നെഞ്ചുവേദന: ഈ അബദ്ധങ്ങൾ ഒഴിവാക്കണം, സിപിആർ നൽകേണ്ടത് ഇങ്ങനെ

Mail This Article
കാൻസറിനോടുള്ള അതേ ഭീതി മനുഷ്യർക്ക് നെഞ്ചുവേദനയോടുമുണ്ട്. കാരണം ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകളെ പ്രായഭേദമന്യേ മരണത്തിലേക്ക് തള്ളിവിടുന്ന രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. നെഞ്ചിരിച്ചിൽ, ക്ഷീണം, അമിതമായ വിയർപ്പ് ഉൾപ്പെടെ ഹൃദയാഘാതത്തിന് നിരവധി ലക്ഷണങ്ങളുണ്ടെങ്കിലും എല്ലാവർക്കും അറിയുന്ന ഒരു ലക്ഷണം നെഞ്ചുവേദനയാണ്. എന്നാൽ എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ? നെഞ്ചുവേദന വന്നാൽ എന്ത് ചെയ്യണം? കാർഡിയോളജിസ്റ്റ് ഡോ. സരിത ശേഖര്‍ മനോരമ ഓൺലൈനിൽ സംസാരിക്കുന്നു.
നെഞ്ചിന്റെ ഇടത് ഭാഗത്തായിട്ടാണ് ഹൃദയം സ്ഥിതി ചെയ്യുന്നതെങ്കിലും, നെഞ്ചിന്റെ മധ്യഭാഗത്തായിട്ടായിരിക്കും ഹാർട്ട് അറ്റാക്കിന്റെ വേദന അനുഭവപ്പെടുക. വേദനയോടൊപ്പം ഒരു ഭാരമെടുത്തുവെച്ച തോന്നലും അനുഭവപ്പെടും. നെഞ്ചിൽ നിന്ന് തോളിലേക്കും ചിലപ്പോൾ താടിയെല്ലിലേക്കും ഈ വേദന വ്യാപിക്കും. ഈ വേദന ഹൃദയാഘാതത്തിന്റെ വേദനയാകാനുള്ള സാധ്യത ഏറെയാണ്. നെഞ്ചുവേദനയുടെ ലക്ഷണം പ്രകടിപ്പിച്ചാൽ ഉടൻതന്നെ വ്യക്തിയെ ആശുപത്രിയിലെത്തിക്കണം. ഇനി വ്യക്തി നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്താൽ സിപിആർ നൽകണം. മരണത്തിൽ നിന്ന് രോഗിയെ രക്ഷിക്കാൻ സാധാരണക്കാരായ എതൊരാൾക്കും സിപിആറിലൂടെ സാധിക്കും. എന്നാൽ സിപിആര്‍ നൽകുന്നതിനെ കുറിച്ച് എല്ലാവർക്കും വ്യക്തമായ ധാരണയില്ലെന്നത് നിരാശാജനകമാണ്.

എന്താണ് സിപിആർ?
കൈ കൊണ്ട് നെഞ്ചിൽ ഒരു മിനിറ്റിൽ കുറഞ്ഞത് നൂറ് തവണയെങ്കിലും അമർത്തുന്നതിനെയാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍ എന്ന് പറയുന്നത്. തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തചംക്രമണവും ഹൃദയമിടിപ്പും നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശരാജ്യങ്ങളില്‍ രോഗിയ്ക്കരികിൽ ഡോക്ടർമാർ അടങ്ങിയ എമർജൻസി ടീം ഉടനെത്താറുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ആരോഗ്യരംഗം അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ല. അഡ്വാൻസ്ഡ് കാർഡിയാക് കെയർ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന ആംബുലന്‍സുകളും നമ്മുടെ നാട്ടിൽ സുലഭമല്ലാത്തതിനാൽ രോഗിക്ക് സിപിആര്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയത്തിലെ ഒരു രക്തക്കുഴൽ അടഞ്ഞു പോകുമ്പോഴാണ് നെഞ്ചുവേദനയുണ്ടാകുന്നത്. ആ രക്തക്കുഴൽ എത്ര വേഗം തുറക്കാൻ പറ്റുമോ അത്രയും വേഗം രോഗിയുടെ ജീവൻ രക്ഷിക്കാനാവും. ഇസിജിയുടെയും മറ്റ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അറ്റാക്ക് ആണെന്ന് ഡോക്ടര്‍മാർ പറഞ്ഞാൽ ആ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിൽക്കരുത്.
