ചെറുപ്പക്കാർക്കും വരാം കാൻസർ; പേടിക്കേണ്ട ചികിത്സിച്ച് ഭേദമാക്കാം

Mail This Article
ഫെബ്രുവരി 4 – ലോക കാൻസർ ദിനം. പ്രായമായവർക്ക് എന്നതുപോലെ ചെറുപ്പക്കാരിലേക്കും കാൻസർ പിടിമുറുക്കുമ്പോൾ ആധുനിക ചികിത്സയുടെ സാധ്യതകൾ ഏറെയാണ്. ഓരോ രോഗിയും വ്യത്യസ്ഥരാണ് എന്നതുപോലെ കാൻസറും വ്യത്യസ്ഥം– 2025 ലെ ലോക കാൻസർ ദിനത്തിന്റെ ചിന്താവിഷയം അർബുദത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിൽ നോക്കിക്കാണാനുള്ള പ്രേരണയാണ്. United by Unique എന്ന ചിന്താവിഷയം കാൻസർ ചികിത്സയിലെ മാറുന്ന സമീപനം വ്യക്തമാക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരഘടനയും ശാരീരിക രസതന്ത്രവും വ്യത്യസ്ഥമായതിനാൽ കാൻസർ ചികിത്സയിലും ആ വ്യത്യസ്ഥത പുലർത്തുന്ന രീതിയാണിത്. ഓരോരുത്തരുടെയും രോഗത്തോടുള്ള സമീപനവും പ്രതികരണവും ഭിന്നമായിരിക്കും. അതുപോലെ തന്നെ സാമൂഹിക–സാമ്പത്തിക സ്ഥിതിയും പലരുടെയും പല രീതിയിലായിരിക്കും. രോഗിയേക്കാളുപരി വ്യക്തിയെ മുമ്പിൽ കണ്ടുകൊണ്ടുള്ള ചികിത്സ. അതാണ് വരാൻ പോകുന്ന അർബുദ ചികിത്സ.
ചെറുപ്പക്കാർക്കും വരാം കാൻസർ; പേടിക്കേണ്ട ചികിത്സിച്ച് ഭേദമാക്കാം
കാൻസർ പൊതുവെ പ്രായമായവരുടെ രോഗമാണെന്നാണ് ധാരണ. എന്നാൽ ആ സ്ഥിതി മാറി ചെറുപ്പക്കാരായ ആളുകളിലേക്കും കാൻസർ ഇഴഞ്ഞെത്തുന്നു എന്നതാണ് ഇതു സംബന്ധിച്ച പുതിയ ആശങ്ക. കാൻസർ ചികിത്സകരേയും സാമൂഹിക ശാസ്ത്രജ്ഞരെയും എല്ലാം അത് പ്രതിസന്ധിയിലാക്കുന്നു. പേടിവേണ്ട, ആധുനിക രോഗ–ചികിത്സാ മാനേജ്മെന്റ് രീതികളിലൂടെ ഇതിനെ നേരിടാനാവുമെന്നതാണ് ഉയർന്നുവരുന്ന പ്രതീക്ഷ. രോഗം സൗഖ്യമായാലും ഭാവിയിൽ വീണ്ടും കാൻസർ തലപൊക്കാനുള്ള സാധ്യതയെ മുന്നിൽക്കണ്ടുകൊണ്ടുള്ള പുതിയ കാൻസർ ചികിത്സാരീതികളാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിക്കാൻ പോകുന്നത്. യൗവനക്കാരിലും ടീനേജ് വിഭാഗത്തിലും കാണപ്പെടുന്ന സ്തനാർബുദം ഉൾപ്പെടെയുള്ള കാൻസർ ചികിത്സിച്ച് ഭേദമാക്കാമെങ്കിലും യൗവനക്കാരുടെ രോഗത്തോടുള്ള സമീപനത്തിൽ ഏറെ മാറ്റം ആവശ്യമാണ്. ഇവരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്തുള്ള മനാശ്ത്രപരമായ സമീപനമാണ് ഡോക്ടർമാർ സ്വീകരിക്കുന്നത്. മധ്യവയസ്കരിലും മറ്റും കാൻസർ വരുന്നതിനു പിന്നിൽ ജനിതകവും ജീവിതശൈലീപരവുമായ കാരണങ്ങൾ കണ്ടേക്കാം. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന മിക്ക കാൻസറുകളും പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നവയാണ്. ടീനേജുകാരിൽ കാണപ്പെടുന്ന അർബുദങ്ങളും ഇങ്ങനെ തന്നെ. മിക്കവാറും പൂർണമായും ഭേദമാക്കാം. നേരത്തെ കണ്ടുപിടിക്കാനായാൽ ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് നൽകി തികച്ചും ആരോഗ്യകരമായ ജീവിതത്തിലേക്കു തിരികെ വരാം.
