എഴുപതാം വയസ്സിലും കുഞ്ഞമ്മയുടെ അധ്വാനം ചില്ലറയല്ല; പുല്ലുപോലെ നേരിടും ജീവിതത്തെ!
Mail This Article
എഴുപതാം വയസ്സിലും പ്രതിസന്ധികളെ ‘പുല്ലുപോലെ’ നേരിടുന്ന കുഞ്ഞമ്മയുടെ ജീവിതം കൊടൂരാറുപോലെ ശാന്തമായി ഒഴുകുകയാണ്. ആറ്റിലൂടെ വള്ളത്തിൽപോയി പുല്ലുചെത്തി വിറ്റാണ് കുഞ്ഞമ്മയുടെ ജീവിതം. പുല്ലുവിൽപനയിലൂടെ സമ്പാദിച്ച പണംകൊണ്ട് ഒരു വള്ളം തന്നെ വാങ്ങി. ഇപ്പോഴും കുഞ്ഞമ്മ വള്ളത്തിൽ വിൽപനയ്ക്കെത്തിക്കുന്ന പുല്ലിന് ആവശ്യക്കാരേറെ.
കാരാപ്പുഴ പാറത്തറ കുഞ്ഞമ്മ പുല്ല് വിൽപന നടത്താൻ സ്വന്തമായി വള്ളം വാങ്ങിയതിനു പിന്നിലൊരു കഥയുണ്ട്. ആ കഥ ചോദിച്ചാൽ ആദ്യം വരുന്ന ഡയലോഗ് ഇങ്ങനെ: ‘എന്നെ അങ്ങനൊന്നും തളർത്താൻ പറ്റില്ല. എന്ത് പണിയെടുത്തും ജീവിക്കും.’ 15 വർഷം മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്നു പിരിച്ചുവിട്ടു. കടയിൽ നിന്നു ലഭിച്ചിരുന്നത് 100 രൂപ വേതനം. പിരിച്ചുവിട്ടതിനു പിറ്റേന്നു പുല്ല് ചെത്തി വിൽക്കാൻ തുടങ്ങി. അങ്ങനെ ലഭിച്ച വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവച്ചു സ്വന്തമായൊരു വള്ളം വാങ്ങി. ഈ വള്ളത്തിൽ വിൽപന നടത്തിയ പുല്ലുകെട്ടുകൾക്ക് കണക്കില്ല.
15 വർഷം മുൻപു തുടങ്ങിയ പുല്ലു ചെത്തലും വിൽപനയും 70–ാം വയസ്സിലും തുടരുന്നു. രാവിലെ എട്ടിന് കൊടൂരാറിലേക്ക് വള്ളവുമായി ഇറങ്ങും. ആറിന്റെ കൈവഴികളിൽ നിന്നും തീരങ്ങളിൽ നിന്നുമാണു പുല്ല് ചെത്തുന്നത്. മുൻപൊക്കെ ദിവസം 20 കെട്ട് ചെത്തിയിരുന്നു. അന്നൊക്കെ വലിയ കെട്ടിനു 40 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോൾ 16 കെട്ടൊക്കെയേ പറ്റൂ. ചെറിയ കെട്ടായതിനാൽ 25 രൂപയാണ് ലഭിക്കുന്നത്. കുഞ്ഞമ്മ ചെത്തുന്ന പുല്ല് വാങ്ങാനായി 15 വർഷമായി വരുന്ന സ്ഥിരം ഉപഭോക്താക്കളുണ്ട്.
നെൽക്കൃഷി നടത്താൻ പാട്ടത്തിനു രണ്ട് ഏക്കറുണ്ട്. കൂടാതെ സ്വന്തമായുള്ള ഒന്നരയേക്കർ സ്ഥലത്തും നെൽക്കൃഷിയുണ്ട്. ഉച്ചകഴിഞ്ഞാണ് കുഞ്ഞമ്മ കൃഷിയിടത്തിൽ എത്തുന്നത്. ഭർത്താവ് വാസപ്പൻ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. രണ്ട് പെൺമക്കളെയും വിവാഹം ചെയ്തയച്ചു. ‘ജോലി ചെയ്ത് ജീവിക്കാൻ പറ്റുന്നിടത്തോളം കാലം ഇങ്ങനെ മുന്നോട്ടു പോകും’ – കുഞ്ഞമ്മ പറയുന്നു.