പ്രമേഹം കാരണമുണ്ടാകുന്ന മാനസിക അസ്വസ്ഥത; പരിഹാരമുണ്ട്, ഇവ അറിയാം!

Mail This Article
പ്രമേഹം മൂലമുണ്ടാകുന്ന മാനസിക അസ്വസ്ഥതയ്ക്ക് (Diabetes distress) പരിഹാരമുണ്ട്. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
∙ഡയബറ്റിസ് ഡിസ്ട്രസ് സാധാരണമാണെന്നും പ്രമേഹരോഗികളില്‍ അഞ്ചിലൊരാളെ വരെ ബാധിക്കാം എന്നും തിരിച്ചറിയുക.
∙ചികിത്സയെ സംബന്ധിച്ച ആശങ്കകള്‍ ചികിത്സകനുമായി പങ്കുവയ്ക്കുക. മരുന്നുകളുടെ ലഭ്യത, വില, പരിശോധനകള്‍ വഴിയുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ തുറന്നു സംസാരിക്കുകയും പരിഹാരം തേടുകയും ചെയ്യുക.
∙ധാരാളം പച്ചക്കറികളും മിതമായി ഫലവര്‍ഗങ്ങളും പ്രോട്ടീനും അടങ്ങുന്ന നല്ല ഭക്ഷണം ശീലമാക്കുക. രോഗത്തില്‍ വരുന്ന കുറവിനൊപ്പം മാനസികമായ ആശ്വാസത്തിനും ഇത് സഹായിക്കും.
∙ശരീരത്തിന് നല്‍കുന്ന ഒട്ടേറെ ഗുണങ്ങള്‍ക്ക് പുറമേ മാനസിക ഉല്ലാസത്തിനുമുള്ള ഏറ്റവും നല്ല ഉപാധിയാണ് വ്യായാമം. ഇഷ്ടമുള്ള വ്യായാമം തിരഞ്ഞെടുത്തു നിത്യവും ചെയ്യുന്നത് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കും.
∙നന്നായി ഉറങ്ങുക. 7-8 മണിക്കൂര്‍ ഉറക്കം നല്ല ഉന്മേഷം നല്‍കും.
∙ധ്യാനം (meditation), ബോധപൂര്‍വ ശ്വാസോച്ഛ്വാസം (mindful breathing) എന്നിവ നല്ലതാണ്. ഇഷ്ടമുള്ള പ്രവൃത്തികള്‍ക്കും വിനോദത്തിനും സമയം കണ്ടെത്തുക. വിഷമിപ്പിക്കുന്ന വായനയും കാഴ്ചകളും ഒഴിവാക്കി സന്തോഷിപ്പിക്കുന്നവ വായിക്കുകയും കാണുകയും ചെയ്യുക.
∙ടിവിയും മൊബൈല്‍ ഫോണും കുറച്ച്, സുഹൃത്തുക്കളും ബന്ധുക്കളുമായി കൂടുതല്‍ ഇടപെടുക. ജോലിയില്‍ സമയക്ലിപ്തത കൊണ്ടുവരികയും പറ്റുന്നതു മാത്രം ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്യുക.
∙മാനസിക സമ്മര്‍ദം നേരിടുന്നുവെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറുടെയും ബന്ധുക്കളുടെയും സഹായം തേടാന്‍ മടിക്കേണ്ട. ഭൂരിപക്ഷം പേര്‍ക്കും ഇവകൊണ്ട് ഡിസ്ട്രസ് മറികടക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാം.
(തയ്യറാക്കിയത് ഡോ. ശ്രീജിത് എന്‍. കുമാര്‍,
ഡയബറ്റിസ് കെയര്‍ സെന്റര്‍,തിരുവനന്തപുരം.)