പ്രഷറും പ്രമേഹവും തിരിച്ചറിയുമ്പോൾ ജീവിതം മാറിമറിയുമോ? ശ്രദ്ധിക്കേണ്ടത് ഇവ

Mail This Article
ജീവിതശൈലീ രോഗങ്ങൾ നിർണയിക്കപ്പെടുന്നതോടെ പലപ്പോഴും ജീവിതം തന്നെ മാറിമറിയാറുണ്ട്. ഉദാഹരണത്തിന്, പ്രമേഹം ഉണ്ട് എന്ന് തിരിച്ചറിയുന്നതോടെ ആഗ്രഹിക്കുന്ന പല ഭക്ഷണങ്ങളും കഴിക്കാൻ കഴിയാതാകുന്നു. അമിത രക്തസമ്മർദമോ ഹൃദ്രോഗമോ വൃക്കരോഗങ്ങളോ ഒക്കെ ബാധിക്കുമ്പോൾ, മുൻപത്തേതുപോലെയുള്ള ജീവിതം പല കാരണങ്ങൾ കൊണ്ടും കഴിയാതെവരാം. രോഗത്തെക്കുറിച്ചുള്ള ആശങ്കകളും വേട്ടയാടാൻ സാധ്യതയുണ്ട്. എത്രകാലം ഇങ്ങനെ മരുന്നു കഴിച്ചു ജീവിക്കേണ്ടി വരും? എന്നെങ്കിലും ഈ രോഗം പൂർണമായി മാറുമോ? രോഗത്തിന്റെ സങ്കീർണതകൾ ജീവിതത്തെ ബാധിക്കുമോ? മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമോ? ഇതൊക്കെ മനസ്സിലേക്ക് കടന്നുവരുന്ന ആകുലതകളാണ്.
വേണം, മാനസിക പരിചരണം
ചിലരെങ്കിലും രോഗം നിർണയിക്കപ്പെടുന്നതോടെ പെട്ടെന്ന് ഉൾവലിയുന്ന അവസ്ഥയുണ്ടാകാം. ഊർജസ്വലത നഷ്ടപ്പെടാം. ജോലിക്ക് പോകാനോ ആളുകളോട് ഇടപെടാനോ കുടുംബാംഗങ്ങളോട് സഹകരിക്കാനോ പോലും പ്രയാസം തോന്നിയേക്കാം. മരവിപ്പും നിരാശയും ഒക്കെ ബാധിച്ചേക്കാം. ഇവയെ അതിജീവിക്കാൻ മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾ ആവശ്യമാണ്.
രോഗങ്ങൾ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ ക്രമീകരണങ്ങൾ അത്യാവശ്യമാണ്. ഉദാഹരണത്തിന് 150 മിനിറ്റ് നേരം ആഴ്ചയിൽ വ്യായാമം ചെയ്യുക എന്നത് പ്രധാനമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണത്തിൽ ആവശ്യമായി ക്രമീകരണങ്ങൾ വരുത്തേണ്ടതും അനിവാര്യമാണ്. കൃത്യസമയത്തു മരുന്നു കഴിക്കുക, നന്നായി ഉറങ്ങുക, മാനസിക സമ്മർദം നിയന്ത്രിക്കുക എന്നിവയൊക്കെ രോഗങ്ങൾ നിയന്ത്രണവിധേയമാക്കാൻ അത്യാവശ്യമാണ്. പുകവലിയും മദ്യപാനവും അടക്കമുള്ള ശീലങ്ങൾ ഒഴിവാക്കണം. പക്ഷേ, രോഗവുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ പിടികൂടുന്നതോടെ പലർക്കും ഇതൊക്കെ ചിട്ടയായി പാലിക്കാൻ കഴിയാതെ വരാം. പ്രതീക്ഷ നഷ്ടപ്പെട്ട് ചിലർ ചികിത്സ തന്നെ നിർത്തിക്കളയാനും സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ കൃത്യമായ മാനസികാരോഗ്യ പരിചരണം ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കാൻ അത്യാവശ്യമാണ്.

വിഷാദരോഗത്തെ കരുതിയിരിക്കാം
പ്രമേഹ രോഗബാധിതരിൽ 30 ശതമാനത്തോളം പേർക്ക് വിഷാദരോഗം ഉണ്ടാകാം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചികിത്സിക്കപ്പെടാതെ പോകുന്ന വിഷാദരോഗം പലപ്പോഴും രോഗപ്രതിരോധ ശക്തി കുറയ്ക്കുകയും ശാരീരിക ആരോഗ്യം തകർക്കുകയും ചെയ്യും. ഹൃദയാഘാതം വന്ന വ്യക്തികളിൽ 25% പേർക്ക് അടുത്ത മൂന്നു മാസത്തിനുള്ളിൽ വിഷാദം പിടിപെടാൻ സാധ്യതയുണ്ട്. ഇവർ വിഷാദരോഗത്തിനുള്ള ചികിത്സ എടുക്കാത്ത പക്ഷം അടുത്ത ഒരു വർഷത്തിനുള്ളിൽ വീണ്ടും ഹൃദയാഘാതം വരാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. പാർക്കിൻസോണിസം ബാധിച്ച വ്യക്തികളിൽ 70 ശതമാനത്തോളം പേർക്ക് വിഷാദരോഗം വരാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അർബുദരോഗ ബാധിതരിൽ രോഗത്തിന്റെ തീവ്രത അനുസരിച്ച് 90 ശതമാനത്തോളം വിഷാദരോഗ സാധ്യതയുണ്ടെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
തുടർച്ചയായി നീണ്ടുനിൽക്കുന്ന സങ്കട ഭാവം, മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ഒന്നും ചെയ്യാൻ താൽപര്യമില്ലായ്മ, ആർക്കും മുഖം കൊടുക്കാതെ സ്വന്തം വീടിനുള്ളിലേക്ക് ഉൾവലിയുന്ന അവസ്ഥ, സ്വന്തം പേരക്കുട്ടികളെ കണ്ടാൽ പോലും സന്തോഷം തോന്നാത്ത അവസ്ഥ, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗം കുറഞ്ഞുവരുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണമാകാം.
ഉറക്കവും വ്യായാമവും ക്രമീകരിക്കാം
ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ മാനസികാരോഗ്യം സംരക്ഷിക്കാൻ ചിട്ടയായ ചില കാര്യങ്ങൾ പ്രാവർത്തികമാക്കണം.
∙ ദിവസേന എട്ടുമണിക്കൂർ നേരം തടസ്സമില്ലാത്ത ഉറക്കം ഉറപ്പുവരുത്തുക.
∙ ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക.
∙ മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
∙ വിഷാദരോഗം തിരിച്ചറിഞ്ഞാൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ട് കൃത്യമായ ചികിത്സ ആരംഭിക്കുക.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം)