താരൻ, ഇയർഫോൺ ഉപയോഗം, ബഡ്സ്; ചെവിയിലെ അണുബാധയുടെ കാരണവും ലക്ഷണവും അറിയാം
Mail This Article
മഴക്കാലത്ത് രോഗം പല രീതിയിൽ വരാം. ചെവിയും മൂക്കും തൊണ്ടയും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെവിയിലെ അണുബാധയ്ക്കെതിരെ എന്തൊക്കെ കരുതൽ ആവശ്യമുണ്ട്? വായിക്കാം.
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവു കൂടും. ബാക്ടീരിയയും ഫംഗസും വളരാൻ പറ്റിയ അവസ്ഥയാണിത്. അണുബാധകൾ ചെവിയുടെ ഏതു ഭാഗത്തെയും ബാധിക്കാം. സാധാരണമായി ബാഹ്യകർണത്തിലും ചെവിയുടെ പാടയ്ക്കു പിന്നിലെ മധ്യകർണത്തിലും അപൂർവമായി അതിനു പിന്നിലെ ഉൾച്ചെവിയിലും അണുബാധ കാണാറുണ്ട്.
ഉറച്ച ചെവിക്കായം, ചെവി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബഡ്സും ചെവിത്തോണ്ടിയും മൂലം സംഭവിക്കുന്ന മുറിവുകൾ, അമിതമായ ഇയർ ഫോൺ ഉപയോഗം, ചെവിയിലെ എണ്ണ പ്രയോഗം, താരൻ, അലർജി എന്നിവയാണു ബാഹ്യകർണത്തിൽ അണുബാധയ്ക്കു കാരണമാവുന്നത്.
മധ്യകർണത്തിൽ നിന്നു തൊണ്ടയുടെ പിൻഭാഗത്തേക്കു പോകുന്ന യൂസ്റ്റാച്ചിയൻ ട്യൂബ്, നാസികാദ്വാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തൊണ്ടയെയോ മൂക്കിനെയോ ബാധിക്കുന്ന ഏതെങ്കിലും അണുബാധ ഈ ട്യൂബിലൂടെ മധ്യകർണത്തിലേക്കു ബാധിച്ചേക്കാം. മധ്യകർണത്തിലെ അണുബാധകൾ കൂടുതലായി പിടിപെടുന്നതു കൊച്ചുകുട്ടികൾക്കാണ്. കാരണം അവരുടെ യൂസ്റ്റാച്ചിയൻ ട്യൂബുകൾ ചെറുതും ഇടുങ്ങിയതുമാണ്. മൂക്കിലോ തൊണ്ടയിലോ ഉള്ള അണുബാധകൾ വളരെ വേഗത്തിൽ ചെവിയിലേക്കു പടരാം. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്കു ചെവിയിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ലക്ഷണങ്ങൾ
ചെവിക്കുള്ളിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത, കേൾവിക്കുറവും തലകറക്കവും, ചെവിക്കുള്ളിൽ ദീർഘനേരം മർദം അനുഭവപ്പെടുക, പഴുപ്പ് അഥവാ നീരൊലിപ്പ്, പനിയും കടുത്ത തലവേദനയും.
ഇവ ശ്രദ്ധിക്കാം
∙ ചെവി വൃത്തിയായി സൂക്ഷിക്കുക
∙ ചെളി നിറഞ്ഞ വെള്ളത്തിൽ നീന്തുന്നത് ചെവിയിലെ അണുബാധയ്ക്കു കാരണമാകും
∙ കുളി കഴിഞ്ഞ് ചെവിയുടെ പുറംഭാഗം വൃത്തിയുള്ള തുണി ഉപയോഗിച്ച് വൃത്തിയാക്കുക
∙ ഇയർഫോണുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ഇത് അണുബാധ തടയും.
∙ അമിതമായ ചെവിക്കായം (വാക്സ്) നീക്കംചെയ്യാൻ ഡോക്ടറെ സമീപിക്കാം.
∙ ഇയർ ബഡ് പോലുള്ള വസ്തുക്കൾ ചെവിയിലിടരുത്. സേഫ്റ്റി പിൻ, ക്ലിപ്, താക്കോൽ തുടങ്ങിയ ഒട്ടും അരുത്.
∙ ചെവി വേദന, അസ്വസ്ഥത, കേൾവിക്കുറവ് എന്നിവയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ അരുത്.
∙ തൊണ്ടയിലെ അണുബാധ തടയാൻ, തൊണ്ടയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന ശീതളപാനീയങ്ങളും തണുത്ത ഭക്ഷണവും ഉപയോഗിക്കുന്നത് നിയന്ത്രിക്കാം.
സൈനസൈറ്റിസ്, അലർജി, പനി എന്നിവയ്ക്കും അഡിനോയ്ഡ്, ടോൺസിൽ എന്നിവയിലെ അണുബാധയ്ക്കും ഡോക്ടറെ സമീപിച്ചു പരിഹാരം കാണുക.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. പ്രശാന്ത് പരമേശ്വരൻ ഇഎൻടി സർജൻ, പാലക്കാട്)