ADVERTISEMENT

കൈകൾക്കോ കാലുകൾക്കോ അസ്വാഭാവികമായ തരിപ്പോ മരവിപ്പോ ഒക്കെ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇവയെ അവഗണിക്കരുത്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില സൂചനകൾ ശരീരം പ്രകടമാക്കുന്നതാവാം അത്. നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും ശ്രദ്ധിക്കാതെ പോകും. വൈറ്റമിൻ ബി12 ന്റെ അഭാവം ഉണ്ടെങ്കിൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അറിയാം.

തരിപ്പ് പോലെ തോന്നുക
വൈറ്റമിൻ ബി12 ന്റെ അഭാവം സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ് കൈകൾക്കും കാലുകൾക്കും അനുഭവപ്പെടുന്ന തരിപ്പ്. പിൻസ് ആൻഡ് നീഡിൽസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നാഡികളെ സംരക്ഷിക്കുന്ന ആവരണമായ മൈലിൻ ഷീത്തിന് വൈറ്റമിൻ ബി12 ആവശ്യമാണ്. ആവശ്യത്തിന് ബി12 ഇല്ലെങ്കിൽ നാഡികൾക്ക് ക്ഷതം സംഭവിക്കുകയും തരിപ്പ് പോലെ അസ്വാഭാവികമായ സംവേദനങ്ങ (sensations)ളിലേക്ക് നയിക്കുകയും ചെയ്യും. വിറ്റമിൻ ബി12 ന്റെ അഭാവം ചികിത്സിക്കാതിരുന്നാൽ നാഡികളുടെ സ്ഥിരനാശത്തിലേക്ക് അത് നയിക്കും. 

മരവിപ്പ്
കൈകളിലോ കാലുകളിലോ ഉണ്ടാകുന്ന മരവിപ്പ് വൈറ്റമിൻ ബി12 ന്റെ ലക്ഷണമാണ്. ബി12 ന്റെ അഭാവം മൂലം നാഡീകോശങ്ങൾക്ക് സന്ദേശങ്ങളെ ഫലപ്രദമായി പ്രേക്ഷണം ചെയ്യപ്പെടാൻ സാധിക്കാതെ വരുമ്പോഴാണ് ഈ ലക്ഷണം പ്രകടമാകുന്നത്. മരവിപ്പും ഒപ്പം തരിപ്പും അനുഭവപ്പെട്ടാൽ അത് അവഗണിക്കരുത്. പ്രത്യേകിച്ച് ഇത് കുറെ ദിവസം തുടർന്നു പോയാൽ കൂടുതൽ ആവുകയും ചെയ്യും.

Representative image. Photo Credit:New Africa/Shutterstock.com
Representative image. Photo Credit:New Africa/Shutterstock.com

പേശികൾക്ക് ബലക്ഷയം
വൈറ്റമിൻ ബി12 ന്റെ അഭാവം മോട്ടോർനെർവുകളെ ബാധിക്കും. ഇത് കൈകളിലും കാലുകളിലും ഉള്ള പേശികളുടെ ബലക്ഷയത്തിനു കാരണമാകും. വസ്തുക്കൾ പിടിക്കുന്നതിനും നടക്കാനും പ്രയാസം അനുഭവപ്പെടും. ചികിത്സിക്കാതിരുന്നാൽ കാലക്രമേണം നടക്കാൻ സാധിക്കാതെ വരുകയും ബാലൻസിനെ ബാധിക്കുകയും ചെയ്യും.

കൈകാലുകൾക്കു തണുപ്പ്
കൈകാലുകൾക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടോ? വൈറ്റമിന്‍ ബി 12ന്റെ അഭാവം മൂലമാകാം ഇത്. ആരോഗ്യമുള്ള അരുണ രക്തകോശങ്ങളുടെ ഉൽപാദനത്തിന് ബി12 കൂടിയേ തീരൂ. ഈ ചുവന്ന രക്തകോശങ്ങളാണ് ഓക്സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്. വൈറ്റമിൻ ബി 12 ന്റെ അഭാവം വിളർച്ചയ്ക്കു കാരണമാകാം. രക്തപ്രവാഹം കുറയുന്നതു മൂലം ആണ് തണുപ്പ് അനുഭവപ്പെടുന്നത്.  

