ADVERTISEMENT

ബിബേക് പങ്കേനി, ശ്രിജന സുബേദി എന്നീ പേരുകൾ ഒരു മാസം മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. നേപ്പാളി ദമ്പതികളായ ഇവരുടെ ജീവിതം എങ്ങനെയാണ് ഇത്രയേറെ പ്രശസ്തിയാർജിച്ചത്? പ്രണയം എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. സന്തോഷവും സങ്കടവും കഷ്ടപ്പാടുകളും കണ്ണീരും നിറഞ്ഞ പ്രണയം.

9 വർഷങ്ങൾക്കു മുൻപ് സ്കൂള്‍ പഠന കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ശ്രിജനയുടെ സീനിയർ ആയിരുന്നു ബിബേക്. 6 വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിച്ചു. വിവാഹ ശേഷമുള്ള ഇവരുടെ വിഡിയോകൾ ടിക്ടോകിൽ വൈറൽ ആവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിൽ ഫിസിക്സ് ആൻഡ് അസ്ട്രോണമിയിൽ പിഎച്ച്ഡി ചെയ്യാനായി ബിബേക് അമേരിക്കയിലേക്ക് പറന്നു, ഒപ്പം ശ്രിജനയും. സ്വപ്നം കണ്ടതുപോലൊരു ജീവിതം. എന്നാൽ സന്തോഷം അധികകാലം നീണ്ടില്ല. വളരെ പെട്ടെന്നാണ് ഇരുവരുടെയും ജീവിതം തലകീഴായി മറിഞ്ഞത്.

bibek-pangeni

ബിബേകിന് ഇടയ്ക്കിടെ തലവേദന വരാൻ തുടങ്ങി. ബുദ്ധിമുട്ട് കൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയെത്തി. പരിശോധനയ്ക്കു പോകുമ്പോഴും തനിക്കൊന്നും സംഭവിക്കില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ എംആർഐ സ്കാനിൽ ബിബേകിന് ബ്രെയിൻ കാൻസർ ആണെന്ന് തെളിഞ്ഞു, അതും നാലാമത്തെ സ്റ്റേജ്. 2 മാസത്തിനിടെ സങ്കീർണമായ രണ്ട് സർജറികൾ ബിബേകിനു വേണ്ടിവന്നു. മാനസികമായി തകർന്നുപോയ ദമ്പതികളോട് ഒരു കാര്യം കൂടി ഡോക്ടറിനു പറയേണ്ടി വന്നു, ബിബേക് ഇനി ആറു മാസം കൂടി മാത്രമേ ജീവിച്ചിരിക്കൂ. കരഞ്ഞു തളർന്ന ഇരുവരും ഒരു തീരുമാനത്തിലെത്തി, ഇനി ബാക്കിയുള്ള സമയം സന്തോഷിക്കണം.

ഡോക്ടർ മുന്നറിയിപ്പ് നൽകിയതുപോലെ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ബിബേകിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി. ഭർത്താവിന്റെ രോഗത്തെപ്പറ്റിയും ചികിത്സയും കണ്ണീരും ബുദ്ധിമുട്ടുകളുമെല്ലാം ശ്രിജന സോഷ്യൽ മീഡയയിൽ പങ്കുവച്ചു. ആശുപത്രി കിടക്കയിലും, കീമോതെറാപ്പിക്ക് ഇടയിലുമെല്ലാം ശ്രിജന ബിബേകിന്റെ നിഴൽ പോലെ ഒപ്പമിരുന്നു. ഒരു കുഞ്ഞിനെ പോലെ പരിചരിച്ചും, കണ്ണീരൊളിപ്പിച്ചും ബിബേകിനെ സന്തോഷിപ്പിക്കാൻ കഷ്ടപ്പെട്ടു. ഓരോ ആഘോഷങ്ങളും ആനന്ദകരമാക്കി, പിറന്നാൾ ആഘോഷിച്ചു, പാർക്കിലും മറ്റും സമയം ചെലവഴിച്ചു. ചികിത്സയ്ക്കിടെ തലമുടി കൊഴിഞ്ഞു പോയ ബിബേകിനു മുന്നിൽ ശ്രിജനയും മുടി മുറിച്ച് ഒപ്പം നിന്നു. 

