വീഴ്ചയിൽ ആദ്യം ഇടിക്കുന്നത് തല, രക്തസ്രാവം മാത്രമല്ല മരണകാരണം; യാത്രയിലെ അപകടം ഒഴിവാക്കാൻ ഇവ ശ്രദ്ധിക്കൂ

Mail This Article
വാഹനാപകടങ്ങളിൽ എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്? കണ്ണീരു മാത്രം സമ്മാനിച്ച് കടന്നു പോകുന്ന ഈ അപകടങ്ങൾ തടയണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ നടപ്പിലാക്കുന്ന പല നിയമങ്ങൾക്കു നേരെയും കണ്ണടയ്ക്കുന്നതും ഇത്തരം സംഭവങ്ങളുടെ എണ്ണം കൂട്ടുന്നു. റോഡിലിറങ്ങുമ്പോൾ കാൽനടയാത്രക്കാരനും വാഹനത്തിലുള്ളവർക്കും സമാധാനമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.
റോഡ് കുറുകെക്കടക്കുമ്പോൾ നമ്മുടെ ധാരണ, ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്യുമെന്നാണ്. അങ്ങനെ കരുതരുത്. നിങ്ങൾ റോഡ് കുറുകെക്കടക്കുന്നതു വാഹനം ഓടിക്കുന്നയാൾ നേരത്തേ കണ്ടിട്ടിട്ടില്ലെങ്കിൽ പ്രശ്നമാവും. ഡ്രൈവറുടെ കാലിൽ അപ്പോൾ ബ്രേക്ക് പെഡൽ ഇല്ല, ആക്സിലറേറ്ററാണ്. അതിൽ നിന്നു കാലെടുത്തു ബ്രേക്കിൽ ചവിട്ടി, ബ്രേക്കിന്റെ പെഡൽ അമർന്നു വാഹനം വേഗം കുറഞ്ഞാലേ നിങ്ങളുടെ േദഹത്ത് ഇടിക്കാതിരിക്കൂ. ഇതിന് ഒരു സെക്കൻഡ് പോരാ. 60 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനം ഒരു സെക്കൻഡ് കൊണ്ട് 17 മീറ്റർ സഞ്ചരിക്കും. ഏറ്റവും ചെറിയ റോഡ് കുറുകെക്കടക്കാൻ ആരോഗ്യമുള്ളൊരാൾക്കു ചുരുങ്ങിയത് 4–5 സെക്കൻഡ് വേണം. റോഡ് കുറുകെക്കടക്കും മുൻപു നിങ്ങളുടെ ആരോഗ്യവും എതിരെ വരുന്ന വാഹനത്തിന്റെ വേഗവും കണക്കിലെടുക്കണം. ചുരുങ്ങിയത് 50 മീറ്ററെങ്കിലും അകലെയാവണം വാഹനം.
ഹെൽമെറ്റിന്റെ മെച്ചങ്ങൾ
∙ ഇരുചക്ര വാഹനയാത്രക്കാർ വീഴാൻ എളുപ്പമാണ്. വീഴ്ചയിൽ ആദ്യം ഇടിക്കുന്നതു തലയായിരിക്കും. ഗോളാകൃതിയിലുള്ള തലയുടെ ഏതെങ്കിലും ഒരു ബിന്ദുവാണ് ഇടിക്കുന്നത്. ഇതിന്റെ ശക്തി വലുതായിരിക്കും. ഈ ആഘാതം ഹെൽമെറ്റ് മുഴുവനായി ഉൾക്കൊള്ളും.
∙ ഹെൽമെറ്റിന്റെ അകത്ത് ഒരും ഫോം ഉണ്ട്. ഇതു ഷോക് അബ്സോർബർ ആയി പ്രവർത്തിക്കും.
∙ ചിൻ സ്ട്രാപ് ഇട്ടിട്ടില്ലെങ്കിൽ ഹെൽമെറ്റ് ധരിച്ചതുകൊണ്ട് പ്രയോജനമില്ല.
∙ ഹെൽമെറ്റ് ധരിച്ചാൽ സുരക്ഷിതമാണെന്ന ധാരണയിൽ വേഗം കൂട്ടരുത്.

