പുകവലി മൂലം പല്ലില്‍ ഉണ്ടാകുന്ന കറ മായില്ലേ? പല്ല് പൊടിയുന്നതും വായ്നാറ്റവും പ്രശ്നമാണ്!

Mail This Article
പുകവലിയുടെ പ്രകടമായ ശേഷിപ്പുകളില്‍ ഒന്നാണ് അത് പല്ലില്‍ ഉണ്ടാക്കുന്ന കറ. മഞ്ഞയും തവിട്ടും നിറത്തില്‍ പല്ലിലുണ്ടാകുന്ന ഈ കറ അത്രയെളുപ്പം മായ്‌ച്ചു കളയാനാകില്ല. പുകയിലയിലെ നിക്കോട്ടീന്‍ നിറമില്ലാത്ത വസ്‌തുവാണെങ്കിലും അവ ഓക്‌സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യും. ഇതിനൊപ്പം സിഗരറ്റിലെ ടാര്‍ എന്ന വസ്‌തു കൂടി ചേരുമ്പോള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പല്ലിലെ ഇനാമലിന് ഉണ്ടാക്കാന്‍ ഇവയ്‌ക്കാകും.
ഈ നിറമുള്ള വസ്‌തുക്കളെ ഇനാമല്‍ വലിച്ചെടുക്കുമെന്നതിനാല്‍ ദീര്‍ഘകാലം പുകവലിക്കുന്നവരില്‍ രൂപപ്പെടുന്ന പല്ലിലെ കറ ആഴത്തില്‍ പതിയും. താരതമ്യേന ഹാനി കുറഞ്ഞ വേപ്പിങ് പോലും പല്ലില്‍ കറകള്‍ ഉണ്ടാക്കാമെന്ന് ദന്തഡോക്ടര്‍മാര്‍ പറഞ്ഞു.

കറയില്‍ മാത്രം ഒതുങ്ങുന്നതല്ല പുകവലിയും പുകയിലയും ദന്താരോഗ്യത്തിന് ഉണ്ടാക്കുന്ന ആഘാതം. പുകയിലയിലെ നിക്കോട്ടീന്‍ ഉമിനീരിന്റെ ഉത്‌പാദനം കുറയ്‌ക്കും. വായിലെ ആസിഡുകള്‍ നിര്‍വീര്യമാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമൊക്കെ ഉമിനീര്‍ അത്യാവശ്യമാണ്. ഇതിന്റെ അഭാവം വായില്‍ പോടുകളും ദന്തക്ഷയവും ഉണ്ടാക്കും. മോണകളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കുന്നത് വഴി മോണകളില്‍ അണുബാധയും അസുഖങ്ങളും ഉണ്ടാക്കാനും പുകവലി കാരണമാകും. ഇനാമലിനെ ഇത് ദുര്‍ബലമാക്കുന്നത് പല്ലുകള്‍ വേഗം പൊടിയാനും അമിത സംവേദനത്വം ഉണ്ടാകാനും ഇടയാക്കും. വായ് നാറ്റം, വായിലെ അര്‍ബുദം എന്നിവയ്‌ക്കു പിന്നിലും പുകവലി മുഖ്യ കാരണമാണ്.
മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന വൈറ്റ്‌നിങ് ഉത്‌പന്നങ്ങള്‍ കൊണ്ട് മാത്രം ഈ കറകള്‍ നീക്കം ചെയ്യാനായെന്ന് വരില്ല. ആഴത്തിലുള്ള കറകളാണെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം ഉത്‌പന്നങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നത് ഇനാമല്‍ നാശത്തിലേക്കും നയിക്കാം. ഇതിനാല്‍ ദന്താരോഗ്യ വിദഗ്‌ധനെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം ചികിത്സകളും പല്ലിന് അമിത സംവേദനത്വം ഉണ്ടാക്കാമെന്നതിനാല്‍ പുകവലി ആരംഭിക്കാതിരിക്കുന്നതാണ് നാം പല്ലിനോട് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം.
ഇനി പുകവലി ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ ദന്തശുചിത്വത്തിന്റെ കാര്യത്തിലെങ്കിലും ശ്രദ്ധ പതിപ്പിക്കണം. രണ്ട് നേരം പല്ല് തേയ്‌ക്കല്‍, നിത്യവുമുള്ള ഫ്‌ളോസിങ്, ആന്റിബാക്ടീരിയല്‍ മൗത്ത് വാഷിന്റെ ഉപയോഗം എന്നിവയെല്ലാം കറയുടെ കാഠിന്യം കുറയ്‌ക്കും. പുകവലിക്കും പുകയില ഉപയോഗത്തിനും ശേഷം വായ നന്നായി കഴുകുന്നതും വെള്ളം കുടിക്കുന്നതും പുകയില അവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപിടിച്ചിരിക്കാതിരിക്കാന്‍ സഹായിക്കും.