മുതിർന്നവരുടെ ആശുപത്രി വാസം; വീട്ടിലുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Mail This Article
മുതിര്‍ന്ന പൗരന്മാര്ക്ക് ആശുപത്രി വാസം വേണ്ടിവരുന്ന ഘട്ടങ്ങള്‍ ഉണ്ടാകാം. അത് ചിലപ്പോള്‍ പെട്ടെന്നുമാകാം. എന്ത് ഔഷധങ്ങളാണ് കഴിക്കുന്നതെന്നോ രോഗം എന്തെന്നോ വീട്ടിലിലുള്ളവര്ക്ക് നിശ്ചയമില്ലാതെ പോയാല്‍ ആശയക്കുഴപ്പമുണ്ടാകാം. എല്ലാം കൃത്യമായി സൂക്ഷിക്കുന്ന വ്യക്തികള്‍ക്ക് പോലും രോഗവേളയില്‍ മനസ്സാന്നിധ്യം നഷ്ടമാകാറുണ്ട് .
ആരോഗ്യ വിവരങ്ങള്‍ അറിയണം
മുതിർന്നവരുടെ ആരോഗ്യ വിവരങ്ങള്‍ മനസ്സിലാക്കാന്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കണം. വീട്ടില്‍ ഒരു ഹെല്‍ത്ത് ഫയല്‍ ഉണ്ടാക്കണം. അതില്‍ വീട്ടിലെ പ്രായമായവരുടെ പരിശോധനാ ഫലങ്ങളും കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റും വേണം. അലര്‍ജികള്‍ അറിയണം. മാതാവോ പിതാവോ പെട്ടെന്ന് തീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ വ്യക്തമായി ഇതൊക്കെ പറയാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മക്കളുണ്ട്. ജീവിതസായാഹ്നത്തില്‍ ആരോഗ്യ കാര്യങ്ങള്‍ തനിയെ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അടിയന്തര വേളകളില്‍ ഉപയോഗിക്കാനുള്ള വിവരങ്ങള്‍ വീട്ടിലെ ഇളമുറക്കാരെ അറിയിക്കണം.

പിരിമുറുക്കം കുറയ്ക്കാം
ആശുപത്രി വാസം ആര്‍ക്കും സന്തോഷമുള്ള കാര്യമല്ല. രോഗത്തെ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ നേരിടുന്നതാണ് ശരിയായ രീതി. എന്നാല്‍ ചിലര്‍ ആരോഗ്യ സ്ഥിതി പരിഗണിക്കാതെ വീട്ടില്‍ പോകണമെന്ന നിര്ബന്ധംപിടിക്കാം. രോഗമില്ലെന്ന മട്ടില്‍ നഴ്സുമാരോടും വീട്ടുകാരോടും വാശികാട്ടാം. ഇത്തരം സാഹചര്യങ്ങളില്‍ നയപരമായും കരുതലോടെയും ഇടപെട്ട് തണുപ്പിക്കണം. ആത്മധൈര്യം ചോര്‍ന്ന് തളര്‍ന്നു പോകുന്നവരുമുണ്ട്. രോഗത്തെ നേരിടാനുള്ള പിന്തുണ വീട്ടുകാര്‍ നല്‍കണം. തലോടി ആശ്വസിപ്പിക്കാം, സന്തോഷം നല്കുന്ന വര്‍ത്തമാനം പറയാം.
സഹനത്തില്‍ പിന്തുണയേകാം
രോഗത്തെക്കുറിച്ചുള്ള അപ്രിയവിവരങ്ങള് പറയേണ്ടി വരുന്നത് ഒരു വലിയ വെല്ലുവിളിയാണ്. അറിയേണ്ടത് അറിയിക്കുകയും വൈകാരിക വിഷമങ്ങളില്‍ ഒപ്പം നില്‍ക്കുകയും സമാധാനം നല്‍കുകയുമാണ് വേണ്ടത്. ഡോക്ടറുടെ സഹായത്തോടെ ഇത് സാധ്യമാക്കണം. ഉറ്റവരുടെയും ഉടയവരുടെയും സ്നേഹസാന്നിധ്യം സഹനത്തെ എളുപ്പമാക്കും. മുഴുവന്‍ നേരവും ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് പരിചാരകരെ നിയോഗിക്കേണ്ടി വരാം. അത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനായി മനസ്സൊരുക്കണം.