ഡ്രൈവർമാർ അറിയാൻ
∙ സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിക്കുക. സീറ്റ് ബെൽറ്റ് ധരിച്ചാൽ സുരക്ഷയായി എന്നുകരുതി വേഗം കൂട്ടരുത്. ഉചിതമായ വേഗത്തിലാണെങ്കിലേ സീറ്റ് ബെൽറ്റ് ഉപകരിക്കൂ.
∙ ഒരു സെക്കൻഡ് പോലും ഡ്രൈവറുടെ ശരീരവും മനസ്സും റോഡിൽ നിന്നു മാറരുത്.
∙ വാഹനത്തിൽ അമിത വിശ്വാസം പാടില്ല.
∙ സീറ്റ് ബെൽറ്റ്, എബിഎസ് ബ്രേക്ക്, എയർ ബാഗ് എന്നിവ ആത്മവിശ്വാസം കൂട്ടാനുള്ള ഉപകരണങ്ങളല്ല, രക്ഷയ്ക്കു വേണ്ടിയുള്ളതാണ്.
∙ പരിമിതിയുണ്ട്– വാഹനത്തിനും റോഡിനും. അതറിഞ്ഞു വാഹനം ഓടിക്കുക.
∙ 3 കാര്യങ്ങളാണ് അപകടത്തിലേക്കു നയിക്കുന്നത്. നമ്മുടെ വീഴ്ചകൾ, തെറ്റുകൾ, നിയമ ലംഘനങ്ങൾ. മൂന്നും ഒഴിവാക്കാനാവുന്ന കാര്യങ്ങളാണ്.
∙ ചലിച്ചുകൊണ്ടു ചെയ്യുന്ന കാര്യമാണു ഡ്രൈവിങ് (ഡൈനാമിക് കൺട്രോൾ ടാസ്ക്). ഈ സെക്കൻഡിലെ റോഡും സാഹചര്യവുമല്ല അടുത്ത സെക്കൻഡിൽ.
കാറിലും ബൈക്കിലും കുട്ടികളെ ഇരുത്തുമ്പോൾ
∙ കുട്ടികളെ മുൻപിൽ ഇരുത്തുന്നതിനു നമ്മുടെ നാട്ടിൽ നിരോധനമില്ലെങ്കിലും പുറകിലെ സീറ്റിൽ ഇരുത്തുന്നതാണു നല്ലത്. കുട്ടികൾക്കൂ വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത സീറ്റ് വിദേശങ്ങളിലുണ്ട്.
∙ മുൻവശത്തു കുട്ടിയെ ഇരുത്തുമ്പോൾ കുട്ടിയെ പിടിച്ചിരിക്കുന്നയാൾക്കേ സീറ്റ് ബെൽറ്റ് ഉള്ളു. വാഹനം ഇടിച്ചാൽ വാഹനത്തിന്റെ വേഗവും തെറിച്ചുപോകുന്ന വസ്തുവിന്റെ ഭാരവും ചേർന്നാണ് ആഘാതത്തിന്റെ തോതു വർധിക്കുന്നത്.
∙ ബൈക്കിൽ പുറകിൽ കുട്ടിയെ ഇരുത്തുമ്പോൾ കുട്ടി ഉറങ്ങി താഴെവീഴാന്‍ സാധ്യത. മുൻപിലിരുത്തിയാൽ ഡ്രൈവറുടെ കൈവലയത്തിനുള്ളിൽ കുട്ടി സുരക്ഷിതമായി ഇരിക്കണം. അല്ലാത്ത സാഹചര്യത്തിൽ പുറകിൽ ഇരിക്കുന്നയാളുടെ കൈപ്പിടിയിൽ കുട്ടിയെ സുരക്ഷിതമാക്കുന്നതാണു നല്ലത്.
ബസ് യാത്രയിൽ ശ്രദ്ധിക്കേണ്ടത്
∙ ബസിൽ യാത്ര ചെയ്യുമ്പോൾ ഉറങ്ങാതിരിക്കുക. പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ തല ബസിന്റെ കമ്പിയിൽ ഇടിക്കില്ല.
∙ ഫുട്ബോഡിൽ നിന്നും ഇരുന്നും യാത്ര പാടില്ല.
∙ സീറ്റ് ഇല്ലെങ്കിൽ കമ്പിയിൽ നന്നായി പിടിച്ചുനിൽക്കുക.
∙ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.
