പ്രായമായവർ കവർച്ചസംഘങ്ങളെ പേടിച്ചിരിക്കുകയാണോ? ടെൻഷൻ വേണ്ട, ഈ മുൻകരുതൽ എടുക്കാം

Mail This Article
നാട്ടില്‍ കള്ളന്മാര് ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പ്രായമായവര്‍ക്ക് വേവലാതിയുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ സുരക്ഷയ്ക്കായി ചില മുന്‍കരുതലുകള്‍ എടുക്കണം.
സഹായം തേടാന്‍ മടിക്കരുത്
അയല്പക്കത്തെ വീട്ടിലെ ആളുകളെ പരിചയപ്പെട്ടിരിക്കണം. അക്കാര്യത്തില്‍ ബലംപിടിത്തം വേണ്ട. പെട്ടെന്ന് ഒരാവശ്യം വന്നാല്‍ വിളിക്കാനുള്ള അടുപ്പം ഉണ്ടാകണം. വീടിനു പുറത്ത് രാത്രി ശബ്ദം കേട്ടാലോ പൈപ്പ് തുറന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാലോ പുറത്തേക്കിറങ്ങരുത്. വിളിച്ചാല്‍ വരുന്നവരുമായി ബന്ധപ്പെടാം. അകത്തുനിന്ന് ഒരു സ്വിച്ച് ഇട്ടാല്‍ വീടിനുചുറ്റും വെളിച്ചം വരുന്ന വിധത്തിലുള്ള മാസ്റ്റര്‍ സ്വിച്ച് ക്രമീകരിക്കുന്നത് നല്ലതാണ്.
സുരക്ഷയ്ക്കായി വിളിക്കാവുന്ന നമ്പറുകള്‍ പെട്ടെന്നു കാണാവുന്ന ഇടത്തില്‍ എഴുതിവയ്ക്കണം. മൊബൈല്‍ ഫോണില്‍ ചേര്‍ക്കുകയും ചെയ്യണം. അതില്‍ പൊലീസ് കണ്ട്രോള് റൂം നമ്പറും അടുത്തുള്ള പൊലീസ് സ്റ്റേഷന് നമ്പറും ഉള്‍പ്പെടുത്തണം.
വീടിന് അടച്ചുറപ്പ് വേണം
വീടുകളുടെ അടച്ചുറപ്പ് ശക്തമാക്കണം. പുറത്തിറങ്ങാതെ പരിസരം കാണാനു്ള്ള ക്രമീകരണങ്ങള്‍ കതകിലും മറ്റും ഒരുക്കാം. കഴിയുമെങ്കില്‍ സിസിടിവി കൂടി സ്ഥാപിക്കാം.
പണമോ വിലകൂടിയ ആഭരണങ്ങളോ വീട്ടില്‍ വയ്ക്കാതിരിക്കുക. സ്വര്‍ണം ബാങ്ക് ലോക്കറല്‍ സൂക്ഷിക്കുക. പുറത്തുപോകുമ്പോള്‍ മോഷ്ടാക്കള്‍ ശ്രദ്ധിക്കാന്‍ ഇടയുള്ള തരത്തില്‍ അമിതമായി ആഭരണങ്ങള്‍ ധരിക്കാതിരിക്കുക. ലാളിത്യമാണ് സുരക്ഷയ്ക്ക് നല്ലത്.
അപരിചിതരോട് അടുപ്പം വേണ്ട
സഹായികളുടെ പശ്ചാത്തലം പരിശോധിക്കണം. അപരിചിതര്‍ക്ക് വീട്ടില്‍ പ്രവേശനം വേണ്ട. അറ്റകുറ്റപ്പണികള്‍ക്കും മറ്റും ആരെങ്കിലും വന്നാല്‍ ആ വിവരം അപ്പോള്‍ത്തന്നെ അടുത്തുള്ള ബന്ധുവിനെ അറിയിക്കുക. പണി തീര്‍ത്ത് പോയ കാര്യവും പറയണം.
ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടാം. സാധിക്കുമെങ്കില്‍ മൊബൈലില്‍ ഒരു ഫോട്ടോ എടുത്ത് ബന്ധുവിന് അയച്ചുകൊടുക്കാം. ഇങ്ങനെ വരുന്നവരോടും കച്ചവടത്തിനായി എത്തുന്നവരോടും സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുക. അപരിചിതരോടുള്ള സംസാരത്തില്‍ നിയന്ത്രണം പാലിക്കാം.