ഒരു കാൽ ഉയർത്തി മറ്റേ കാലിൽ ബാലൻസ് ചെയ്ത് നിൽക്കാൻ പറ്റുമോ? നിങ്ങളുടെ ആരോഗ്യത്തെ അറിയാം!

Mail This Article
പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ വയസ്സാകുമ്പോഴും നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നത് ജീവിതം സുഗമമാക്കും. നിങ്ങള്‍ ആരോഗ്യത്തോടെയാണോ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ലളിതമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയാണ് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം.
സംഗതി വളരെ ലളിതമാണ്. ഒരു കാല് ഉയര്‍ത്തി മറ്റേ കാലില്‍ ബാലന്‍സ് ചെയ്ത് നില്ക്കുക. ഇത്തരത്തില്‍ എത്ര നേരം നില്ക്കാന് സാധിക്കുമെന്നത് നിങ്ങളുടെ വാര്‍ധക്യത്തിലെ ആരോഗ്യത്തെ സംബന്ധിച്ച് സൂചന നല്‍കുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. 50 വയസ്സ് കഴിഞ്ഞാല്‍ ഇത്തരത്തില്‍ ഒരു കാലില്‍ നില്ക്കാന് കഴിയുന്ന നേരത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞ് വരുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
50 വയസ്സിന് മുകളില്‍ പ്രായമുളള 40 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ പകുതി പേര് 65 വയസ്സിന് താഴെ പ്രായമുള്ളവരും ശേഷിക്കുന്നവര്‍ 65ന് മുകളില്‍ പ്രായമുള്ളവരുമായിരുന്നു. 65ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പ്രബലമായ കാലില്‍ 2.2 സെക്കന്‍ഡും പ്രബലമല്ലാത്ത കാലില്‍ 1.7 സെക്കന്‍ഡും മാത്രമേ ശരാശരി ബാലന്‍സ് ചെയ്ത് നില്ക്കാന് സാധിച്ചുള്ളൂ എന്ന് ഗവേഷകര്‍ പറയുന്നു. ഇതിന് ശേഷം അവരുടെ ശരീരം ആടാന്‍ തുടങ്ങിയതായും ഗവേഷകര്‍ നിരീക്ഷിച്ചു.
ഒറ്റക്കാലില്‍ നില്‍ക്കാനുള്ള ശേഷി പോലെ തന്നെ വാര്‍ധക്യത്തില്‍ കുറഞ്ഞ് വരുന്ന ഒന്നാണ് കൈയുടെ മുറുകെ പിടിക്കാനുള്ള കഴിവും കാല്‍മുട്ടുകളുടെ ശക്തിയും. ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് അധിക നേരം നില്ക്കാന് സാധിക്കാത്തവര്‍ക്ക് പിന്നീട് വീഴ്ചകളില്‍ പരുക്ക് പറ്റാനുള്ള സാധ്യത അധികമായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. ഒറ്റകാലില്‍ 30 സെക്കന്‍ഡ് നേരമെങ്കിലും നില്ക്കാന് സാധിക്കുന്നത് ഏത് പ്രായത്തിലുള്ളവരുടെയും മികച്ച ആരോഗ്യത്തിന്റെ സൂചനയായി കണക്കാക്കാമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.