സീറ്റ് ബെൽറ്റിന്റെ മെച്ചങ്ങൾ
∙ വാഹനങ്ങൾ ഇടിക്കുന്നതു മൂലമല്ല പലപ്പോഴും മരണം. ശരീരം എവിടെയെങ്കിലും പോയി ഇടിക്കുന്നതിലെ ആഘാതത്തിലാണ്. നെഞ്ച് സ്റ്റിയറിങിൽ ഇടിച്ചും തല വിൻഡ് ഷീൽഡിൽ ഇടിച്ചുമാണു പലപ്പോഴും മരണം സംഭവിക്കുന്നത്.
∙ ഇടിയുടെ ആഘാതത്തിൽ ശരീരത്തിനുള്ളിലെ അവയവങ്ങൾ മറ്റ് അവയവങ്ങളിൽ ഇടിക്കാം. ശ്വാസകോശം വാരിയെല്ലിൽ അമരുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതും രക്തസ്രാവം ഉണ്ടാക്കും. സീറ്റ് ബെൽറ്റ് ഉണ്ടെങ്കിൽ ഇതിന്റെ സാധ്യത കുറയും. ഇടി എത്ര വലുതാണെങ്കിലും സീറ്റിൽ ശരീരം ഉറപ്പിച്ചു നിർത്തും.
∙ വാഹനം ഇടിച്ചുണ്ടാവുന്ന ആഘാതത്തിൽ സീറ്റ് ബെൽറ്റ് ലോക്ക് ആവും. വാഹനത്തിനു പുറത്തേക്കു തെറിച്ചുപോകുന്നതും വാഹനത്തിൽ തന്നെ ശരീരം ചെന്നിടിക്കുന്നതും ഒഴിവാകും.
ഹെഡ് ലൈറ്റ്
∙ ഹെഡ്‌ലൈറ്റ് ബ്രൈറ്റ് ആക്കുമ്പോൾ നമുക്കു റോഡ് മുഴുവൻ കാണാം. എന്നാൽ എതിരെ വരുന്ന ഡ്രൈവറുടെ കാഴ്ചപോകും. ആ വാഹനം നിയന്ത്രണം വിട്ടു നമ്മുടെ വാഹനത്തിൽ തന്നെയിടിക്കും.
∙ എപ്പോഴും ലൈറ്റ് ഡിപ് ചെയ്തു വാഹനം ഓടിക്കണം. അത്യാവശ്യ സമയത്തു മാത്രം ബ്രൈറ്റ് മതി.

വലിയ വാഹനങ്ങളുടെ പിന്നിൽ പോകുമ്പോൾ
∙ വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്കു സൈഡ് മിററിലൂടെയുള്ള കാഴ്ച കുറവ്. ചില കോണുകളിൽ പുറകിലൂടെ വരുന്ന വാഹനങ്ങൾ കാണാനാവില്ല.
∙ വലിയ വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ അതിന്റെ അടിയിലേക്കു പുറകിൽ വരുന്ന ചെറു വാഹനം ഇടിച്ചു കയറാം. ഒരാൾ പെട്ടെന്നു വാഹനത്തിനു മുൻപിലേക്കു ചാടുന്ന അതേ പ്രശ്നങ്ങൾ തന്നെയാണു റോഡിലേക്കു ചാടാൻ ആഞ്ഞാലും ഉണ്ടാവുക. രണ്ടു കാര്യത്തിലും മുൻപിൽ പോകുന്ന വാഹനം പെട്ടെന്നു ബ്രേക്കിടും.
∙ മുൻപിൽ പോകുന്ന വാഹനവുമായി നിശ്ചിത അകലം പാലിക്കണമെന്നാണു നിയമമെങ്കിലും പലപ്പോഴും അതു സാധിക്കാറില്ല. മുൻപിലെ വാഹനത്തിന്റെ പിൻ ചക്രം മുഴുവൻ കാണുന്ന അകലമെങ്കിലും പാലിക്കുക.
റോഡിൽ നടക്കുമ്പോൾ
∙ റോഡപകടങ്ങളിൽ മരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ കാൽനടയാത്രക്കാരാണ്.
∙ 30 കിലോമീറ്റർ താഴെ വേഗതയുള്ള വാഹനത്തിന്റെ ആഘാതം താങ്ങാനേ മനുഷ്യ ശരീരത്തിനു കഴിയൂ. അതിനപ്പുറത്തുള്ളതു മരണകാരണമാകും.
∙ റോഡിൽനിന്നു വിട്ടുമാറി നടക്കണം. ഫുട്പാത്ത് ഉള്ളിടത്ത് അതുപയോഗിക്കുക.
∙ വലതുവശം ചേർന്നു നടക്കുക. എങ്കിലും 90 ഡിഗ്രി വളവിൽ അതും അപകടമാണ്.
∙ റോഡ് കുറുകെക്കടക്കുമ്പോൾ പരമാവധി കൂട്ടമായി കടക്കുക. സീബ്ര ക്രോസിങ് ഉപയോഗിക്കുക.
രാത്രി യാത്രയിലെ അപകട സാധ്യതകൾ
∙ രാത്രി യാത്രയിൽ കാഴ്ച കുറയും. പകലിനേക്കാൾ 30 % കുറവ്.
∙ രാത്രി റോഡിൽ തിരക്കില്ലാത്തതിനാൽ സ്വാഭാവികമായി വേഗംകൂടും. വ്യക്തമായി കാണാൻ കഴിയാത്ത റോഡിൽ അതിവേഗം പാടില്ല.
∙ ഉറക്കം വരുന്നത് അറിയാനാവും; എന്നാൽ ഉറങ്ങുന്നത് അറിയില്ല. പെട്ടെന്നാണു കണ്ണടഞ്ഞു പോകുന്നത്. അപ്പോൾതന്നെ മുന്നിൽ അപകടവും ഉണ്ട്.
∙ ഉറക്കത്തിനു വേറെ മരുന്നില്ല, ഉറങ്ങുകതന്നെ വേണം. അൽപം ഉറങ്ങിയിട്ടു വാഹനം ഓടിക്കുന്നതാണു നല്ലത്.
∙ ലക്ഷ്യം നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. പക്ഷേ, ശരീരം അത് അംഗീകരിക്കണമെന്നില്ല.
∙ സ്ഥിരമായി രാത്രി യാത്രചെയ്യുന്നവരുടെ ബയോളജിക്കൽ ക്ലോക്ക് അതനുസരിച്ചു സെറ്റ് ചെയ്തിട്ടുണ്ടാവും. എന്നാൽ പതിവായി ഉറങ്ങുന്ന സമയത്തു യാത്ര ചെയ്യുമ്പോൾ ബയോളജിക്കൽ ക്ലോക്ക് അതിനനുസരിച്ചു തയാറായിട്ടുണ്ടാവില്ല.
∙ രാത്രി കണ്ണിന് ആയാസം കൂടും. അതിനനുസരിച്ചു കണ്ണടഞ്ഞുപോകും.
∙ പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയമാണ് ഉറങ്ങാൻ ഏറ്റവും സാധ്യതയുള്ള സമയം. ഉച്ചയ്ക്ക് 2 മുതൽ 4 വരെയുള്ള സമയവും ഉറക്ക സാധ്യതയുണ്ട്.
∙ മുഖം കഴുകിയാലും ഉറക്കം പോവില്ല.
വാഹനത്തിന്റെ കണ്ടീഷൻ
∙ പൊതു വാഹനങ്ങൾക്ക് ഓരോ വർഷവും പരിശോധനയുണ്ട്. സ്വകാര്യ വാഹനങ്ങൾക്കു പീരിയോഡിക് ചെക്ക് അപ് ഇല്ല. അതിനാൽ വാഹനത്തിന്റെ ഓരോ ഘടകത്തിന്റെയും നിലവാരം ഉറപ്പാക്കുക. നിങ്ങളുടെ വാഹനം സുരക്ഷിതമാണെങ്കിലും മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ അങ്ങനെയാകണമെന്നില്ല.
∙ ടയർ ആണു പലപ്പോഴും വില്ലനാവുന്നത്. റോഡിനും ടയറിനും ഇടയിൽ രൂപപ്പെടുന്ന വാക്വം വഴിയാണു ബ്രേക്കിന്റെ പ്രവർത്തനം. തേഞ്ഞ ടയറുകളിൽ വാക്വം ലഭിക്കില്ല.
∙ വിൻഡ് ഷീൽഡ് വൈപ്പർ, ബ്രേക് ലൈറ്റ്, ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് എന്നിവയുടെ പ്രവർത്തനം ഉറപ്പുവരുത്തണം.
∙ ദീർഘയാത്രയ്ക്കു മുൻപെങ്കിലും വാഹനം സർവീസ് ചെയ്യുന്നതും പരിശോധിക്കുന്നതും നല്ലതാണ്.