പ്രമേഹം മുതല്‍ അര്‍ബുദം വരെ; ആദ്യ സൂചന നല്‍കുന്നത് കണ്ണുകള്‍!

Mail This Article
കണ്ണുകള്‍ ഒരായിരം കഥ പറയുമെന്നൊക്കെ നാം കവിതകളിലും പാട്ടുകളിലും കേട്ടിട്ടുണ്ടാകും. പക്ഷേ, സംഗതി വളരെ വളരെ സത്യമാണ്. പ്രമേഹ രോഗം മുതല്‍ അര്‍ബുദം വരെ നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളെ കുറിച്ചുമുള്ള ആദ്യ സൂചനകള്‍ നമ്മുടെ കണ്ണുകള്‍ നല്‍കാറുണ്ടെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ഉദാഹരണത്തിന് പ്രമേഹ രോഗികളുടെ കണ്ണുകള്‍ക്ക് പിന്നില്‍ ചെറിയ ക്ഷതങ്ങള്‍ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ പ്രത്യക്ഷപ്പെടാമെന്ന് മോന്‍ഡ്രിയാല്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഒപ്‌റ്റോമെട്രിയിലെ നേത്രരോഗവിദഗ്‌ധന്‍ ലാന്‍ഗിസ് മിച്ചോഡ് കണ്‍വര്‍സേഷന്‍ ജേണലില്‍ എഴുതിയ ലേഖനം പറയുന്നു. ഇത് പ്രമേഹരോഗം നേരത്തെ കണ്ടെത്താന്‍ സഹായകമാകാം. ഇന്‍സുലിന്‍ ഉപയോഗിച്ച് ചികിത്സ തേടുന്ന 25 ശതമാനം ടൈപ്പ് 1 പ്രമേഹ രോഗികള്‍ക്കും 40 ശതമാനം ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും കാഴ്‌ചയെ ബാധിക്കുന്ന നേത്ര ക്ഷതങ്ങള്‍ ഉണ്ടാകാറുണ്ട്.

പ്രമേഹം മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്‌ട്രോളും കണ്ണില്‍ നോക്കി കണ്ടെത്താം. ഈ രോഗങ്ങളുള്ളവരില്‍ കണ്ണുകളിലെ രക്തക്കുഴലുകള്‍ ദൃശ്യമാകാമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണുകളിലെ രക്തക്കുഴലുകളെ ചുരുക്കുകയും റെറ്റിനയ്‌ക്ക് നാശമേര്‍പ്പെടുത്തുകയും ചെയ്യാം. അതേ പോലെ കണ്ണുകളിലെ രക്തധമനികളില്‍ ഹോളന്‍ഹോര്‍സ്‌റ്റ് പ്ലേഗുകള്‍ എന്നറിയപ്പെടുന്ന കൊഴുപ്പ് നിക്ഷേപത്തിലേക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നയിക്കാം. മങ്ങിയ കാഴ്‌ച, കോര്‍ണിയക്ക് ചുറ്റുമുള്ള വെള്ള, മഞ്ഞ, ഗ്രേ നിറങ്ങളിലെ നിക്ഷേപങ്ങള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള മഞ്ഞ മുഴകള്‍ എന്നിവയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലക്ഷണങ്ങളാണ്.
കണ്ണുകളെ ബാധിക്കുന്ന അര്‍ബുദമായ റെറ്റിനോബ്ലാസ്‌റ്റോമ ശ്വാസകോശം, കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളിലേക്ക് പടരാം. ഇതിനാല്‍ ഇവ നേരത്തെ നിര്‍ണ്ണയിക്കേണ്ടത് അത്യാവശ്യമാണ്. റെറ്റിനയിലെ പിഗ്മെന്റില്‍ വരുന്ന ചില അസാധാരണത്വങ്ങള്‍ കോളന്‍ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില വിഷ്വല്‍ ഫീല്‍ഡ് പരിശോധനകള്‍ തലച്ചോറിലെ മുഴകള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണ രോഗങ്ങളെ കുറിച്ച് സൂചന നല്‍കും.
അസാധാരണമായ കണ്ണുകളുടെ ചലനങ്ങള്‍, കൃഷ്‌ണമണിയുടെ തുല്യമല്ലാത്ത പ്രതികരണങ്ങള്‍, ഇരട്ട കാഴ്‌ച എന്നിവയെല്ലാം കണ്ണുകളുടെയും നാഡീവ്യൂഹത്തിന്റെയും പരിശോധന ആവശ്യപ്പെടുന്ന ലക്ഷണങ്ങളാണ്. കണ്ണുകള്‍ക്ക് വരുന്ന പ്രശ്‌നങ്ങളെ നിസ്സാരമായി അവഗണിക്കരുതെന്നും അവ പല ഗുരുതര രോഗങ്ങളുടെയും മുന്നറിയിപ്പാകാമെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.