മസ്തിഷ്കാഘാതം: ചികിത്സയിലിരിക്കെ നടി അന്തരിച്ചു; രോഗത്തെയും ലക്ഷണങ്ങളെയും അറിയാം

Mail This Article
മസ്തിഷ്കാഘാതം സംഭവിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന നടി മീന ഗണേഷ് അന്തരിച്ചു. വാർത്തയറിഞ്ഞ പലർക്കും മസ്തിഷ്കാഘാതം എന്താണെന്നോ ലക്ഷണങ്ങളോ ചികിത്സയോ വ്യക്തമായി അറിയണമെന്നില്ല. സ്വന്തം ജീവനും ഒപ്പമുള്ളവരുടെയും ജീവനു സംരക്ഷണമേകാൻ ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
തലച്ചോറിനു കിട്ടുന്ന അടിയാണ് മസ്തിഷ്കാഘാതം. പ്രമേഹരോഗവും കൂടിയ രക്തസമ്മർദവുമുള്ളവരുടെ എണ്ണം വർധിക്കുന്നതിനാൽ മസ്തിഷ്കാഘാതവും (സ്ട്രോക്ക്) കൂടി. മുൻകരുതൽ ഉണ്ടെങ്കിൽ രോഗം ഒരു പരിധിവരെ തടയാം. സമയത്തു ചികിത്സ ലഭ്യമാക്കിയാൽ പകുതിയിലേറെപ്പേർക്കും പൂർണ സുഖം കിട്ടുകയും ചെയ്യും. സ്ട്രോക്കിനെപ്പറ്റി അറിയാം...
തലച്ചോറിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുകയോ (ത്രോംബോസിസ്) ഞരമ്പുകൾ പൊട്ടുകയോ (ഹെമറേജ്) ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം. മരണമോ, ശരീരം തളർന്നുള്ള കിടപ്പോ ആണ് അനന്തരഫലം.
പ്രായം കൂടുന്തോറും ആഘാത സാധ്യതയും കൂടുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, മദ്യപാനം, ജീവിതശൈലി, മാനസിക സമ്മർദം ഇവയെല്ലാം കാരണമാകും. ചെറിയതോതിൽ പാരമ്പര്യത്തിനും പങ്കുണ്ട്. ഭക്ഷണരീതിയും വ്യായാമം ചെയ്യാൻ മടിക്കുന്ന പ്രകൃതവും സ്ട്രോക്കിനു കാരണമാകുന്നു.
രക്തക്കുഴൽ പൊട്ടിയുള്ള ആഘാതത്തെക്കാൾ രക്തം കട്ടപിടിച്ചുള്ള മസ്തിഷ്കാഘാതമാണ് ഏറെ. ഇതിന്റെ പ്രധാന കാരണം പ്രമേഹരോഗമാണ്. ഭക്ഷണശീലങ്ങൾ, ഫാസ്റ്റ് ഫുഡ് സംസ്കാരം എന്നിവയും പ്രധാന പങ്കുവഹിക്കുന്നു. വ്യായാമമില്ലാത്ത ജോലിരീതികളും ഒരു ഘടകമാണ്. രക്തസമ്മർദവും മാനസിക പിരിമുറുക്കവും വർധിപ്പിക്കുന്ന ജോലികളാണ് ഏറെപ്പേരും ചെയ്യുന്നത്.
പുകവലി ശീലം പൊതുവേ കുറഞ്ഞതു മൂലം ഞരമ്പുപൊട്ടിയുള്ള ആഘാതങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. പുകവലി രക്തസമ്മർദം കൂട്ടും.

∙ലക്ഷണങ്ങൾ
ഞരമ്പുകൾ പൊട്ടിയുള്ള മസ്തിഷ്കാഘാതം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് തലവേദനയുണ്ടാകും. ഛർദിക്കാനുള്ള പ്രവണത, മുഖത്തിനു കോട്ടം, കൈകാൽ മരവിപ്പ്, ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. രക്തം കട്ടപിടിക്കുന്നത് എവിടെയാണോ അതിന് അനുസരിച്ചാകും ലക്ഷണങ്ങൾ. ചിലപ്പോൾ ഒരു വശം മുഴുവൻ കോടിപ്പോകാനും സാധ്യതയുണ്ട്. കൈകാലുകൾക്കു പെരുപ്പ്, സംസാരം കുഴയൽ, നടക്കുമ്പോൾ ബാലൻസ് തെറ്റൽ, കൈകൊണ്ട് ചോറ് കഴിക്കാനോ താക്കോൽ തിരിക്കാനോ പോലുള്ളവയ്ക്കു പ്രയാസം നേരിടുക തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.
∙എസ്എഎച്ച്
രക്തക്കുഴൽ പൊട്ടിയുണ്ടാകുന്ന ആഘാതത്തിൽ ഏറ്റവും അപകടകാരി എസ്എഎച്ച് എന്നറിയപ്പെടുന്ന സബ് അരക്കനോയിഡ് ഹെമറേജ് ആണ്. തലച്ചോറിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ രക്തം നിറയുന്ന അവസ്ഥയാണിത്.അതിശക്തമായ തലവേദന, ഛർദി എന്നിവ വന്നു പെട്ടെന്നു കുഴഞ്ഞുവീഴുകയാണു ചെയ്യുന്നത്. അബോധാവസ്ഥിലുമാകും.
