ഉദരത്തിലെ അർബുദം:മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും വരെ കാക്കരുത്, തിരിച്ചറിയാം ഈ ലക്ഷണങ്ങളെ

Mail This Article
ലോകത്ത്, കാൻസറുകളിൽ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാൻസറിനുള്ളത്. ഓരോ വർഷവും 10 ലക്ഷത്തിലധികം പേർക്കാണ് ഈ കാൻസർ ബാധിക്കുന്നത്. മറ്റ് കാൻസറുകളെ അപക്ഷിച്ച് ഉദരത്തിലെ കാൻസർ അഥവാ ഗ്യാസ്ട്രിക് കാൻസർ തിരിച്ചറിയാൻ പ്രയാസമാണ്. ആദ്യഘട്ടങ്ങളിൽ ഇത് ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. ചെറിയ ചില ലക്ഷണങ്ങൾ ഉദരപ്രശ്നങ്ങൾ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും വരെ ഈ കാൻസർ തിരിച്ചറിയപ്പെടാതെ പോകാറാണ് പതിവ്.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നാൽ രോഗമുക്തി പലപ്പോഴും പ്രയാസമാകും. ഉദരത്തിലെ കാൻസർ വളരെ നേരത്തെ തിരിച്ചറിയുന്നത് മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ സഹായകമാകും. ഏറെ ജീവനുകൾ രക്ഷിക്കാനും ഇതുമൂലം സാധിക്കും.
ഉദരത്തിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതയോ വായുസംബന്ധമായ പ്രശ്നങ്ങളോ അത്ര ഗൗരവമാക്കേണ്ടതില്ല. വല്ലപ്പോഴും ഇങ്ങനെ ഉണ്ടാകുന്നത് ഭയപ്പെടേണ്ടതില്ല. എന്നാൽ പതിവായി ഇങ്ങനെ ഉണ്ടാകുന്നത് നിസ്സാരമാക്കരുത്. തീർച്ചയായും വൈദ്യസഹായം തേടണം.
പതിവായി ഉണ്ടാകുന്ന ഉദരപ്രശ്നങ്ങളെ ഗൗരവമായി കാണണം. ഉദരത്തിലെ കാൻസറിന്റെ ചില ലക്ഷണങ്ങളെ അറിയാം. ഇവയുണ്ടെങ്കിൽ തീർച്ചയായും ചികിത്സ തേടണം.
ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറു കമ്പിക്കൽ
മിക്കആളുകൾക്കും ഇടയ്ക്കിടെ ഈ പ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ ഈ പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ അത് അവഗണിക്കാതെ ഈ ലക്ഷണങ്ങളെ ഗൗരവമായെടുക്കണം.
വയറുവേദന, വയറ്റിൽ അസ്വസ്ഥത
ഇടയ്ക്ക് വയറിന് വേദനയോ അസ്വസ്ഥതയോ ഉണ്ടായാൽ പരിഭ്രമിക്കേണ്ടതില്ല. എന്നാല്‍ തുടർച്ചയായി വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.

ഓക്കാനം, ഛർദി
ഭക്ഷണത്തിന്റെ പ്രശ്നം മൂലം ഓക്കാനമോ ഛർദിയോ ഉണ്ടാകാം. എന്നാൽ തുടർച്ചയായി ഇങ്ങനെയുണ്ടായാൽ അത് അവഗണിക്കരുത്. മറ്റ് ലക്ഷണങ്ങളോടൊപ്പം തുടർച്ചയായി ഓക്കാനവും ഛർദിയും ഉണ്ടായാൽ വൈദ്യനിർദേശം തേടണം.
വിശപ്പില്ലായ്മ
പെട്ടെന്ന് വിശപ്പില്ലായ്മ ഉണ്ടായാൽ അത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാകാം. കുറച്ചു മാത്രം ഭക്ഷണം കഴിച്ചയുടനെ വയർ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ അത് ഗൗരവത്തിലെടുക്കണം.
അകാരണമായി ശരീരഭാരം കുറയുക
അകാരണമായി ശരീരഭാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ സൂചനയാണ്. നമ്മൾ ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുകയും ഒപ്പം മറ്റ് ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്താൽ തീർച്ചയായും വൈദ്യസഹായം തേടണം.
കറുത്ത നിറത്തിൽ മലം പോകുക
മലം കറുത്ത നിറത്തിൽ പോകുന്നത് അന്നനാളത്തിലെ രക്തസ്രാവത്തിന്റെ സൂചനയാണ്. ഇത് ഗുരുതരമായ രു സൂചനയാണ്. ഉടൻ തന്നെ വൈദ്യസഹായം തേടണം. അയൺ ഗുളികകൾ പോലുള്ള ചില മരുന്നുകൾ, ചില ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതു കൊണ്ടും കറുത്ത നിറത്തിൽ മലം പോകാം എന്ന് ഓർമിക്കുക.
വിളർച്ച
വിവിധ കാരണങ്ങൾ കൊണ്ട് വിളർച്ച ഉണ്ടാകാം. അതിൽ ഒരു കാരണമാണ് ഉദരത്തിലെ കാൻസർ. ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നു കണ്ടാൽ വൈദ്യപരിശോധന നടത്തണം.