ആദ്യം പേടിയും ഞെട്ടലും; പിന്നെ സൗഖ്യത്തിന്റെ കരസ്പർശം
ചെറുപ്പത്തിൽ കാൻസർ ബാധിച്ചു എന്ന് അറിയുമ്പോഴുള്ള പേടിയും ഞെട്ടലും സ്വാഭാവികമാണ്. ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതുപോലെ ഇത് മാനസിക ആരോഗ്യത്തെയും ബാധിക്കും. ചിലർ കാൻസറിനോടുള്ള പോരാട്ടത്തിൽ അസാമാന്യ ധീരത കാട്ടും. എന്നാൽ മറ്റു ചിലർക്കു പതർച്ച വന്നേക്കാം. അത്തരക്കാർക്ക് സുഹൃത്തുകളുടെയും ബന്ധുക്കളുടെയും കൗൺസലർമാരുടെയും സഹായം വേണ്ടി വന്നേക്കാം. ദേഷ്യവും നിരാശയും ദുഃഖയും നിസ്സഹായതുമെല്ലാം ഈ സമയത്ത് മനസ്സിനെ പിടിച്ചു കുലുക്കും. എന്നാൽ പിടിച്ചു നിൽക്കാനാകുന്നതോടെ ചികിത്സയും നല്ലരീതിൽ ഫലപ്രദമായി നടത്താനാവും. വിദ്യാർഥികളായിരിക്കുന്നവരിലോ വിവാഹം കഴിച്ച ഉടനെയോ മറ്റോ രോഗം വന്നാൽ ഒറ്റപ്പെട്ടുപോകുന്നതുപോലെ തോന്നും. ഇത്തരം സന്ദർഭങ്ങളിൽ രോഗികളെ ചേർത്തു പിടിച്ച് വേണ്ട കരുതലും സ്നേഹവും നൽകാനായാൽ ചികിത്സയ്ക്ക് ഏറെ പ്രയോജനപ്പെടും. റേഡിയേഷൻ, ശസ്ത്രക്രിയ, ശരീര ഭാഗങ്ങളിൽ വരുന്ന മാറ്റം തുടങ്ങിയവ രോഗിയെ മാനസികമായി തളർത്തും. ഇതിനു പുറമെയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള തെറ്റായ വിവരങ്ങളുടെ തള്ളിക്കയറ്റം.