∙ചികിത്സ
സിടി സ്കാനാണ് ഉടനടി ചെയ്യുന്നത്. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതം കണ്ടെത്താൻ ഇതുവഴി സാധിക്കും. രക്തം കട്ടപിടിച്ചള്ള ആഘാതം വന്നാൽ സിടി സ്കാനിൽ അറിയാൻ ദിവസങ്ങളെടുക്കും. അതിനാൽ എംആർഐ സ്കാൻ വേണ്ടിവരും. കട്ടപിടിച്ച രക്തം മാറ്റാൻ ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരും. ചില സന്ദർഭങ്ങളിൽ അതിനു പ്രയാസം വരുമ്പോൾ മരുന്നുകളിലൂടെ അലിയിച്ചു കളയും. ഇതിനു സമയം കൂടുതലെടുക്കും.
വലിയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കിന്റെ (ത്രോംബോട്ടിക് സ്ട്രോക്) ചികിത്സയ്ക്ക് ഒരു കുഴൽ കടത്തിവിട്ട് ആ രക്തക്കട്ട വലിച്ചെടുത്തുകളയുന്ന രീതി (മെക്കാനിക്കൽ ത്രോംബക്ടമി) ഇപ്പോൾ കേരളത്തിലെ ചില ആശുപത്രികളിൽ ചെയ്യുന്നുണ്ട്. രോഗവിമുക്തി വളരെ പെട്ടെന്ന് ആണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ എല്ലാ സ്ട്രോക്കിനും ഇതുചെയ്യാനാകില്ല.
∙നാലരമണിക്കൂർ പ്രധാനം
രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ കണ്ടാൽ നാലര മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കുകയാണു വേണ്ടത്. രക്തക്കുഴൽ പൊട്ടിയുള്ള ആഘാതമല്ലെന്നു കണ്ടാൽ തലച്ചോറിൽ രക്തം കട്ടിപിടിച്ചു കിടക്കുന്നത് അലിയിക്കാനുള്ള കുത്തിവയ്പു നൽകും. രക്തം ഒഴുകാനുള്ള സാധ്യതയുണ്ടെങ്കിലും പെട്ടെന്നു നൽകാവുന്ന ചികിത്സയാണിത്. ഇങ്ങനെ ചികിത്സ ലഭിച്ചാൽ പകുതി ശതമാനത്തിലധികം ആളുകൾക്കും വലിയ പ്രയാസങ്ങളില്ലാതെ മടങ്ങാം.
∙ഫിസിയോതെറപ്പി
സ്ട്രോക്ക് വന്നു ശരീര ഭാഗങ്ങൾ തളർന്നവർക്കു ഫിസിയോതെറപ്പി പ്രധാനമാണ്. ആദ്യത്തെ ഒരു മാസം കൊണ്ടു തന്നെ വളരെ മെച്ചപ്പെടും. മൂന്നു മാസം കൊണ്ട് നല്ല ഫലം പ്രതീക്ഷിക്കാം. രക്തസമ്മർദം ഉയരാതെ നോക്കൽ, പ്രമേഹനിയന്ത്രണം, രക്തയോട്ടം വർധിപ്പിക്കൽ, രക്തം കട്ടപിടിക്കാതിരിക്കൽ തുടങ്ങിയവയ്ക്കുള്ള മരുന്നുകളും കഴിക്കേണ്ടി വരും.
∙ഹൃദ്രോഗവും വില്ലനാകാം
ഹൃദ്രോഗവുമായി ബന്ധപ്പെട്ടും സ്ട്രോക്ക് ഉണ്ടാകാം. ഹൃദയത്തിനുള്ളിൽ രക്തം കട്ടപിടിച്ച് അവ തലച്ചോറിലേക്കു പോയി സ്ട്രോക്ക് വരാം. ഹൃദയത്തിന്റെ താളം തെറ്റൽ മൂലം മുകളിലത്തെ അറകകളിലോ താഴത്തെ അറകളിലോ രക്തം തളംകെട്ടിക്കിടന്നു കട്ടപിടിക്കുന്ന അവസ്ഥയുണ്ട്. ഇവയാണു തലച്ചോറിലേക്കു പോകുക.
രക്തസമ്മർദം ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. പ്രായം കൂടുംതോറും ഇതു സംഭവിക്കാനുള്ള സാധ്യതയും വർധിക്കും. ഹൃദയത്തിന്റെ മസിലുകളുടെ ശേഷി കുറഞ്ഞു താഴത്തെ അറകളിലും രക്തം തളംകെട്ടാം.വാൽവുകൾക്ക് അസുഖമുള്ളവർക്കും രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്.(വിവരങ്ങൾക്ക് കടപ്പാട്: ഡോ. മാത്യു ജോസ് (ന്യൂറോളജിസ്റ്റ്), ഡോ.ജയിംസ് തോമസ് (കാർഡിയോളജിസ്റ്റ്))