ADVERTISEMENT

കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് രോഗസാധ്യത കൂടുതൽ. പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളിൽ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികൾ ചെയ്ത് ദിവസം തുടങ്ങുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയാനും കരളിന്റെ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. 

കുടിക്കാം ചൂട് നാരങ്ങാവെള്ളം
നാരങ്ങാവെള്ളത്തിൽ വൈറ്റമിൻ സി യും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് കരളിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. വെറും വയറ്റിൽ ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് പിത്തരസത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കും. കൊഴുപ്പിന്റെ ദഹനത്തിന് ഇത് സഹായിക്കുകയും അങ്ങനെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും. 
പകുതി നാരങ്ങ പിഴിഞ്ഞ് അതിൽ ഒരു ഗ്ലാസ് ചൂടു വെള്ളം ചേർത്ത് രാവിലെ കുടിക്കാം. പഞ്ചസാരയോ തേനോ ചേർക്കാതെ കുടിക്കുന്നത് ഗുണങ്ങൾ വർധിപ്പിക്കും. 

യോഗ
രാവിലെ യോഗയോ സ്ട്രെച്ചിങ്ങോ ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കും. കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനം നടത്താനുള്ള കരളിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. ഭുജംഗാസനം, അര്‍ധമത്സ്യേന്ദ്രാസനം തുടങ്ങിയവ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. 
വ്യായാമവും യോഗയും ചെയ്യുന്നതു വഴി കരളിലെ കൊഴുപ്പ് കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഉപാപചയപ്രവർത്തനവും മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും രാവിലെ പത്തോ പതിനഞ്ചോ മിനിറ്റ് എങ്കിലും യോഗയോ സ്ട്രെച്ചിങ്ങോ ചെയ്യുന്നത് ആരോഗ്യമേകും. 

chia-seeds
Image Credit:Brent Hofacker/Shutterstock

പ്രഭാതഭക്ഷണം ഒഴിവാക്കരുത്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയപ്രവർത്തനം സാവധാനത്തിലാക്കി ഫാറ്റി ലിവർ ഗുരുതരമാക്കും. നാരുകൾ, ആന്റിഓക്സിഡന്റുകൾ, ലീൻ പ്രോട്ടീൻ തുടങ്ങിയവ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം കരളിലെ കേടുപാടുകൾ പരിഹരിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 
ഓട്സ് ഒപ്പം ചിയാ സീഡ്സ്, ഒരു പിടി നട്സ്, ബെറിപ്പഴങ്ങൾ, ഗ്രീൻ ടീ ഇവ മികച്ച ഭക്ഷണങ്ങളാണ്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. 
പഞ്ചസാര കൂടുതലടങ്ങിയ സിറീയലുകൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇവ കരളിനു ദോഷം ചെയ്യും എന്നതിനാൽ ഒഴിവാക്കാം. 

കുടിക്കാം പച്ചക്കറി ജ്യൂസ്
വേവിക്കാത്ത പച്ചക്കറികൾ കൊണ്ടുള്ള ജ്യൂസ് പ്രത്യേകിച്ചും കാരറ്റ്, ബീറ്റ്റൂട്ട്, ചീര ഇവയിൽ ധാരാളം പോഷകങ്ങളുണ്ട് മാത്രമല്ല ഇവ കരളിനെ ശുദ്ധിയാക്കുകയും കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യും. ഈ പച്ചക്കറികളിൽ ബീറ്റെയ്ൻ, നൈട്രേറ്റുകൾ ഇവയുണ്ട്. ഇവ രക്തചംക്രമണത്തിനും വിഷാംശങ്ങളെ നീക്കാനും സഹായിക്കും. 
2024 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് പച്ചക്കറികളും പഴങ്ങളും ആരോഗ്യകരമായ രീതിയിൽ കൂടുതൽ കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വരാനുള്ള സാധ്യത കുറയ്ക്കും. 
പച്ചക്കറികൾ വെള്ളം ചേർത്തരച്ച് അവയിൽ അൽപം ഇഞ്ചി കൂടി ചേർത്ത് ജ്യൂസ് തയാറാക്കാം. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലൂടെ ലഭിക്കും. 
രാവിലെ നാരങ്ങാവെള്ളം കുടിച്ച് അരമണിക്കൂറിനു ശേഷം ഈ ജ്യൂസ് കുടിക്കാവുന്നതാണ്. 

ഒഴിവാക്കാം കാപ്പി
രാവിലെ കാപ്പിക്കു പകരം ഡാൻഡെലിയോൺ ചായ കുടിക്കാം. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആണ്. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. 
പിത്തരസത്തിന്റെ ഒഴുക്ക് വർധിപ്പിക്കാനും വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന രാസവസ്തുക്കൾ ഇതിലടങ്ങിയിട്ടുണ്ട്. ഡാൻഡെലിയോൺ ചായ ഓക്സീകരണ സമ്മർദം കുറയ്ക്കുകയും കരളിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുകയും ചെയ്യും. ഡാൻഡെലിയോൺ വേരുകളോ ഓർഗാനിക് ടീ ബാഗുകളോ ഉപയോഗിച്ച് ചായ തയാറാക്കാം. പ്രഭാതഭക്ഷണത്തിനു മുൻപേ ചൂടോടെ ഈ ചായ കുടിക്കാം.

English Summary:

Beat Fatty Liver Before It Starts: The Ultimate Morning Guide to a Healthy Liver.Reverse Fatty Liver Naturally: 5 Morning Habits to Melt Away Liver Fat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com