ചെറുപ്പക്കാരിൽ അസ്വസ്ഥത കൂടുതൽ; പ്രായമായവർക്ക് പക്വതയുടെ പിൻബലം
പ്രായമായവർക്ക് കാൻസർ വന്നാലും പക്വതയോടെ നേരിടാനാവുമെങ്കിലും ചെറുപ്പക്കാരിൽ അങ്ങനെയല്ല. അവർ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. ഇത്തരം സമ്മർദങ്ങളിൽപ്പെടുന്ന രോഗികളിൽ സൗഖ്യം വരാൻ കാലതാമസം നേരിടുന്നതായാണ് അനുഭവം. ഉറക്കത്തെയും സൗഖ്യത്തെയും മാനസ്സിക സമ്മർദം ദോഷകരമായി ബാധിക്കുമെന്നത് രോഗിയും ബന്ധുക്കളും തിരിച്ചറിയണം. കാൻസർ കുറഞ്ഞു തുടങ്ങിയാലും മാനസ്സിക സമ്മർദം മൂലമുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകുന്നത് നല്ലതല്ല. ഇത് കാൻസർ ചികിത്സയുടെ വിജയത്തെ തന്നെ ബാധിക്കും. ചികിത്സ നടക്കുമ്പോൾ തന്നെ യോഗയും സംഗീതവും നടത്തവും പോസിറ്റീവ് ചിന്തകളും ഒക്കെയായി സജീവമായാൽ ചെറുപ്പക്കാരിലെ അർബുദ ചികിത്സ കൂടുതൽ വിജയകരമായിരിക്കുമെന്നതാണ് അനുഭവം. ഒറ്റപ്പെട്ട് ചിന്താവിഷ്ടരായിരിക്കുന്നത് നല്ലതല്ല. ജീവിതത്തിന്റെ താളം നിയന്ത്രണവിധേയമാക്കാനുള്ള പ്രകൃതിയുടെ മുന്നറിയിപ്പായും കാൻസറിനെ കാണാം. ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ പോകാനും ഇഷ്ടപ്പെട്ടവരെ വീണ്ടും കാണാനും തെറ്റ് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കാനുമൊക്കെ ഇത് വഴിയൊരുക്കുന്നു. ഇത്രനാളും ലഭിച്ച നല്ല ജീവിതത്തെ ഓർത്ത് നന്ദിയുള്ളവരായിരിക്കാം.

ആധുനിക കാൻസർ ചികിത്സ; സൗന്ദര്യം നഷ്ടപ്പെടാതെ
ആധുനിക കാലത്ത് കാൻസറിന് എതിരെ മികച്ച ചികിത്സ ലഭ്യമാണ്. കാൻസർ ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നതനുസരിച്ച് ചികിത്സയുടെ രീതിയും മാറും. വിദഗ്ധനായ ഒരു ഡോക്ടറോട് ഇക്കാര്യം ചർച്ച ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. രോഗിയുടെ സംശയങ്ങൾ നിവർത്തിക്കാൻ ഡോക്ടറും ഒരു പരിധിവരെ ബാധ്യസ്ഥനാണ്. നഷ്ടപ്പെടുന്ന അവയവ സൗന്ദര്യം വീണ്ടെടുക്കാനും ഇന്ന് മാർഗമുണ്ട്. ദാമ്പത്യ ജീവിതം തുടരാനാവുമോ എന്ന് ആശങ്കപ്പെടുന്നവരും ഏറെ. ഇതിനും ഫലപ്രദമായ ചികിത്സയും പരിഹാര മാർഗങ്ങളുമുണ്ട്. കഴുത്തോ, വൻകുടലോ തൊണ്ടയോ സ്തനമോ– ശരീര ഭാഗം ഏതുമാകട്ടെ, കാൻസർ ചികിത്സയും ശസ്ത്രക്രിയയും നടത്തി പരിഹാരം കാണാം. പൂർവസ്ഥിതിയിലേക്ക് ഈ അവയവങ്ങളെ ഒരു പരിധിവരെ കൊണ്ടുവരികയും ചെയ്യാം. കീമോയിലൂടെ മുടികൊഴിയുന്നതോ ശരീരത്തിന്റെ നിറം മാറുന്നതോ ചികിത്സ കഴിയുന്നതിന് ഒപ്പം പഴയതുപോലെ ആക്കാം.
(മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പരിശീലനം നേടിയ പ്രശ്സത കാൻസർ സർജനും ചികിത്സകനുമാണ് ഡോ. തോമസ് വർഗീസ്. എറണാകുളം മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി കാൻസർ, സർജിക്കൽ ഓങ്കോളജി വിഭാഗം മെഡിക്കൽ ഡയറക്ടറാണ്)