പൊള്ളൽ
വൈറ്റമിൻ ബി12 ന്റെ അഭാവം ഉള്ളവരിൽ കൈകളിലോ കാലുകളിലോ പൊള്ളുന്നതു പോലെ അനുഭവപ്പെടാം. ബി 12 ന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാകുന്ന നാഡീക്ഷതം ആണ് ഇതിനു കാരണം. ആദ്യം ചെറുതായി അനുഭവപ്പെടുന്ന പൊള്ളൽ ചികിത്സിക്കാതിരുന്നാൽ കൂടുതൽ കഠിനമാകും. 

Representative Image. Photo Credit : Sorapop / iStockPhoto.com
Representative Image. Photo Credit : Sorapop / iStockPhoto.com

ഏകോപനമില്ലായ്മ
വൈറ്റമിൻ ബി12 ന്റെ അഭാവം കൂടുതലായാൽ സന്തുലനവും ഏകോപനവും പ്രയാസമുള്ളതാകും. കാലുകളിലും കാൽപ്പാദങ്ങളിലും ആണ് ഈ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്നത്. നടക്കാനും പടികൾ കയറാനും പ്രയാസം അനുഭവപ്പെടും. അവഗണിച്ചാൽ ശരീരത്തിന്റെ മുഴുവൻ ചലനത്തെയും ക്രമേണ ഇത് ബാധിക്കും. 

കൈകളിലെയും കാൽപ്പാദങ്ങളിലെയും ചർമത്തിന് വ്യത്യാസം
കൈകളും കാൽപ്പാദങ്ങളും വിളറിയ മഞ്ഞനിറത്തിൽ കാണപ്പെടുന്നത് വൈറ്റമിൻ ബി12 ന്റെ അഭാവം മൂലമാകാം. ആരോഗ്യമുള്ള ചുവന്ന രക്തകോശങ്ങളുടെ അഭാവവും ഹീമോഗ്ലോബിന്റെ വിഘടനവും ബിലിറൂബിന്റെ പുറന്തള്ളലും ആണ് ചർമത്തിന് മഞ്ഞനിറം നൽകുന്നത്. വിണ്ടു കീറിയ നഖങ്ങളും മുറിവുണങ്ങാൻ ഏറെ പ്രയാസമെടുക്കുകയും ചെയ്യുന്നതും വൈറ്റമിൻ ബി12 ന്റെ അഭാവം സൂചിപ്പിക്കുന്നു. 

എന്തുകൊണ്ട് വൈറ്റമിൻ ബി12 ന്റെ അഭാവം?
നിരവധിഘടകങ്ങൾ വൈറ്റമിൻ ബി 12 ന്റെ അഭാവത്തിലേക്ക് നയിക്കും. വൈറ്റമിൻ ബി12 പ്രധാനമായും ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ എന്നിവയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ സസ്യാഹാരം കഴിക്കുന്നവരിലും വീഗൻ ആയ ആളുകളിലും വൈറ്റമിൻ ബി12 ന്റെ അഭാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
പെർണീഷ്യസ് അനീമിയ, ക്രോൺസ് ഡിസീസ്, സീലിയാക് ഡിസീസ് ഇവയെല്ലാം ഉള്ളവരിൽ വൈറ്റമിൻ ബി 12 ന്റെ ആഗിരണം ശരിയായി നടക്കില്ല. 
പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റേഴ്സ് (PPIs), മെറ്റ്ഫോമിൻ തുടങ്ങിയ മരുന്നുകളുടെ ദീർഘകാല ഉപയോഗം ബി12 ന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. 
പ്രായം ഉള്ളവരിൽ വൈറ്റമിൻ ബി12 ന്റെ അഭാവം ഉണ്ടാകാം. ഉദരത്തിലെ ആസിഡിന്റെ അളവ് ഇവരിൽ കുറവായിരിക്കും. ബി12 ന്റെ ആഗിരണത്തിന് ഉദരത്തിലെ ആസിഡുകള്‍ ആവശ്യമാണ്. 

