പ്രായം കൂടിയാലും സ്റ്റൈൽ കുറയ്ക്കണ്ട; ലുക്ക് മാറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Mail This Article
പ്രായമായാലും കുറച്ചൊക്കെ ഒരുങ്ങി നടക്കാം. പ്രായം ശരീരത്തിൽ ചെയ്യുന്ന വികൃതികളെ ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ച് മയപ്പെടുത്താം. ‘സ്റ്റൈലായി’ നടക്കുന്നത് പോസിറ്റീവ് മനോഭാവമുണ്ടാകാൻ സഹായിക്കും.
വയസ്സായില്ലേയെന്ന് പറഞ്ഞ്, മുഷിഞ്ഞ കുപ്പായവുമിട്ട് നടന്നാൽ മതിയെന്ന വിചാരം മാറ്റാം. അത്തരം നിലപാടുകൾ സ്വയം മതിപ്പ് കുറയ്ക്കാനിടയാക്കും.
ആകാം, അൽപം മിനുക്കുപണി
പ്രായമാകുമ്പോൾ ചർമത്തിൽ ചുളിവുകളുണ്ടാകാം. അത് മുഖത്ത് ചിലപ്പോൾ കൂടുതൽ പ്രകടമാകാം. പേശികളുടെ ദൃഢത കുറയാം. കൊഴുപ്പ് നഷ്ടമാകാം. മുടി നരയ്ക്കുകയോ കഷണ്ടി ബാധിക്കുകയോ ചെയ്യാം. ഇതിനെയൊക്കെ സ്വാഭാവികമായി കണ്ട് അവഗണിക്കാം. അതല്ല, അത് ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെങ്കിൽ ചില മിനുക്കുപണികൾ ചെയ്യാം. ഡൈ ഉപയോഗിക്കുകയോ വിഗ് വയ്ക്കുകയോ ചർമ പരിപാലനത്തിനുള്ള പൊടിക്കൈകൾ ചെയ്യുകയോ ഒക്കെയാകാം.
സ്വയം മതിപ്പ് കൂട്ടാം
വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ വ്യായാമം കൊണ്ട് അലിയിക്കാം. അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നവരുമുണ്ട്. ചെറുപ്പത്തിന്റെ ‘ലുക്ക്’ നിലനിർത്താനായി കോസ്മെറ്റിക് വിദ്യകൾ ചെയ്യുകയും മെയ്ക് ഓവർ നടത്തുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. പലർക്കും ബാഹ്യഭംഗി മാത്രമല്ല ഇതുകൊണ്ട് ആത്മവിശ്വാസവും വർധിക്കുന്നു. അതുകൊണ്ട്, വയസ്സായെന്ന ചിന്ത വെടിഞ്ഞ് പോക്കറ്റിന് ഒതുങ്ങുന്ന വിധത്തിൽ ഒരുങ്ങാനും അൽപം സ്മാർട്ടാകാനുമൊക്കെ ശ്രമിക്കുന്നത് നല്ലതുതന്നെ.
വൃത്തിയോടെ വേഷം ധരിക്കാം
ഫാഷനാകാം. വസ്ത്രം സൗകര്യപ്രദവുമാകണം. കാലിനോ നടുവിനോ വേദന നൽകാത്ത നല്ല പാദരക്ഷയാകാം. കൃത്യമായ ദന്തപരിചരണം വേണം. വ്യായാമങ്ങൾക്കും ശരിയായ ആഹാരക്രമത്തിനും പ്രാധാന്യം നൽകണം. ആവശ്യത്തിന് ഉറങ്ങണം. അസ്വസ്ഥ ചിന്തകളെ നിയന്ത്രിക്കണം.
ബാഹ്യരൂപം ഏതു പ്രായത്തിലും നന്നായി പരിപാലിക്കണമെന്ന ആഗ്രഹം മനസ്സിന്റെ പോസിറ്റീവ് നിലപാടിന്റെ തെളിവാണ്. പ്രായമായെന്ന ന്യായത്തിൽ
അത് നഷ്ടപ്പെടുത്തേണ്ട. മനസ്സ് പോസിറ്റീവല്ലെങ്കിൽ അത് മുഖത്തും നിഴലിക്കും. ഉള്ളിൽ നിന്നുള്ള നല്ല ചിരിയിൽ മുഖത്തെ പേശികൾ ചലിക്കട്ടെ.