ADVERTISEMENT

ഫെബ്രുവരി 4 ലോക കാൻസർ ദിനമാണ്. കാൻസറിനെക്കുറിച്ചുളള അവബോധം ഉണ്ടാക്കുക, അത് തടയാനുള്ള മാർഗങ്ങൾ, ചികിത്സ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവു നൽകുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും വിവിധതരം കാൻസറുകൾ നേരത്തെ തിരിച്ചറിയുന്നതിന്റെ ആവശ്യകതയുടെയും ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. കാൻസറിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക, കാൻസർ തടയാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള അറിവു പകരുക എന്നതാണ് ഈ വർഷത്തെ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്.  നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ തടയാൻ സാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ കാൻസർ.

എന്താണ് സെർവിക്കൽ കാൻസർ?
ഗർഭപാത്രത്തിന്റെ താഴത്തെ ഭാഗമായ സെർവിക്സിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളർച്ചയാണ് സെർവിക്കൽ കാൻസർ. ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ഉണ്ടാക്കുന്ന അണുബാധയാണ് ഇതിന് കാരണം. ലോകത്ത് സ്ത്രീകൾക്കുണ്ടാകുന്ന അർബുദങ്ങളില്‍ നാലാം സ്ഥാനമാണ്. സെർവിക്കൽ കാൻസറിനുളളത് എന്ന് ലോകാരോഗ്യ സംഘടന. ഓരോ വര്‍ഷവും 6 ലക്ഷം പേരെയാണ് സെർവിക്കൽ കാൻസർ ബാധിക്കുന്നത്. 

പ്രാരംഭലക്ഷണങ്ങൾ
ആദ്യഘട്ടത്തിൽ സെർവിക്കൽ കാൻസർ കാര്യമായ ലക്ഷണങ്ങളൊന്നും കാണിച്ചെന്നു വരില്ല. എന്നിരുന്നാലും ലക്ഷണങ്ങളെ മനസ്സിലാക്കി കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ ഇവയാണ്.

Photo credit : beeboys / Shutterstock.com
Photo credit : beeboys / Shutterstock.com

രക്തസ്രാവം (Abnormal Vaginal Bleeding)
അസാധാരണമായ രക്തസ്രാവം സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം. ആർത്തവകാലങ്ങൾക്കിടയ്ക്കുണ്ടാകുന്ന രക്തസ്രാവം, ലൈംഗികബന്ധത്തിനുശേഷമുണ്ടാകുന്ന രക്തസ്രാവം, ആർത്തവ വിരാമത്തിനു ശേഷമുണ്ടാകുന്ന രക്തസ്രാവം ഇവ രോഗലക്ഷണമാണ്. 

യോനീസ്രവങ്ങൾ
യോനിയിൽ നിന്ന് വെള്ളം പോലുള്ളതോ, രക്തം കലർന്നതോ, ദുർഗന്ധത്തോടുകൂടിയതോ ആയ സ്രവങ്ങള്‍ ഉണ്ടാവുന്നത് സെർവിക്കല്‍ കാൻസറിന്റെ ലക്ഷണമാകാം. 

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന
സെർവിക്സിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാവാം ഇങ്ങനെ സംഭവിക്കുന്നത്. 
ഇടുപ്പ് വേദന
ഇടുപ്പിൽ തുടർച്ചയായുണ്ടാകുന്ന വേദനയും അസ്വസ്ഥതയും സെർവിക്കൽ കാൻസറിന്റെ ലക്ഷണമാകാം. 

പ്രതിരോധം 
പതിവായ പരിശോധനകള്‍ നടത്തുന്നത് ആദ്യഘട്ടത്തിൽതന്നെ രോഗം നിർണയിക്കാന്‍ സഹായകമാകും. ഗർഭാശയമുഖത്തെ കോശങ്ങൾ എടുത്ത് പരിശോധിക്കുന്ന പാപ്സ്മിയർ ടെസ്റ്റ് അസ്വാഭാവികതകൾ കണ്ടെത്താൻ സഹായിക്കും. സെർവിക്കല്‍ കാൻസറിലേക്കു നയിക്കാവുന്ന എച്ച്പിവിയുടെ സാന്നിധ്യം കണ്ടെത്താൻ എച്ച് പിവി ടെസ്റ്റ് സഹായിക്കും. പതിവായ പരിശോധനകളിലൂടെ സെർവിക്കൽ കാൻസറിന്റെ നിരക്ക് 80 ശതമാനം കുറയ്ക്കാൻ സാധിക്കും. 
എച്ച് പി വിക്കെതിരെയുള്ള വാക്സിനേഷൻ സെർവിക്കൽ കാൻസർ തടയാനുള്ള മറ്റൊരു മാർഗമാണ്. ഇത് സുരക്ഷിതവും ഫലപ്രദവുമാണ്. ഒൻപതു മുതൽ പതിനാലു വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് ഈ വാക്സിൻ നൽകണമെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.  


Representative image. Photo Credit: mi_viri/Shutterstock.com
Representative image. Photo Credit: mi_viri/Shutterstock.com

ചികിത്സ
സെർവിക്കൽ കാൻസറിന്റെ ചികിത്സ, രോഗം ഏതു ഘട്ടത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും. സെർവിക്കൽ കാൻസർ ആദ്യഘട്ടത്തിലാണെങ്കിൽ താഴെപ്പറയുന്ന ചികിത്സകൾ ഫലം ചെയ്യും. 
ശസ്ത്രക്രിയ 
രോഗം ബാധിച്ച കോശങ്ങളെയോ കൂടുതൽ ഗുരുതരമായ കേസുകളിൽ സെർവികസ് പൂർണമായോ ശസ്ത്രക്രിയ വഴി നീക്കം ചെയ്യും. കാൻസർ കോശങ്ങൾ ഉള്ള സെർവിക്സിന്റെ ഒരു ഭാഗം നീക്കുന്ന പ്രക്രിയയെ കോൺ ബയോപ്സി എന്നു പറയും. 

റേ‍‍ഡിയേഷൻ തെറാപ്പി
കാൻസർ കോശങ്ങളെ നശിപ്പിക്കാനും ട്യൂമറുകളെ ചുരുക്കാനും എനർജി കൂടിയ ബീമുകൾ ഉപയോഗിക്കുന്നു. 
കീമോതെറാപ്പി
കാൻസർ കോശങ്ങളെ നശിപ്പിക്കാനോ അവയുടെ വളർച്ച തടയാനോ മരുന്നുകൾ ഉപയോഗിക്കുന്ന ചികിത്സാരീതിയാണിത്. രോഗത്തിന്റെ അഡ്വാൻസ്ഡ് ഘട്ടങ്ങളിലാണ് ഇത് ചെയ്യാറ്. 
ടാർജറ്റഡ് തെറാപ്പി
കാൻസർ വളർച്ചയിൽ ഉൾപ്പെട്ട പ്രത്യേക തന്മാത്രകളെ ലക്ഷ്യം വച്ചുള്ള ചികിത്സയാണിത്. കൂടുതൽ വ്യക്തതയുള്ള ചികിത്സ കൂടിയാണിത്.

English Summary:

World Cancer Day: Don't Ignore These Cervical Cancer Symptoms. Is it Cervical Cancer? Early Detection Saves Lives: Symptoms, Prevention, & Treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com