പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞാൽ? ശ്രദ്ധിക്കാം ഈ അഞ്ച് ലക്ഷണങ്ങൾ

Mail This Article
പലപ്പോഴും ഊർജമാകെ ചോർന്നു പോകുന്നപോലെ തോന്നാറുണ്ടോ? ഉന്മേഷം ഇല്ലാത്ത പോലെ അനുഭവപ്പെടാറുണ്ടോ? പ്രതീക്ഷിക്കാതെ മൂഡ് സ്വിങ്ങുകൾ അലട്ടാറുണ്ടോ? ഈ ചോദ്യങ്ങളെല്ലാം പുരുഷന്മാരോടാണ്. ശരീരഭാരം കൂടിയതായും മസിൽ ലോസ് സംഭവിച്ചതായും മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന പല പ്രവൃത്തികളും താൽപര്യം നഷ്ടപ്പെട്ടതായും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇതെല്ലാം െടസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ ആവശ്യത്തിനില്ലാത്തതു മൂലം സംഭവിക്കുന്നതാവും. മസിൽ മാസ്, ഊർജം, മനോനില, ലൈംഗിക തൃഷ്ണ തുടങ്ങി ആരോഗ്യത്തിന് പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് െടസ്റ്റോസ്റ്റീറോൺ ഹോർമോൺ.
ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറവാണ് എന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ എന്നു നോക്കാം; ഒപ്പം പരിഹാരങ്ങളും അറിയാം.
1. കുടവയർ, വർധിച്ച ശരീരഭാരം
ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് ശരീരഭാരം കൂടുന്നതിലേക്കു നയിക്കും, പ്രത്യേകിച്ച് വയറിനു ചുറ്റും. ഹോർമോൺ സന്തുലനം ഇല്ലാതാകുകയും പൊണ്ണത്തടി, ടെസ്റ്റോസ്റ്റീറോണിന്റെ ഉൽപ്പാദനം തടസ്സപ്പെടുത്തുകയും ചെയ്യും. കൊഴുപ്പ് കോശങ്ങൾ ടെസ്റ്റോസ്റ്റീറോണിനെ ഈസ്ട്രജൻ ആക്കി മാറ്റുകയും ഇത് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വീണ്ടും കുറയാൻ കാരണമാകുകയും ചെയ്യും.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെ ഈ അവസ്ഥ മറികടക്കാൻ സാധിക്കും. ഇലക്കറികൾ, പ്രോട്ടീൻ, സിങ്ക്, വിറ്റമിൻ ഡി ഇവ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, നട്സ് ഇവ ശീലമാക്കാം. പ്രോസസ് ചെയ്തതും മധുരം കൂടിയതുമായ ഭക്ഷണം ഒഴിവാക്കാം.
സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യുന്നതും നല്ലതാണ്. റസിസ്റ്റൻസ് എക്സർസൈസുകൾ ആയ വെയ്റ്റ് ലിഫ്റ്റിങ്ങ് ചെയ്യുന്നത് കൊഴുപ്പിനെ ഇല്ലാതാക്കാനും മസിൽ ഉണ്ടാകാനും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂടാനും സഹായിക്കും.

2. കടുത്ത ക്ഷീണം
രാത്രി മുഴുവൻ നന്നായി ഉറങ്ങിയെങ്കിൽ പോലും, ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് കടുത്ത ക്ഷീണത്തിനു കാരണമാകും. ഒന്നും ചെയ്യാൻ തോന്നാത്ത തരത്തിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടും. പ്രമേഹമോ വൃക്കരോഗമോ ഉണ്ടെങ്കിൽ ക്ഷീണം വർധിക്കും.
ഊർജനിലയെ നിയന്ത്രിക്കുന്നത് ടെസ്റ്റോസ്റ്റീറോൺ ആണ്. തുടർച്ചയായുണ്ടാകുന്ന ക്ഷീണവും തളർച്ചയും ടെസ്റ്റോസ്റ്റീറോൺ കുറവാണ് എന്നതിന്റെ സൂചനയാണ്.
ഹോർമോണിന്റെ അളവ് നിയന്ത്രിക്കാന്‍ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക.
കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുന്നതു മൂലം കടുത്ത സമ്മർദം (stress)ഉണ്ടാവുകയും ഇത് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാൻ യോഗ, മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ ഇവ ചെയ്യാം.
പതിവായി ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഊർജം വർധിപ്പിക്കുകയും ഹോർമോൺ ഉൽപ്പാദനം കൂട്ടുകയും ചെയ്യും.
3. ലൈംഗിക തൃഷ്ണക്കുറവ്
ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് ലൈംഗികാസക്തി കുറയ്ക്കും. പ്രായം, ഹോർമോൺ അസന്തുലനം തുടങ്ങി പിറ്റ്യൂട്ടറി ഗ്രന്ഥി, ഹൈപ്പോതലാമസ് തുടങ്ങിയവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ശാരീരികപ്രവർത്തനങ്ങളിലേർപ്പെടുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ലൈംഗികാരോഗ്യം വർധിപ്പിക്കാനും സഹായിക്കും. ഗുരുതരരോഗങ്ങൾ, ഹോർമോൺ അസന്തുലനം തുടങ്ങിയവയ്ക്ക് വൈദ്യപരിശോധന നടത്താം. ആന്റിഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണം ശീലമാക്കാം.

