പ്രായമായവരിലെ കാന്‍സര്‍; ചികിത്സ സാധ്യമാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

Mail This Article
ഉള്ളതെല്ലാം വിറ്റുപെറുക്കി മകനെ കാനഡയ്ക്ക് കയറ്റി വിടുമ്പോള്‍ ആ അച്ഛനും അമ്മയ്ക്കും സന്തോഷമായിരുന്നു. റിട്ടയര്‍മെന്റ് കഴിഞ്ഞ് ഇനി സ്വസ്ഥജീവിതം എന്നു സമാധാനിച്ച് ഇരിക്കുമ്പോഴാണ് അമ്മയുടെ ഇടതുമാറില്‍ ഒരു മുഴ കണ്ടെത്തിയത്. പ്രായമായില്ലേ, ഇനി ഭര്‍ത്താവിനെയും വിദേശത്തുള്ള മകനെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് ആ പാവം കരുതി. വര്‍ഷം രണ്ടു കഴിഞ്ഞ് കാന്‍സര്‍ തിരിച്ചറിയുമ്പോഴേക്കും ആ കുടുംബം തന്നെ തളര്‍ന്നുപോയി.
കാന്‍സര്‍ രോഗങ്ങളില്‍ 60 മുതല്‍ 70 ശതമാനം വരെ കാണപ്പെടുന്നത് 60 വയസ്സ് കഴിഞ്ഞവരിലാണ്. സ്തനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയവയാണ് പ്രായമായവരില്‍ കൂടുതലായി കാണുന്നത്.
പ്രായമായവരില്‍ മാത്രം കാണപ്പെടുന്ന ചില കാന്‍സറുകളുമുണ്ട്. മൂത്രാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, മള്‍ട്ടിപ്പിള്‍ മൈലോമ തുടങ്ങിയവ ഉദാഹരണം. അജ്ഞത മൂലമോ പ്രത്യേക സാഹചര്യങ്ങള്‍ മൂലമോ തക്ക സമയത്ത് രോഗം തിരിച്ചറിയാന്‍ കഴിയാതെവരാം.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും സമയത്ത് പരിശോധനയും ചികിത്സയും നടത്തുകയും ചെയ്താല്‍ അതിജീവനം എളുപ്പമാകും.
ചികിത്സക്കാര്യത്തില്‍ ഉപേക്ഷ വേണ്ട
പ്രായമായവരില്‍ കാന്‍സര്‍ ചികിത്സ അല്‍പം ദുഷ്‌കരമാണെങ്കിലും അസാധ്യമല്ല. പ്രായംകൂടി കണക്കിലെടുത്താണ് ചികിത്സാരീതികള്‍ നിശ്ചയിക്കുന്നത്. പ്രായമായി എന്ന ഒരു ഒറ്റക്കാരണം കൊണ്ട് ചികിത്സ തേടുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്.
ചികിത്സ വേണ്ട എന്നു വിചാരിക്കുന്നവരുണ്ടാകാം. അവരെ, എന്തുകൊണ്ട് ചികിത്സ വേണം എന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കാം. ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗങ്ങള്‍ ചികിത്സിക്കുക തന്നെ വേണം. കാരണം വര്‍ഷങ്ങള്‍ നീളുന്ന അതിജീവനം പലര്‍ക്കും സാധ്യമാണ്. ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങള്‍ ചികിത്സിക്കേണ്ടതുണ്ടോ എന്നത് രോഗബാധിതരുടെ താല്‍പര്യം മുന്‍നിര്‍ത്തി വേണം തീരുമാനിക്കാന്‍. ഭയമോ മറ്റു താല്‍പര്യങ്ങളോ ചികിത്സാ തീരുമാനത്തില്‍ പ്രതിഫലിക്കരുത്.

അവഗണിക്കപ്പെടരുത് ഇക്കാര്യങ്ങള്‍
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം മറ്റു രോഗങ്ങളുടെ സാന്നിധ്യമാണ്. പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയൊക്കെ ഉള്ളവരാകും പ്രായമായവരില്‍ പലരും. അവയുടെ ചികിത്സയും പരിശോധനകളും മുടക്കരുത്. ഇനിയൊരു പ്രശ്‌നം ജീവിതപങ്കാളിയുടെ ആരോഗ്യമാണ്. രോഗിയുടെ ചികിത്സാ സമയത്ത് ജീവിതപങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. അവരുടെ മാനസിക, ശാരീരിക ആരോഗ്യവും പ്രധാനമാണെന്ന് ഓര്‍മിക്കുക.

വേണം, കൂട്ടായ പിന്തുണ
വയോജനങ്ങള്‍ പലപ്പോഴും ഒറ്റയ്ക്കു ജീവിക്കേണ്ടിവരുന്ന ഇക്കാലത്ത് ആശുപത്രികളും വയോജന സൗഹൃദമായി മാറണം. ആശുപത്രിയും പരിശോധനകളും യാത്രകളും പലപ്പോഴും ബുദ്ധിമുട്ടിക്കാം. സാമ്പത്തിക പ്രശ്‌നങ്ങളും പലപ്പോഴും ചികിത്സയ്ക്ക് തടസ്സമാകാം. ശിഷ്ടജീവിതത്തിനായി സ്വരൂക്കൂട്ടി വച്ചതൊക്കെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വരുന്നത് സമ്മര്‍ദമുണ്ടാക്കാം. ഇത്തരം ആശങ്കകളെ അതിജീവിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും കൂട്ടായ പിന്തുണ അത്യാവശ്യമാണ്. കാരണം ഒരായുസ്സു നീണ്ട പുണ്യമാണ് ഓരോ വാർധക്യവും.
(തയാറാക്കിയത്: ഡോ. സഞ്ജു സിറിയക്,
സീനിയർ കൺസൽറ്റന്റ്,മെഡിക്കൽ ഓങ്കോളജി,രാജഗിരി ഹോസ്പിറ്റൽ, കൊച്ചി)