കക്ഷത്തിലെ ചൊറിച്ചിലിന്റെ കാരണം വിയർപ്പും അണുബാധയും മാത്രമല്ല; കാൻസർ സാധ്യത?
Mail This Article
മിക്കവർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിൽ വരാം. വിയർപ്പു മൂലമോ ചർമത്തിലെ അണുബാധ മൂലമോ ആകാം ഈ ചൊറിച്ചിൽ. എന്നാൽ വിദഗ്ധർ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചിൽ ലിംഫോമ, ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ ലക്ഷണമാവാം എന്നാണ്.
ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസർ ആണ് ലിംഫോമ. ലിംഫ് നോഡുകളിൽ ഇതു മൂലം വീക്കം ഉണ്ടാവാം. കക്ഷം, അരക്കെട്ട്, കഴുത്തിന്റെ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത് ഉണ്ടാകുന്നത്. എഴുപതിലധികം ലിംഫോമ ഉണ്ട്. ഇവയെ പ്രധാനമായും ഹോഡ്കിൻസ് ലിംഫോമ, നോൺ ഹോഡ്കിൻസ് ലിംഫോമ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
ലിംഫ്നോഡുകളിൽ വീക്കം, പനി, തണുപ്പ്, രാത്രിയിൽ അമിതമായി വിയർക്കുക, അകാരണമായി ശരീരഭാരം കുറയുക, ഉന്മേഷമില്ലായ്മ എന്നിവയാണ് ലിംഫോമയുടെ ലക്ഷണങ്ങൾ.
ചൊറിച്ചിൽ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉള്ള അപൂർവമായ ഒരിനം സ്തനാർബുദമാണ് ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസർ. സ്തനങ്ങൾ മൃദുവാകുക, വീക്കം, ചുവപ്പ് നിറം, ചൊറിച്ചിൽ ഇവയാണ് ലക്ഷണങ്ങൾ.
ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസറിന് മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്.
∙ചർമത്തിന്റെ ഘടനയിൽ മാറ്റം വരാം. സ്തനങ്ങളുടെ ചർമത്തിന് കട്ടി കൂടി ഓറഞ്ചിന്റെ തൊലിയുടെ ഘടന കാണപ്പെടാം.
∙സ്തനം വീങ്ങിയിട്ട് ഒരു സ്തനം മറ്റേ സ്തനത്തിനേക്കാൾ വലുതായി തോന്നാം.
∙ഒരു സ്തനത്തെക്കാൾ കട്ടിയും ചൂടും മറ്റേ സ്തനത്തിന് അനുഭവപ്പെടാം.
∙ഒരു സ്തനത്തിന് ചുവപ്പും നിറം മാറ്റവും വരാം. സ്തനത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിലധികം ഈ നിറം മാറ്റം വരാം.
∙മുലക്കണ്ണ് ഉള്ളിലേക്കാവുക.
2022 ൽ മൂന്നു ലക്ഷത്തിലധികം പേരിൽ നടത്തിയ ഒരു പഠനത്തിലാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കക്ഷത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ലിംഫോമ പോലുള്ള രക്താർബുദത്തിലെ ലക്ഷണമാണ് എന്ന് കണ്ടെത്തിയത്. പഠനത്തിൽ പങ്കെടുത്തവരിൽ 0.4 ശതമാനം പേർക്ക് മാത്രമാണ് രക്താർബുദം നിർണയിക്കപ്പെട്ടത്.
കാൻസറിന്റെ പ്രാരംഭലക്ഷണങ്ങളോടൊപ്പം കക്ഷത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടണം.
ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാവുകയും ഇത് രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുകയും ചെയ്താൽ വൈദ്യസഹായം തേടണമെന്ന് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിക്കുന്നു. കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചിൽ അണുബാധയോ ചർമരോഗങ്ങളോ മൂലമാണെന്ന് സംശയം തോന്നിയാലും വൈദ്യനിര്‍ദേശം തേടണം.
കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എങ്ങനെ തടയാം?
∙ചർമത്തിലുണ്ടാകുന്ന ബാക്ടീരിയകൾ ഫംഗൽ അണുബാധകൾ തടയാൻ നിരവധി മാർഗങ്ങളുണ്ട്.
∙ചർമം ജലാംശമില്ലാതെ വരണ്ടതാക്കി വയ്ക്കുക.
∙വ്യയാമം ചെയ്തശേഷം കുളിക്കുക.
∙കുളി കഴിഞ്ഞശേഷം കക്ഷം നന്നായി തുവർത്തുക.
∙സ്ളീവ്‌ലെസ് ആയ അടിവസ്ത്രങ്ങളും അയഞ്ഞ ടീഷർട്ടും ധരിക്കുക.
∙അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.