുകയും ചെയ്യുന്നു. നല്ലതു പോലെ ചവച്ചരച്ചു കഴിച്ചാൽ ഗ്യാസ് വരാനുള്ള സാധ്യത കുറയുന്നു. അതുകൊണ്ട് ധൃതിയിൽ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക.

വായുസംബന്ധ അസുഖങ്ങൾ ഒഴിവാക്കാൻ എന്തു ചെയ്യണം?
∙ഭക്ഷണം സാവധാനം കഴിക്കുക. 
∙കാർബണേറ്റഡ് ആയിട്ടുള്ളതും സോഡ പോലുള്ളതുമായ പാനീയങ്ങൾ ഒഴിവാക്കുക. 
∙ഭക്ഷണം കഴിച്ചാൽ ഉടനെ ഇരിക്കരുത്. കുറച്ചു നേരം നടക്കുക. നടക്കുമ്പോൾ നമ്മുടെ ആമാശയത്തിലെ വായു ഒരു ഏമ്പക്കത്തിലൂടെ പുറത്തു പോവുകയും ആശ്വാസം തരികയും ചെയ്യുന്നു. നേരെ മറിച്ച് ഭക്ഷണം കഴിച്ച ഉടൻ വിശ്രമിക്കുകയാണെങ്കിൽ വിഴുങ്ങിയതും പിന്നീട് ഉണ്ടായി വരുന്ന വാതകവുമെല്ലാം അകത്ത് കെട്ടിക്കിടക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
∙ചിലർക്ക് പാൽ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുമ്പോൾ അവരുടെ ആമാശയത്തിലും കുടലിലും ഉള്ള ബാക്ടീരിയകൾ ,പ്രധാനമായും ചെറുകുടലിലാണ് ഈ ബാക്ടീരിയകള്‍ ഉള്ളത്. അവ ഇതിനെ വിഘടിപ്പിക്കുന്നത് ചില വാതകങ്ങൾ ഉൽപാദിപ്പിക്കാനാണ്. അത് ഓരോരുത്തർക്കും ഓരോ രീതിയിലാണ്. അതുകൊണ്ടാണ് ചിലർക്ക് പാൽ കുടിച്ചു കഴിഞ്ഞാൽ വയർ വല്ലാതെ വീർത്തിരിക്കാൻ കാരണം. 

Representative image. Photo Credit:AsiaVision/istockphoto.com
Representative image. Photo Credit:AsiaVision/istockphoto.com

ആന്റിബയോട്ടിക്കിന്റെ അമിതോപയോഗം മൂലം നമ്മുടെ ആമാശയത്തിലെ ഹെൽത്തി ആയിട്ടുള്ള ബാക്ടീരിയകളെ ഇത് നശിപ്പിക്കുന്നു. ഇത് നമ്മൾ ജനിച്ച് അടുത്ത ദിവസം മുതൽ നമ്മൾ സമ്പാദിച്ചു വച്ചിരിക്കുന്ന സമ്പാദ്യമാണ് ഈ ആന്റിബയോട്ടിക്സ് നശിപ്പിക്കുക എന്ന് ചിന്തിക്കുക. കാരണം ജനനത്തിനു ശേഷം ഒരു വയസ്സിനുള്ളിൽ ഉണ്ടാകുന്ന ബാക്ടീരിയകളാണ് ഇപ്പോഴും നമ്മുടെ ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നത്. ഇതിനെയെല്ലാം നശിപ്പിച്ചു കളഞ്ഞാൽ പിൽക്കാലത്ത് ഉണ്ടായി വരുന്ന ബാക്ടീരിയകൾ ഒരുപക്ഷേ നമുക്ക് അനുകൂലമാകണമെന്നില്ല. അതുകൊണ്ട് കഴിവതും ഈ ബാക്ടീരിയകളെ നശിപ്പിക്കാതിരിക്കുക. അവയ്ക്ക് പോഷകം കൊടുക്കുന്ന നാരുകളടങ്ങിയതും മോര്, തൈര് എന്നിവ കഴിക്കുന്നതും പൊതുവെ ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.

English Summary:

Doctor's Orders: How 15 Minutes Can Stop Gas & Improve Your Digestion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com