ചൊറിയുമ്പോൾ ത്വക്കിൽ വെളുത്ത നിറത്തിലുള്ള പൊടി; സോറിയായിസ് വൾഗാരിസിനു ചികിൽസയുണ്ടോ?

Mail This Article
ചോദ്യം : എന്റെ ശരീരത്തിൽ പല ഭാഗത്തും വട്ടത്തിൽ ചുവപ്പുനിറവും ചൊറിച്ചിലുമുണ്ടാകുന്നു. ഏതാണ്ട് രണ്ടു കൊല്ലമായി അസുഖം തുടങ്ങിയിട്ട്. ചൊറിയുമ്പോൾ വെളുത്ത നിറത്തിലുള്ള ഒരു പൊടി കാണാറുണ്ട്. ഒരു ത്വക്‌രോഗവിദഗ്ധനെ കാണിച്ചു. സോറിയായിസ് വൾഗാരിസ് (psoriasis vulgaris) എന്നാണ് രോഗനിർണയം നടത്തിയത്. പുകവലിക്കുന്ന ശീലമുണ്ട്. വല്ലപ്പോഴും മദ്യപിക്കാറുണ്ട്. ഇൗ രോഗത്തിനു ആയുർവേദ ചികിത്സ ലഭ്യമാണോ?
ഉത്തരം : സിധ്മം എന്ന പേരിൽ ആയുർവേദത്തിൽ വിവരിക്കുന്ന ഒരു ത്വഗ്രോഗമാണിത്. വിരുദ്ധാഹാരങ്ങളുടെ തുടർച്ചയായ ഉപയോഗവും രക്തദുഷ്ടിയെ ഉണ്ടാക്കുന്ന തരത്തിലുള്ള ആഹാരശീലങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. മീൻ, തൈര്, അധികം പുളിയും ഉപ്പു രസവുമുള്ള ആഹാരസാധനങ്ങൾ എന്നിവയുടെ അമിതമായ ഉപയോഗം, ദിവസേനയുള്ള പുകവലി, മദ്യപാനം, അധികമായ മാനസിക സമ്മർദം എന്നിവ രക്തദുഷ്ടിക്ക് കാരണമാകും. ദീർഘനാളത്തെ ചിട്ടയായ ചികിത്സ ആവശ്യമായ ഒരു ത്വഗ്രോഗമാണിത്. എന്നാൽ, തുടക്കത്തിൽത്തന്നെ രോഗകാരണങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള കൃത്യമായ ചികിത്സ ചെയ്താൽ ഫലം ലഭിക്കുമെന്നാണനുഭവം. പുറമേ പുരട്ടുന്ന ഒൗഷധങ്ങൾ മൂലം താൽക്കാലിക ഫലമേ ലഭിക്കൂ. സ്നേഹപാനം, ഛർദിപ്പിക്കൽ, വയറിളക്കൽ തുടങ്ങിയ ശോധനചികിത്സകൾ ഇൗ രോഗത്തിൽ ഫലപ്രദമാണ്. ഇൗ രോഗത്തിനു പ്രത്യേകമായി രൂപകൽപന ചെയ്തിട്ടുള്ള കഷായങ്ങളും വിരേചനൗഷധങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. ആരഗ്വധാദികഷായം കൊണ്ടുള്ള സർവാംഗധാര, ത്വക്കിനു യോജിച്ചതായ തൈലം പുറമേ പുരട്ടുക എന്നിവയും ഗുണകരമാണ്.
പുറമേ തേക്കാൻ സോപ്പിനു പകരമായി നിംബാദിചൂർണം, ഏലാദിചൂർണം എന്നിവ ഉപയോഗപ്പെടുത്താറുണ്ട്. വളരെ വർധിച്ച, പഴക്കമുള്ള രോഗാവസ്ഥയിൽ ശോധന ചികിത്സയ്ക്കു ശേഷം ത്വക്കിനു യോജിച്ച രസായന ചികിത്സയും ചെയ്യാവുന്നതാണ്. പുകവലിയും മദ്യപാനവും തികച്ചും ഒഴിവാക്കണം. രോഗികളെ മാനസികമായി തളർത്തുന്ന ഒരു രോഗമാണിത്. ഇതു പകരുന്ന ഒരു രോഗമല്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ചിട്ടയായ വ്യായാമം മാനസികമായ സമ്മർദത്തെകുറയ്ക്കുന്നതാണ്. രോഗാവസ്ഥയ്ക്കു യോജിച്ച ദീർഘനാളത്തെ ചികിത്സ, ആഹാരകാര്യത്തിലുള്ള അതീവശ്രദ്ധ, രോഗം മാറുമെന്നുള്ള ശുഭാപ്തി വിശ്വാസം എന്നിവ ഇൗ രോഗചികിത്സയിൽ അനിവാര്യമാണ്.