20 വയസ്സ് കഴിഞ്ഞ സ്ത്രീയാണോ നിങ്ങൾ? ഹൃദ്രോഗം തടയാൻ ഈ പരിശോധനകൾ വേണം

Mail This Article
ആഗോള തലത്തില്‍ തന്നെ സ്ത്രീകളുടെ മരണകാരണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന രോഗമാണ് ഹൃദ്രോഗം. നേരത്തെയുള്ള പരിശോധനകള്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. 20 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ഇനി പറയുന്ന നാല് പരിശോധനകള്‍ നടത്തുന്നത് അവരിലെ ഹൃദ്രോഗ സാധ്യത നേരത്തെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
1. രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിന്റെ മാത്രമല്ല പക്ഷാഘാതത്തിന്റെയും വൃക്ക രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇതിനാല്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിച്ച് സാധാരണ തോതിലാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സാധാരണ തോതിലാണെന്ന് കണ്ടാല്‍ വര്‍ഷത്തില്‍ ഒരു തവണ വച്ചെങ്കിലും വീണ്ടും പരിശോധിക്കേണ്ടതാണ്. ഉയര്‍ന്ന തോതില്‍ രക്തസമ്മര്‍ദ്ദമുള്ളവരും കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുളളവരും ഇടയ്ക്കിടെ അത് പരിശോധിക്കേണ്ടതും നിരന്തരമായി ഉയര്‍ന്ന തോതില്‍ തുടരുന്ന പക്ഷം ചികിത്സ തേടേണ്ടതുമാണ്.
2. കൊളസ്ട്രോള്‍ തോത്
ഉയര്‍ന്ന തോതിലുള്ള എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിയുന്നതിലേക്ക് നയിക്കും. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കും. അമിതവണ്ണമുള്ളവരോ കുടുംബത്തില്‍ ഹൃദ്രോഗചരിത്രമുള്ളവരോ ആയ സ്ത്രീകള്‍ ഇരുപതുകളില്‍ തന്നെ ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്. ഇതില്ലാത്തവര്‍ 45 വയസ്സില്‍ പരിശോധന ആരംഭിക്കേണ്ടതും നാലഞ്ച് വര്‍ഷത്തില്‍ ഇത് ആവര്‍ത്തിക്കേണ്ടതുമാണ്.

3. എച്ച്ബിഎ1സി പരിശോധന
പ്രമേഹവും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. എച്ച്ബിഎ1സി പരിശോധനയിലൂടെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടോയെന്നും അടുത്ത് തന്നെ പ്രമേഹം വരാന്‍ സാധ്യതയുണ്ടോ എന്നും മനസ്സിലാക്കാവുന്നതാണ്. നേരത്തെ കണ്ടെത്തി കഴിഞ്ഞാല്‍ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകളിലൂടെയും പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.
4. ബോഡി മാസ് ഇന്‍ഡെക്സ്
നിങ്ങളുടെ ഉയരത്തിന് ആനുപാതികമായ ഭാരമാണോ ഉള്ളതെന്ന പരിശോധനയാണ് ബോഡി മാസ് ഇന്‍ഡെക്സ് കണക്ക് കൂട്ടല്‍. അമിതവണ്ണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ 20കളില്‍ തന്നെ ബോഡി മാസ് ഇന്‍ഡെക്സ് പരിശോധിക്കുന്നത് സഹായിക്കും.