ADVERTISEMENT

കൂര്‍ക്കംവലിച്ചുറങ്ങുന്നതു നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമാകാം കൂര്‍ക്കംവലി. മൂക്കിന്റെ പാലത്തിന്റെ വളവ്, മൂക്കിലെ ദശവളര്‍ച്ചകള്‍, വലിയ ടോണ്‍സില്‍, അണ്ണാക്കിന്റെയോ ചെറുനാക്കിന്റെയോ മുഖത്തെ എല്ലുകളുടെയോ ഘടനാപരമായ വ്യത്യാസങ്ങള്‍ തുടങ്ങിയവ കൂര്‍ക്കംവലിക്ക് കാരണമാകാം. ചിലപ്പോള്‍ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയുടെ (OSA) ലക്ഷണമാകാം കൂര്‍ക്കംവലി.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ
ശ്വാസനാളത്തിലെ തടസ്സങ്ങള്‍ മൂലം ഉറക്കത്തില്‍ ചെറിയ സമയത്തേക്ക് ശ്വാസം നിലയ്ക്കുന്ന അവസ്ഥയാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ. ഇതു രാത്രിയില്‍ ഒന്നിലധികം തവണ സംഭവിക്കാം. സ്ലീപ് അപ്നിയ ഉള്ളവര്‍ ഗാഢമായ ഉറക്കത്തിലേക്കു പോകുംതോറും കൂര്‍ക്കംവലിയുടെ തീവ്രത കൂടും. പിന്നീട് കുറച്ചു നേരത്തേക്കു ശ്വാസം നിലയ്ക്കുകയും ചെയ്യും. ആ സമയത്തു രക്തത്തിലെ ഓക്സിജന്റെ അളവു കുറയുകയും കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും. ഇതു തലച്ചോറു തിരിച്ചറിയുകയും ഞെട്ടലോടെ ഉണരുകയും ചെയ്യും. ഇതോടെ കൂര്‍ക്കംവലി നിലയ്ക്കും. എന്നാല്‍ എപ്പോഴും പൂര്‍ണമായി ഉണരണമെന്നില്ല. ചിലര്‍ ആഴമേറിയ ഉറക്കത്തില്‍ നിന്നു പാതി ഉറക്കത്തിലേക്കു വന്നു പതിയെ തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങും. കുറച്ചു സമയത്തിന് ശേഷം വീണ്ടും അപ്നിയയിലേക്ക് പോകും. സ്ലീപ്പ് അപ്നിയ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകാം. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കാം. ടൈപ്പ് 2 പ്രമേഹത്തിനു സാധ്യത കൂട്ടാം. ഓര്‍മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയ്ക്ക് കാരണമാകാം. പകല്‍ സമയത്ത് അമിതമായ ക്ഷീണവും ഉറക്കവും അനുഭവപ്പെടാം.

എന്താണ് പരിഹാരം?
അമിതവണ്ണമുള്ളവര്‍ പൊക്കത്തിനനുസരിച്ചുള്ള ഭാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
ഉറങ്ങുന്നതിനു മുന്‍പ് മദ്യം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക.
അലര്‍ജികളും മൂക്കിലുണ്ടാകുന്ന ദശകളും ചികിത്സിക്കുക.
താടിയെല്ലിന്റെയും നാക്കിന്റെയും സ്ഥാനം, ഉറങ്ങുമ്പോള്‍ മുന്നോട്ടു കൊണ്ടുവന്നു ശ്വാസതടസ്സം ഇല്ലാതാക്കാന്‍ മാന്‍ഡിബുലാര്‍ അഡ്വാന്‍സ്‌മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കാം.
ഉറങ്ങുന്ന സമയത്ത് ഉപയോഗിക്കാവുന്ന, മുഖത്ത് മാസ്‌ക് മുഖേന ഘടിപ്പിക്കുന്ന വെന്റിലേറ്റര്‍ സിപിഎപി മെഷീന്‍(CPAP) ലഭ്യമാണ്.
മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ ഫലപ്രദമാകാത്തവരില്‍ ശ്വാസനാളത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ശസ്ത്രക്രിയയും നിലവിലുണ്ട്.
"ഇന്ത്യക്കാരില്‍ 11% പേര്‍ക്ക് ഒബ്സ്ട്രക്റ്റീവ് 
സ്ലീപ് അപ്നിയ ഉള്ളതായി കണക്കുകള്‍  സൂചിപ്പിക്കുന്നു."

സ്ലീപ് അപ്നിയ എങ്ങനെ തിരിച്ചറിയാം?
രാവിലെ എഴുന്നേല്‍ക്കുന്ന സമയത്ത് ക്ഷീണവും തളര്‍ച്ചയും ഉന്മേഷക്കുറവും അനുഭവപ്പെടുന്നുണ്ടോ?
രാവിലെ തലവേദനയുണ്ടോ?പകല്‍ സമയത്ത് എളുപ്പത്തില്‍ ഉറങ്ങാറുണ്ടോ?
ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലികള്‍ പൂര്‍ത്തിയാക്കാനും ബുദ്ധിമുട്ടുണ്ടോ?
എപ്പോഴെങ്കിലും വാഹനത്തില്‍ വീട്ടില്‍ എത്തിയ ശേഷം, ആ യാത്ര ഓര്‍ക്കാന്‍ സാധിക്കാത്ത പ്രശ്‌നമുണ്ടോ?
രാത്രിയില്‍ ഉറക്കെ കൂര്‍ക്കം വലിക്കാറുണ്ടോ?ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടോ, ഇടയ്ക്കിടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവസ്ഥയുണ്ടോ?
ശ്വാസോച്ഛ്വാസത്തില്‍ ഇടയ്ക്കിടെ ഇടവേളകള്‍ അനുഭവപ്പെടാറുണ്ടോ (അതായത്, ശ്വാസം മുട്ടുകയോ ആരെങ്കിലും ശ്വാസം മുട്ടിക്കുകയോ ചെയ്യുന്നതുപോലെ തോന്നാറുണ്ടോ)?
ഉറക്കത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാല്‍ എഴുന്നേറ്റു വീണ്ടും കിടന്നോ തലയണകള്‍ ഉയര്‍ത്തിയോ ഉറങ്ങേണ്ടതുണ്ടോ?
രാത്രിയില്‍ പല തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടതുണ്ടോ? 
പ്രായപൂര്‍ത്തിയായ ശേഷവും ഉറങ്ങുമ്പോള്‍ കിടക്കയില്‍ അറിയാതെ മൂത്രം പോയിട്ടുണ്ടോ?
പലപ്പോഴും പേടിസ്വപ്നങ്ങള്‍ കാണാറുണ്ടോ?
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ 3 മുതല്‍ 5 വരെ കാര്യങ്ങളില്‍ ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് സ്ലീപ് അപ്നിയ ഉണ്ടാകാം. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉണ്ടെന്നു സംശയിക്കുന്നവര്‍ വിശദമായ പരിശോധനയ്ക്ക് വിധേയരാകണം.
(തയാറാക്കിയത്: ഡോ. പ്രശാന്ത് പരമേശ്വരന്‍ ഇഎന്‍ടി, ഹെഡ്  ആന്‍ഡ് നെക്ക്,  സ്ലീപ് സര്‍ജന്‍, അസെന്റ് ഹോസ്പിറ്റല്‍,  പാലക്കാട്.)

English Summary:

Stop Snoring, Start Living: Your Guide to Understanding & Treating Sleep Apnea. Is Your Snoring Ruining Your Health? Diagnose Sleep Apnea Symptoms Now.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com