കഴുത്തിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കിഡ്നി കാൻസറിന്റെ ലക്ഷണമാകാം!

Mail This Article
കഴുത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ വൃക്കകളിലെ കാൻസർ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം എന്ന് ഡോക്ടർമാർ. വൃക്കകളിലെ കലകളി (tissues)ൽ ഉണ്ടാകുന്ന അസാധാരണമായ കോശവളർച്ച മൂലം കാൻസർ ഉണ്ടാകാം. കാൻസർ കോശങ്ങൾ, മറ്റ് അവയവങ്ങളിലെ കോശങ്ങളെ ബാധിക്കുകയും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പകരുകയും ചെയ്യും.
കിഡ്നി കാൻസറിന് ലോകത്ത് പതിനാലാം സ്ഥാനമാണുള്ളത്. പ്രധാനമായും പ്രായമായ ആളുകളെയാണ് ഇത് ബാധിക്കുന്നത്. സ്ത്രീകളെക്കാൾ പുരുഷൻമാർക്കാണ് രോഗസാധ്യത കൂടുതൽ. സാധാരണയായി കിഡ്നി കാൻസർ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. മറ്റെന്തെങ്കിലും കാരണങ്ങൾക്കായി പരിശോധന നടത്തുമ്പോഴാവും കിഡ്നി കാൻസർ തിരിച്ചറിയപ്പെടാറ് എന്ന് ഡോക്ടർമാർ പറയുന്നു. കഴുത്ത് വൃക്കകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം. കഴുത്തിനെ വൃക്കകളുമായി ബന്ധപ്പെടുത്തുക അത്ര എളുപ്പമല്ല. എന്നാൽ കാൻസര്‍ കോശങ്ങൾ കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിക്കുമ്പോൾ കഴുത്തിന് വീക്കം ഉണ്ടാകും. ഇത് അപൂർവമായ ഒരവസ്ഥയാണ്.
കഴുത്തിൽ മുഴ കാണപ്പെടുന്നതും കിഡ്നി കാൻസറിന്റെ ലക്ഷണമാകാം. വൃക്കയിൽ നിന്ന് കഴുത്തിലെ ലിംഫ്റോഡുകളിലേക്ക് കാൻസർ ബാധിച്ചു എന്നതിന്റെ ലക്ഷണമാണിത്. കിഡ്നി കാൻസറിന്റെ അവസാനഘട്ടത്തിലാകും ഇങ്ങനെ സംഭവിക്കുന്നത്. കാൻസർ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു എന്നതിന്റെ ലക്ഷണമാണിത്. അടിയന്തിര വൈദ്യസഹായം ഈ ഘട്ടത്തിൽ ആവശ്യമാണ്.

കിഡ്നി കാൻസറിന്റെ ലക്ഷണങ്ങൾ
ആദ്യഘട്ടത്തിൽ കിഡ്നി കാൻസർ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. എന്നാൽ ട്യൂമർ വളരുന്നതിനനുസരിച്ച് ചില ലക്ഷണങ്ങളും പ്രകടമാകും. അവ എന്തൊക്കെ എന്നറിയാം.
∙മൂത്രത്തിൽ രക്തം കാണപ്പെടുക
∙വൃക്കയുടെ ഭാഗത്ത് മുഴ
∙വയറിന്റെ മുകളിലോ പുറങ്ങളിലോ വശങ്ങളിലോ വേദന
∙ക്ഷീണവും തളർച്ചയും
∙സുഖമില്ല എന്ന തോന്നൽ
∙വിശപ്പില്ലായ്മ
∙തനിയെ ശരീരഭാരം കുറയുക
∙പനി
∙എല്ലുകൾക്ക് വേദന
∙ഉയർന്ന രക്തസമ്മർദം
∙വിളർച്ച
കാരണങ്ങൾ
കിഡ്നി കാൻസർ വരാനുള്ള കൃത്യമായ കാരണം ആരോഗ്യവിദഗ്ധർക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. എങ്കിലും രോഗസാധ്യത കൂട്ടുന്ന ചില ഘടകങ്ങളുണ്ട്. അവ ഇതാണ്.
∙പുകവലി
∙പൊണ്ണത്തടി
∙രോഗത്തിന്റെ കുടുംബചരിത്രം, ജനിതകം
∙റേഡിയേഷൻ തെറപ്പി
∙ജീനുകളുടെ മ്യൂട്ടേഷൻ
∙ദീർഘകാലമായുള്ള ഡയാലിസിസ്
രോഗനിർണയം
കിഡ്നി കാൻസറിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ രോഗനിർണയത്തിന് പല പരിശോധനകളും ഉണ്ട്. പൂർണമായ ഒരു മെഡിക്കൽ ഹിസ്റ്ററിയും ഒപ്പം ചില പരിശോധനകളും രോഗനിർണയത്തിൽ ഉൾപ്പെടും. പരിശോധനകൾ ഇവയാണ്.

∙മൂത്രപരിശോധന
മൂത്രത്തിൽ രക്തം ഉണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന.
∙രക്തപരിശോധന
വിശദമായ രക്തപരിശോധന ഒപ്പം ഇലക്ട്രോലൈറ്റുകളുടെയും പരിശോധന.
∙സിടി സ്കാൻ
ശരീരത്തിന്റെ ഉൾഭാഗത്തിന്റെ ചിത്രങ്ങൾ കംപ്യൂട്ടറിന്റെ സഹായത്തോടെ എടുക്കുന്ന സ്പെഷ്യൽ എക്സ്റേ ആണിത്.
∙റീനൽ മാസ് ബയോപ്സി
വളരെ കനം കുറഞ്ഞ ഒരു സൂചി ട്യൂമറിലേക്ക് കടത്തി കലയുടെ (tisue) സാമ്പിൾ ശേഖരിച്ച് കാൻസർ കോശങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുന്ന പരിശോധനയാണിത്.