കാൻസർ സാധ്യത കുറയ്ക്കാം, ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തൂ

Mail This Article
ഓരോ വർഷവും ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് കാൻസർ. 2020 ൽ പത്ത് ദശലക്ഷം പേരുടെ മരണത്തിന് കാൻസര്‍ കാരണമായതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ ബാധിക്കാം. പലപ്പോഴും നിശബ്ദമായി വളരുന്ന ഈ രോഗം നേരത്തെ കണ്ടെത്തേണ്ടതും രോഗം വരാതെ തടയേണ്ടതും പ്രധാനമാണ്.
ജനിതക ഘടകങ്ങൾക്കും കാൻസർ ബാധിക്കുന്നതിൽ പങ്കുണ്ടെങ്കിലും ജീവിതശൈലി ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ലോക കാൻസർ ദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ, കാൻസറിനെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ടതും രോഗസാധ്യത കുറയ്ക്കാൻ അവലംബിക്കേണ്ട മാർഗങ്ങൾ എന്തൊക്കെ എന്നറിയേണ്ടതും പ്രധാനമാണ്. ആരോഗ്യം മെച്ചപ്പെടുത്താനും കാൻസർ സാധ്യത കുറയ്ക്കാനും പിന്തുടരേണ്ട മാർഗങ്ങളെ അറിയാം.

1. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താം
പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ ഇവ അടങ്ങുന്ന സമീകൃത ഭക്ഷണം ശീലമാക്കാം. ഇത് രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും.
2. വ്യായാമം പതിവാക്കാം
ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഹോർമോണുകളുടെ നിയന്ത്രണത്തിനും പ്രതിരോധശക്തി മെച്ചപ്പെടുത്താനും പതിവായ വ്യായാമം സഹായിക്കും. നടത്തം, സൈക്ലിങ്ങ്, യോഗ തുടങ്ങിയ ഏതെങ്കിലും മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ദിവസവും അരമണിക്കൂറെങ്കിലും ഏർപ്പെടുത്താം. ഇത് വിവിധതരം കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കും.
3. ഉപേക്ഷിക്കാം പുകവലി
കാൻസർ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. പ്രത്യേകിച്ചും ശ്വാസകോശാർബുദം, തൊണ്ടയിലെ അർബുദം വായയിലെ അർബുദം ഇവയ്ക്കെല്ലാം പ്രധാന കാരണം പുകവലിയാണ്. പുകവലി ഉപേക്ഷിക്കുകയും ഒപ്പം മദ്യപാനം നിയന്ത്രിക്കുകയും ചെയ്താൽ വിവിധതരം കാൻസറുകൾ വരാനുള്ള സാധ്യത ഗണ്യമായി കുറയും.

4. സൂര്യനിൽ നിന്ന് സംരക്ഷണം
വളരെ സാധാരണമായ ഒരു അര്‍ബുദമാണ് സ്കിൻ കാൻസർ അഥവാ ചർമത്തിലെ അർബുദം. ഇത് തടയാൻ സാധിക്കുന്ന ഒന്നാണ്. സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നേടാൻ സൺസ്ക്രീൻ ഉപയോഗിക്കാം. ഒപ്പം വെയിലിൽ നിന്ന് സംരക്ഷണം നേടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാം. നട്ടുച്ച പോലുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കാം. ഇതെല്ലാം ചർമത്തിലെ അർബുദം വരാനുള്ള സാധ്യത കുറയ്ക്കും.
5. കൃത്യമായ വൈദ്യപരിശോധന
വളരെ നേരത്തേയുള്ള രോഗനിർണയം, കാൻസർ ചികിത്സയിൽ പ്രധാനമാണ്. മാമോഗ്രാം, പാപ്സ്മിയർ ടെസ്റ്റ്, കോളനോസ്കോപ്പി തുടങ്ങിയ പരിശോധനകളും പതിവായ ഹെൽത്ത് ചെക്കപ്പും കാൻസർ നേരത്തെ തിരിച്ചറിയാനും കൃത്യസമയത്ത് ചികിത്സ തേടാനും ഉപകരിക്കും.