ഓര്‍ഡിനന്‍സിന് മന്ത്രിസഭാ തീരുമാനം; വയോജന കമ്മിഷന്‍ യാഥാര്‍ഥ്യത്തിലേക്ക്

Mail This Article
സംസ്ഥാന വയോജന കമ്മിഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ തുടര്‍നടപടികള്‍ ആരംഭിച്ച് നിയമവകുപ്പ്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. മുഖ്യമന്ത്രി ഇതു പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ക്കു കൈമാറുക. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ അന്നേ ദിവസം മുതല്‍ വയോജന കമ്മിഷന്‍ പ്രാബല്യത്തിലാകും.
തുടര്‍ന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയ ശേഷം ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ണമാകും. അടുത്ത വര്‍ഷം വയോജന കമ്മിഷന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ആദ്യമായാണ് വയോജന ക്ഷേമം ലക്ഷ്യമിട്ട് കമ്മിഷന്‍ രൂപീകരിക്കുന്നത്. കമ്മിഷന്‍ സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഇക്കഴിഞ്ഞ 27ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും ഓര്‍ഡിനന്‍സ് അവതരിപ്പിക്കുക.
കമ്മിഷന്റെ ലക്ഷ്യങ്ങള്‍
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുക, അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക, അവകാശ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വയോജന കമ്മിഷന്‍ രൂപീകരിക്കുന്നത്. നിര്‍ദിഷ്ട ഓര്‍ഡിനന്‍സിനു കീഴില്‍ നടത്തിയ ഏതൊരു അന്വേഷണത്തിലും കമ്മിഷന്റെ തീരുമാനങ്ങള്‍ അതിന്റെ ശുപാര്‍ശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തര്‍ക്കത്തിലേര്‍പ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയയ്ക്കാം.

അംഗങ്ങള്‍ വയോജനങ്ങള്‍
വയോജന കമ്മിഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പഴ്സനും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. ചെയര്‍പഴ്സന്‍ ഉള്‍പ്പെടെ കമ്മിഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതിയിലോ പട്ടികഗോത്ര വര്‍ഗത്തിലോ ഉള്‍പ്പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നാണ് വ്യവസ്ഥ.

ചെയര്‍പഴ്സന്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂര്‍ണസമയ ഉദ്യോഗസ്ഥനായിരിക്കും. കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. ചെയര്‍പഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി മൂന്നു വര്‍ഷം ആയിരിക്കും.