ഇതിനിടയിലും ഇവരുടെ വിഡിയോകളെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി. വേദനകൾക്കിടയിൽ ഓർമ നഷ്ടമാകുന്ന ബിബേകിനു മുന്നിൽ ഒരിക്കൽപോലും ശ്രിജന തളർന്നില്ല. പക്ഷേ പ്രതീക്ഷ വിടാതിരുന്ന ശ്രിജനയെ വിധി കൈവിട്ടു. 2024 ഡിസംബർ 19ന് ഗ്ലിയോമ എന്ന മസ്തിഷ്കാർബുദത്തിനു മുന്നിൽ ബിബേക് കീഴടങ്ങി. ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽനിന്ന് നിലവിളിക്കുന്ന ശ്രിജനയുടെ വിഡിയോ സോഷ്യൽമീഡിയയിൽ നിറഞ്ഞു. ആ പെൺകുട്ടിയുടെ മുഖം  മറക്കാനാവുന്നില്ലെന്നും, ഒറ്റയ്ക്കാകുമെന്ന് അറിഞ്ഞിട്ടും ഒപ്പം നിന്നത് പ്രണയമൊന്നുകൊണ്ട് മാത്രമാണെന്നും ജനം ഒരേ സ്വരത്തിൽ പറഞ്ഞു.

കാൻസർ പല തരത്തിലുണ്ട്. നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മാറ്റിയെടുക്കാം. എന്നാൽ ഗ്ലിയോമ എന്ന കാൻസറിനെപ്പറ്റി അധികം ആർക്കും അറിയില്ല. എന്താണ് ബിബേകിനെ ബാധിച്ച ഗ്ലിയോമ? ഈ രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും എന്താണ്? 

തലച്ചോറിലും നട്ടെല്ലിലും ഉണ്ടാകുന്ന അര്‍ബുദ മുഴകളാണ്‌ ഗ്ലിയോമകള്‍. നാഡീവ്യൂഹത്തെ പിന്തുണച്ച്‌ കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഗ്ലിയല്‍ കോശങ്ങള്‍ നിയന്ത്രണം വിട്ട്‌ വളരുന്നതാണ്‌ ഗ്ലിയോമയിലേക്ക്‌ നയിക്കുന്നത്‌. സാധാരണ ഗതിയില്‍ തലച്ചോറിലാണ്‌ ഗ്ലിയോമകള്‍ ഉണ്ടാകാറുള്ളതെങ്കിലും ചിലരില്‍ അവ നട്ടെല്ലിലും വളരാം. ചില ഗ്ലിയോമകള്‍ വളരെ പതിയെയാണ്‌ വളരുന്നത്‌. തലച്ചോറിനും നട്ടെല്ലിനും പുറത്തേക്ക്‌ സാധാരണ വളരാറില്ലെങ്കിലും ഗ്ലിയോമകള്‍ കണ്ടെത്താനും നീക്കം ചെയ്യാനും വളരെ ബുദ്ധിമുട്ടായതിനാല്‍ രോഗിയുടെ ജീവന്‌ തന്നെ ഇവ ഭീഷണിയുയര്‍ത്താം.

65ന്‌ മുകളില്‍ പ്രായമായവരിലും 12 വയസ്സിന്‌ താഴെയുള്ള കുട്ടികളിലും കൂടുതലായി കാണപ്പെടുന്ന ഈ അര്‍ബുദം പ്രധാനമായും മൂന്ന്‌ തരത്തിലാണ്‌ ഉള്ളത്‌. ഏത്‌ തരം ഗ്ലിയല്‍ കോശങ്ങളിലാണ്‌ അവയുടെ അനിയന്ത്രിത വളര്‍ച്ച ആരംഭിക്കുന്നത്‌ എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വര്‍ഗ്ഗീകരണം.

1. ആസ്‌ട്രോസൈറ്റോമകള്‍
ആസ്‌ട്രോസൈറ്റ്‌ കോശങ്ങളില്‍ ആരംഭിക്കുന്ന ഈ ഗ്ലിയോമകള്‍ വളരെ വേഗം വളര്‍ന്ന്‌ തീവ്രമാകുമ്പോള്‍ അവയെ ഗ്ലിയോബ്ലാസ്‌റ്റോമകള്‍ എന്ന്‌ വിളിക്കും. കുട്ടികളില്‍ ഉണ്ടാകുന്ന അപൂര്‍വമായ ആസ്‌ട്രോസൈറ്റോമയാണ്‌ ഡിഫ്യൂസ്‌ ഇന്‍ട്രിന്‍സിക്‌ പോണ്ടൈന്‍ ഗ്ലിയോമകള്‍ അഥവാ ഡിഐപിജികള്‍.