Photo Credit : GrooveZ/ Shutterstock.com
Photo Credit : GrooveZ/ Shutterstock.com

അപകടസാധ്യത ആർക്ക്
∙അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവർ
∙വീഗൻ ആയവരും, സസ്യാഹാരി (vegetariens)കളും
∙ഉദരരോഗങ്ങളുളളവർ
∙ദീർഘകാലമായി ചില മരുന്നുകൾ ഉപയോഗിക്കുന്നവർ
∙ഭക്ഷണത്തിലൂടെ ആവശ്യത്തിന് പോഷണം ലഭിക്കാത്ത ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും.

വൈറ്റമിൻ ബി12 ന്റെ അഭാവം എങ്ങനെ കണ്ടെത്താം?
വൈദ്യചരിത്രം, ശാരീരിക പരിശോധന, ലാബ് പരിശോധനകൾ എന്നിവയിലൂടെ വൈറ്റമിൻ ബി12 ന്റെ അഭാവം നിർണയിക്കാം. രക്തപരിശോധനയിലൂടെ ബി 12 ന്റെ അളവ് കണ്ടെത്തി വിളർച്ച ഉണ്ടോ എന്നറിയാം. ചില കേസുകളിൽ ഇത് കൂടാതെ മീഥൈൽ മാലോണിക് ആസിഡ് (MMA) അല്ലെങ്കിൽ ഹോമോസിസ്റ്റീന്റെ അളവ് തുടങ്ങിയ പരിശോധനകളും നടത്തും. 

eggs-Esin-Deniz-istockphoto
Representative image. Photo Credit:Esin-Deniz/istockphoto.com

ചികിത്സയും പ്രതിരോധവും
വൈറ്റമിൻ ബി12 ന്റെ അഭാവത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും ചികിത്സയും. ബി12 ധാരാളമടങ്ങിയ മുട്ട, പാലുൽപന്നങ്ങൾ, ഫോർട്ടിഫൈഡ് സെറീയലുകൾ, മത്സ്യം തുടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ബി12 ന്റെ അഭാവം തടയും. 
ചെറിയ അളവിൽ ബി12 കുറഞ്ഞാൽ ഓറൽ ബി12 സപ്ലിമെന്റുകൾ, മൾട്ടിവൈറ്റമിനുകൾ ഇവ ഫലപ്രദമാണ്. 
ഗുരുതരമായ കേസുകളിൽ ഇൻട്രോമസ്കുലാർ ബി12 ഇൻജക്ഷനുകൾ എടുക്കേണ്ടി വരും. ഇത് വൈറ്റമിൻ ബി12 ന്റെ അളവ് പെട്ടെന്ന് വർധിപ്പിക്കും. 
വൈറ്റമിൻ ബി12ന്റെ അഭാവം തടയാൻ പതിവായ പരിശോധനകൾ നടത്തുന്നതിനൊപ്പം ബി12 സപ്ലിമെന്റുകളും എടുക്കണം. 

ഡോക്ടറെ കാണേണ്ടതെപ്പോൾ?
കൈകൾക്കും കാൽപാദങ്ങൾക്കും തുടർച്ചയായി മരവിപ്പും തരിപ്പും ബലക്ഷയവും അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം തേടണം. രോഗനിർണയവും ചികിത്സയും നേരത്തേ നടത്തിയാൽ നാഡീക്ഷതം, ബൗദ്ധികപ്രശ്നങ്ങൾ, ചലിക്കാനുള്ള പ്രയാസം ഇവയെല്ലാം തടയാനും വൈറ്റമിൻ ബി12 ന്റെ അഭാവം തടയാനും സാധിക്കും.

English Summary:

Is Your Body Trying to Tell You Something? Uncovering Hidden Vitamin B12 Deficiency Symptoms.Vitamin B12 Deficiency Symptoms: Don't Ignore These Warning Signs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com