4. വൈകാരികമായ അസ്ഥിരത
ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് മനോനിലയെ നിയന്ത്രിക്കാനുള്ള തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് അസ്വസ്ഥത, ഉത്കണ്ഠ, വിഷാദം ഇവയിലേക്കു നയിക്കും. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെ ബാധിക്കും. ടെസ്റ്റോസ്റ്റീറോണിന്റെ കുറഞ്ഞ അളവ് വൈകാരികമായ അസ്ഥിരതയ്ക്ക് കാരണമാകും.
ചീര, സാൽമൺ, വാള്‍നട്ട് തുടങ്ങി മഗ്നീഷ്യവും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമടങ്ങിയ ഭക്ഷണം കഴിക്കാം. മദ്യോപയോഗം കുറയ്ക്കാം. അമിതമദ്യപാനം ഹോർമോൺ സന്തുലനത്തെ തടസ്സപ്പെടുത്തും. മൂഡ് സ്വിങ്ങ്സ് അധികരിക്കാനിടയാക്കും. \
പതിവായി വ്യായാമം ചെയ്യുന്നത് എന്‍ഡോർഫിനെ ഉൽപ്പാദിപ്പിക്കുകയും മനോനില മെച്ചപ്പെടുത്തുകയും ചെയ്യും.
5. മസിൽമാസ് കുറയും
മസിൽ ഉണ്ടാകാനും അവ നിലനിർത്താനും െടസ്റ്റോസ്റ്റീറോണ്‍ ആവശ്യമാണ്. ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നത് മസിൽ മാസ് നഷ്ടപ്പെടാനിടയാക്കും. ശാരീരികപ്രവർത്തനങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകും. മക്യുലാർ അട്രോഫി ടെസ്റ്റോസ്റ്റീറോണിന്റെ കുറഞ്ഞ അളവിന്റെ ലക്ഷണമാണ്. പതിവായി വ്യായാമം ചെയ്തിട്ടും മസിൽ ഉണ്ടാകുന്നില്ലെങ്കിൽ ഹോർമോണിന്റെ അളവ് പരിശോധിക്കേണ്ടതാണ്.
സ്ക്വാട്സ്, ഡെഡ്ഫിറ്റ്സ്, ബെഞ്ച് പ്രസസ് തുടങ്ങിയ റെസിസ്റ്റൻസ് ട്രെയിനിങ്ങുകളിലൂടെ ടെസ്റ്റോസ്റ്റീറോണിന്റെ ഉൽപ്പാദനം വർധിപ്പിക്കാനാകും.
ഇറച്ചി, മുട്ട, പയർവർഗങ്ങൾ പാലുൽപന്നങ്ങൾ തുടങ്ങി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് മസിലുകളുടെ കേടുപാടുകൾ പരിഹരിക്കാനും വളർച്ചയ്ക്കും സഹായിക്കും.
കൂടുതൽ സമയം ഒരേ ഇരിപ്പ് ഇരിക്കുന്നതും വെറുതെ ഇരിക്കുന്നതുമെല്ലാം ഉപാപചയപ്രവർത്തനങ്ങളെ സാവധാനത്തിലാക്കും. മസിൽ ലോസിനും ഇത് കാരണമാകും. അതിനാൽ ഈ ശീലം ഉപേക്ഷിക്കാം.
6.പാരിസ്ഥിതിക ഘടകങ്ങൾ
ടെസ്റ്റോസ്റ്റീറോണിന്റെ അളവിനെ സ്വാധീനിക്കുന്ന പാരിസ്ഥിതിക ഘടകങ്ങൾ എന്തൊക്കെ എന്നു നോക്കാം.
പ്രായത്തിനു പുറമെ പോഷകക്കുറവ്, മദ്യപാനം, സ്ട്രെസ്സ്, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി ഇവയെല്ലാം ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയാൻ കാരണമാകും. ഉറക്കക്കുറവ്, പ്രമേഹം പോലുള്ള ഗുരുതര രോഗങ്ങൾ ഇവയും ഹോർമോൺ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തും.
ടെസ്റ്റോസ്റ്റീറോണിന്റെ കുറഞ്ഞ അളവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. എന്നാൽ സമീകൃത ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമം ശീലമാക്കുന്നതിലൂടെയും സമ്മർദം നിയന്ത്രിക്കുന്നതിലൂടെയും ആവശ്യത്തിന് ഉറങ്ങുന്നതിലൂടെയും ഹോർമോൺ സന്തുലനം വീണ്ടെടുക്കാനാകും. ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും വ്യത്യാസം കാണുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കാവുന്നതാണ്. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാൻ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി പോലുള്ള ചികിത്സകൾ സഹായകമാകും.