ADVERTISEMENT

ഭക്ഷണം കഴിച്ചശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റം അദ്ഭുതകരമാണ് എന്നറിയാമോ?

വെറും രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഭക്ഷണത്തിൽനിന്ന് ഒഴിവാക്കി നോക്കൂ. ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യും. ഊർജനില മെച്ചപ്പെടുത്തുന്നതു മുതല്‍ ചർമത്തിന്റെ ആരോഗ്യം വരെ നീളുന്ന ഗുണങ്ങൾ ലഭിക്കും. 

രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കിയാൽ മുഖത്തിന് സ്വാഭാവികമായ ആകൃതി ലഭിക്കും. കണ്ണുകൾക്കു ചുറ്റുമുള്ള വീക്കം കുറയും. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങള്‍ എങ്കിൽ പഞ്ചസാര ഒഴിവാക്കിയാൽ ലഭിക്കുന്നത് അതിശയകരമായ ഗുണങ്ങളാണ്. ശരീരഭാരം കുറഞ്ഞാലും കുടവയർ കുറയുന്നില്ല എന്ന പരാതി പലർക്കുമുണ്ട്. പഞ്ചസാര ഒഴിവാക്കുക എന്നതാണ് അതിനുള്ള പരിഹാരങ്ങളിലൊന്ന്. പഞ്ചസാര ഒഴിവാക്കിയാൽ കുടവയർ കുറയുമെന്ന് മാത്രമല്ല, കരളിലെ കൊഴുപ്പും കുറയും. കൂടാതെ ഉദരാരോഗ്യം മെച്ചപ്പെടുത്താനും പഞ്ചസാര ഒഴിവാക്കുന്നതു വഴി സാധിക്കും. 

Representative Image. Image Credit: RealPeopleGroup / Istockphoto.com.
Representative Image. Image Credit: RealPeopleGroup / Istockphoto.com.

മുഖക്കുരുവും മുഖത്ത് ചുവന്ന പാടുകളും മൂലം വിഷമിക്കുന്നവർക്കും പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതു വഴി ഗുണം ലഭിക്കും. പഞ്ചസാര ഒഴിവാക്കുന്നതു ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. 
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യും. ഉയർന്ന രക്തസമ്മർദം, ഇൻഫ്ലമേഷൻ, ഹൃദയാരോഗ്യം നഷ്ടപ്പെടുക എന്നിവയ്ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ അമിതോപയോഗം, പ്രത്യേകിച്ച് മധുരപാനീയങ്ങളുടെ ഉപയോഗം ശരീരഭാരം കൂടാനും പൊണ്ണത്തടിക്കും കാരണമാകും. ഇൻസുലിൻ പ്രതിരോധവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. വായിൽ ഉപദ്രവകാരികളായ ബാക്ടീരിയകൾ പെരുകാനും പല്ലിൽ പോടുണ്ടാകാനും മോണരോഗങ്ങൾക്കും പഞ്ചസാരയുടെ ഉപയോഗം കാരണമാകും. 

പഞ്ചാരയുടെ അമിതോപയോഗം അകാലവാർധക്യത്തിനു കാരണമാകും. രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും ഒഴിവാക്കാം. ദിവസം മുഴുവൻ ഊർജം നിലനിർത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാകുന്നതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടും. നല്ല ഉറക്കം ലഭിക്കാനും ഇതു മൂലം സാധിക്കും. 

ദിവസവും ആവശ്യമായ കാലറിയുടെ ആറുശതമാനം മാത്രമേ പഞ്ചസാര ആകാവൂ എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. ഇത് സ്ത്രീകൾക്ക് 25 ഗ്രാമും പുരുഷൻമാർക്ക് 36 ഗ്രാമും ആണ്.  പഞ്ചസാര ഒഴിവാക്കുന്നത് മുതിർന്നവർക്കു മാത്രമല്ല. കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടുത്തും. ചെറിയ പ്രായത്തിൽ തന്നെ മധുരം നിയന്ത്രിക്കുന്നത് ടൈപ്പ് 2 പ്രമേഹവും ഉയർന്ന രക്തസമ്മർദവും വരാനുള്ള സാധ്യത കുറയ്ക്കും എന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മധുരം കുറയ്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെടും.

English Summary:

Beat Belly Fat & Improve Your Health: The Power of a 2-Week Sugar-Free Diet. Drop Sugar for 2 Weeks Transform Your Skin, Energy & Belly Fat.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com