പ്രമേഹം നിർണയിച്ച ശേഷമുള്ള മാനസിക അസ്വാസ്ഥ്യം; 'ഡയബറ്റിസ് ഡിസ്ട്രെസ്' എന്ന അപകടകാരി

Mail This Article
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, പ്രമേഹ രോഗബാധിതരിൽ 36 ശതമാനം പേർ ‘പ്രമേഹ അനുബന്ധ മാനസികാസ്വാസ്ഥ്യം’ (diabetes distress) എന്ന പ്രശ്നം അനുഭവിക്കുന്നു. പ്രമേഹബാധിതരിൽ 63 ശതമാനം പേരും ഈ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണതകൾ തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്ക വച്ചുപുലർത്തുന്നവരാണ്. രോഗബാധിതരിൽ 28 ശതമാനം പേരും മാനസിക സന്തോഷം അനുഭവിക്കാൻ ബുദ്ധിമുട്ടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
പ്രമേഹം നിർണയിക്കപ്പെടുന്നതോടെ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തേണ്ട മാറ്റങ്ങൾ മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വല്ലാത്ത ദേഷ്യം തോന്നുകയും കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ആദ്യലക്ഷണം. ഭക്ഷണം നിയന്ത്രണം, വ്യായാമം എന്നിവയൊക്കെ ആവശ്യമാണെന്ന് അറിയാമെങ്കിലും ഇതൊക്കെ ചെയ്തു തുടങ്ങാനുള്ള മടിയാണ് അടുത്ത ലക്ഷണം. ഭക്ഷണ നിയന്ത്രണം വേണ്ടി വരുമോ എന്നു ഭയന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിൽ നിന്നുപോലും വിട്ടുനിൽക്കുന്ന സ്ഥിതിയിലേക്ക് ഇവർ ക്രമേണ പോയേക്കാം. ഡോക്ടറെ കാണാൻ മടികാണിക്കാം. മാനസിക സമ്മർദം കൂടിയാൽ മധുരമോ കൊഴുപ്പോ ഉള്ള ഭക്ഷണം നിയന്ത്രണമില്ലാതെ കഴിക്കുന്ന ശീലവും കാണിക്കാം. ഇത് സങ്കീർണതകളിലേക്ക് നയിക്കാം. ഇത്തരം കാര്യങ്ങൾ തക്കസമയത്തുതന്നെ കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
(വിവരങ്ങൾക്ക് കടപ്പാട്:ഡോ. അരുൺ ബി. നായർ)