നെഞ്ചുവേദന ആരംഭിച്ച ആദ്യത്തെ ഒരു മണിക്കൂർ രോഗിയെ രക്ഷിക്കാനുള്ള ഗോള്‍ഡൻ അവേഴ്സ് ആണെന്നും ഡോക്ടർ പറയുന്നു. പിന്നീടുള്ള മൂന്ന് മണിക്കൂർ ഡോക്ടറെയും രോഗിയെയും സംബന്ധിച്ച് അതിനിർണായകമാണ്. ആൻജിയോപ്ലാസ്റ്റികുള്ള സൗകര്യങ്ങളുണ്ട്, അത്യാസന്ന നിലയിലാണെന്ന് ഡോക്ടർമാർ പറഞ്ഞാൽ അതനുസരിച്ച് മുന്നോട്ട് പോകാൻ ചുറ്റുമുള്ളവർ തയ്യാറാകണം. ഇതിന് തയ്യാറാകാതെ രോഗിയെ മറ്റൊരു ആശുപത്രയിലേക്ക് മാറ്റുന്നതിലൂടെ രോഗിയെ രക്ഷിക്കാനുള്ള സമയമാണ് നഷ്ടപ്പെടുന്നത്. മേജർ അറ്റാക്ക് ആണെങ്കിൽ മികച്ച അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ തന്നെ രോഗി തുടരുന്നതാണ് നല്ലത്.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ഇസിജിയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ പറഞ്ഞാൽ, അവരുടെ അഭിപ്രായം തേടിയതിന് ശേഷം മറ്റ് ആശുപത്രിയിലേക്ക് മാറ്റാം. കാർഡിയോളജിയിൽ നിന്ന് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹാർട്ടിന്റെ ബ്ലോക്ക് തുടങ്ങിയവക്കുള്ള മരുന്നുകൾ ആരംഭിച്ച് തുടങ്ങിയാൽ കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കണം. റിസ്ക് ഫാക്ടേഴ്സ് കൺട്രോൾ ചെയ്യാനാണിതെന്നും ഡോക്ടർ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
എങ്ങനെ ചെയ്യാം സിപിആർ?
രോഗിയെ നിരപ്പായ, കട്ടിയുള്ള പ്രതലത്തിൽ മുഖം മുകളിലേക്ക് ആകത്തക്ക വിധത്തിൽ മലർത്തി കിടത്തുക. രോഗിയുടെ വശത്തായി മുട്ടു കുത്തി നിൽക്കുക. രോഗിയുടെ നെഞ്ചിലെ മധ്യഭാഗത്തുള്ള അസ്ഥിയിൽ ഒരു കൈപ്പത്തി വച്ച് അതിനു മുകളിൽ നമ്മുടെ അടുത്ത കൈവച്ചതിനു ശേഷം വിരലുകൾ കോർത്തു പിടിച്ച് മിനിറ്റിൽ 100 പ്രാവശ്യം രണ്ടിഞ്ച് ആഴത്തിൽ ആവർത്തിച്ച് അമർത്തുക. ഓരോ തവണ അമർത്തുമ്പോഴും രോഗിയുടെ നെഞ്ച് പഴയ നിലയിലേക്കു വരാൻ അനുവദിക്കണം. ഇതിനു ശേഷം രോഗിയുടെ താടിയെല്ല് മുകളിലേക്ക് ഉയർത്തി, മൂക്കു പൊത്തിപ്പിടിച്ച്, വായിലൂടെ 2 തവണ ശ്വാസം കൊടുക്കാം. കൃത്രിമ ശ്വാസം കൊടുക്കാതെയും സിപിആർ (Cardiopulmonary Resuscitation) ചെയ്യാവുന്നതാണ്.
എപ്പോൾ ചെയ്യണം സിപിആർ?
എപ്പോഴാണു സിപിആർ ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. അതിനാൽ മിക്കവരും ഇതിനായി മുന്നോട്ടുവരില്ല. ഒഴിവാക്കാവുന്ന മരണങ്ങളാണ് ഇതുമൂലം സംഭവിക്കുക. ഒരാൾ ബോധം നശിച്ചു കുഴഞ്ഞുവീഴുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്‌താൽ ഒരുനിമിഷം പോലും വൈകാതെ സിപിആർ തുടങ്ങണം. എത്രയും നേരത്തേ തുടങ്ങുന്നുവോ രക്ഷപ്പെടാനുള്ള സാധ്യതയും അത്രയും കൂടും. കൂടെയുള്ളവർ ഏറ്റവും അടുത്തുള്ള ഡീഫിബ്രിലേറ്റർ (ഇലക്ട്രിക് ഷോക്കിലൂടെ ഹൃദയതാളം ക്രമപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം) എത്രയും വേഗം എത്തിക്കുകയും വേണം. പല പൊതുസ്ഥലങ്ങളിലും ഡീഫിബ്രിലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നതുവരെ, അല്ലെങ്കിൽ പ്രഫഷനൽ സഹായം കിട്ടുന്നതുവരെ സിപിആർ തുടരണം.