2. എപ്പെന്‍ഡിമോമകള്‍
എപ്പെന്‍ഡിമോസൈറ്റുകള്‍ എന്ന ഗ്ലിയല്‍ കോശങ്ങളിലാണ്‌ ഈ ഗ്ലിയോമകള്‍ ആരംഭിക്കുക. തലച്ചോറിലെ വെന്‍ട്രിക്കിളുകളിലും നട്ടെല്ലിലും എപ്പെന്‍ഡിമോമകള്‍  വളരുന്നു. ഇവ തലച്ചോറിനെ സംരക്ഷിക്കുന്ന സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡിലൂടെ പടരാം. പക്ഷേ, തലച്ചോറിനും നട്ടെല്ലിനും   പുറത്തേക്കും ഇത്‌ പടരില്ല. ബ്രെയ്‌ന്‍ ട്യൂമര്‍ കേസുകളില്‍ രണ്ട്‌ ശതമാനമാണ്‌ എപ്പെന്‍ഡിമോമകള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളിലാണ്‌ ഇത്‌ കൂടുതലായി കാണപ്പെടുക.

3. ഒളിഗോഡെന്‍ഡ്രോഗ്ലിയോമ
ഒളിഗോഡെന്‍ഡ്രോസൈറ്റുകള്‍ എന്ന ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന ഈ ഗ്ലിയമോ വളരെ പതിയെയാണ്‌ വളരാറുള്ളത്‌. ഇത്‌ മുതിര്‍ന്നവരില്‍ കൂടുതലായും കാണപ്പെടുന്നു. മറ്റ്‌ വംശങ്ങളെ അപേക്ഷിച്ച്‌ വെളുത്ത വംശജര്‍ക്കും സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്കും ഗ്ലിയോമ സാധ്യത അധികമാണ്‌. ചിലതരം റേഡിയേഷനുകളും രാസവസ്‌തുക്കളുമായുള്ള നിരന്തര സമ്പര്‍ക്കവും ഈ മുഴകള്‍ക്ക്‌ കാരണമാകാം.

സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള ബുദ്ധിമുട്ട്‌ (അഫേസിയ), കാഴ്‌ചയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാഴ്‌ചനഷ്ടം, ചിന്തിക്കാനും പഠിക്കാനും ഓര്‍മ്മവയ്‌ക്കാനുമുള്ള ബുദ്ധിമുട്ട്‌, നടക്കാനും ബാലന്‍സ്‌ നിലനിര്‍ത്താനുമുള്ള പ്രയാസം, തലചുറ്റല്‍, തലവേദന, ശരീരത്തിന്റെ ഒരു വശത്ത്‌ ദുര്‍ബലതയോ മരവിപ്പോ, ഓക്കാനം, ഛര്‍ദ്ദി, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, ചുഴലി എന്നിവയെല്ലാം ഗ്ലിയോമയുടെ ലക്ഷണങ്ങളാണ്‌.

തലച്ചോറില്‍ രക്തസ്രാവം, തലയോട്ടിയില്‍ നിന്ന്‌ തലച്ചോറിലെ കോശങ്ങള്‍ നീങ്ങുന്ന അവസ്ഥ, തലച്ചോറില്‍ ദ്രാവകം കെട്ടിക്കിടക്കല്‍, തലച്ചോറിനുള്ളിലെ സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കെല്ലാം ഗ്ലിയോമ നയിക്കാം. എംആര്‍ഐ, സിടി സ്‌കാനുകള്‍, ബയോപ്‌സി തുടങ്ങിയവയിലൂടെയാണ്‌ രോഗനിര്‍ണ്ണയം നടത്താറുള്ളത്‌. മുഴയുടെ സ്ഥാനം, വലുപ്പം, തരം, രോഗിയുടെ പ്രായം, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ഗ്ലിയോമയ്‌ക്കുള്ള ചികിത്സ നിര്‍ണ്ണയിക്കുക. തലച്ചോര്‍ തുറന്നുള്ള ശസ്‌ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി പോലുള്ള ചികിത്സകള്‍ ഗ്ലിയോമയുടെ ചികിത്സയില്‍ വേണ്ടി വന്നേക്കാം.

English Summary:

Six Years of Love, Six Months to Live: Bibik Pangen's Unforgettable Fight Against Brain Cancer. Wife's Heartbreaking Tribute After Husband's Glioblastoma Death: A Story of Unwavering Love.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com