ADVERTISEMENT

കാഴ്ച ഇല്ലെങ്കിലെന്താ ഞാൻ ഹാപ്പി ആണ് എന്ന് പുഞ്ചിരിയോടെ പറയണമെങ്കിൽ അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെയാണ്. അങ്ങനെ ആത്മവിശ്വാസത്തിന്റെ മനുഷ്യ രൂപമാണ് ആശാലത ടീച്ചർ എന്നു പറയാം. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വെറുതേ റീലുകൾ കണ്ട് സമയം പോക്കുമ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാകും ടീച്ചറിനെ. യാതൊരു അങ്കലാപ്പും ഇല്ലാതെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന ആശാലത എന്ന വ്യക്തിയെ കാണുമ്പോൾ പലർക്കും അത്ഭുതമാണ്. കാഴ്ച ഇല്ലാത്ത വ്യക്തി എങ്ങനെ ഇതെല്ലാം യാതൊരു പ്രശ്നവുമില്ലാതെ ചെയ്യുന്നു? ചോദ്യം ന്യായമാണ്. എന്നാൽ ഉത്തരം അറിയണമെങ്കിൽ ആശാലത ടീച്ചറുടെ ജീവിതം അറിയണം.

കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത് രാവണേശ്വരം എന്ന സ്ഥലത്താണ് ആശാലത പഠിച്ചു വളർന്നത്, ഇപ്പോൾ ജീവിക്കുന്നതും അവിടെത്തന്നെ. സോഷ്യൽമീഡിയയിൽ മാത്രമല്ല ടീച്ചറിന്റെ കഴിവ് തെളിഞ്ഞത്. നാട്ടിലുള്ള ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യോളജി അധ്യാപിക കൂടിയാണ് ആശാലത. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ നടന്ന ദൂരമൊക്കെയും അത്ര എളുപ്പമുള്ളതായിരുന്നില്ല. സ്വന്തം ജീവിതം ഇനി ടീച്ചർ തന്നെ പറയട്ടെ.

ashalatha-3
ആശാലത

എനിക്ക് ജന്മനാൽ കാഴ്ച ഇല്ലായിരുന്നു. പക്ഷേ പത്തിരുപതു വർഷം മുൻപുവരെ വരെ കുറേശ്ശെ ഇരുട്ട്, വെളിച്ചം എന്നൊരു ധാരണ ഉണ്ടായിരുന്നു. നിറമോ രൂപങ്ങളോ ഒന്നും അറിയില്ല. പക്ഷേ സ്ഥിരം പോകുന്ന വഴിയിൽ തനിച്ചു പോകുമായിരുന്നു. അതിനെ കാഴ്ചയെന്നു പറയാമോ എന്നറിയില്ല എന്റെ ഭാഷയിൽ അത് കാഴ്ചയാണ്. ഇപ്പോൾ ഒന്നുമില്ലാത്ത സ്ഥിതിക്ക് അന്നത് കഴ്ചയായിട്ടാണ് എനിക്കു തോന്നുന്നത്.  ജന്മനാൽ കാഴ്ച ഇല്ലാത്തതുകൊണ്ട് അതുമായി പൊരുത്തപ്പെട്ടായിരിക്കുമല്ലോ ജീവിതം. പെട്ടെന്നൊരു ദിവസം കാഴ്ച നഷ്ടപ്പെടുന്ന വേവലാതി എനിക്ക് തോന്നിയിട്ടേയില്ല. എപ്പോഴാണ് ഞാൻ മുഴുവനായി അന്ധയായതെന്ന് എനിക്കറിയില്ല. കാരണം കാഴ്ച തന്നെ എനിക്ക് അറിയുന്ന കാര്യമായിരുന്നില്ല. ചുറ്റുമുള്ളവർ കാഴ്ചയുള്ളവരാണ്. അവരെ അപേക്ഷിച്ച് എനിക്കെന്തോ ബുദ്ധിമുട്ടുണ്ടെന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളു. സമൂഹമാണല്ലോ ഏത് വൈകല്യത്തെയും കൂടുതൽ ദുരിതപൂർണമാക്കുന്നത്. ദുരിതം കുറയ്ക്കുന്നതും നമുക്ക് ചുറ്റുമുള്ളവർ തന്നെയാണ്. 

എഴുത്തും വായനയും
ഞാൻ അന്ധവിദ്യാലയത്തിൽ അല്ല പഠിച്ചത്. കാഴ്ച ഉള്ള കുട്ടികളോടൊപ്പമാണ് പഠിച്ചത്, ഇപ്പോൾ ജോലി ചെയ്യുന്നതും അങ്ങനെ ഒരു അന്തരീക്ഷത്തിൽ തന്നെ. അത് നല്ല കാര്യമായാണ് ഞാൻ മനസ്സിലാക്കുന്നത്. കാഴ്ച ഉള്ളവരോടു കൂടി ജീവിച്ചാൽ ടെൻഷൻ കുറവായിരിക്കും. മുന്നോട്ട് ജീവിക്കേണ്ടതും ഇതേ സമൂഹത്തിൽ തന്നെ ആയതുകൊണ്ട് അവരെപ്പോലെ ആകണമെന്നും, സാധാരണ ഒരാളെ പോലെ ജീവിക്കണമെന്നും പണ്ടുമുതലേ ആഗ്രഹിച്ചിരുന്നു. അത് ഒരു പരിധി വരെ സഹായിച്ചത് കുട്ടിക്കാലം മുതല്‍ എല്ലാവർക്കുമൊപ്പം പഠിക്കയും ജീവിക്കുകയും ചെയ്തത് കൊണ്ടായിരിക്കും.
കാഴ്ച പരിമിതിയുള്ള കുട്ടികളും മറ്റുള്ളവരുടെ കൂടെത്തന്നെയാണ് പഠിച്ചുവളരേണ്ടത്. ഞാൻ പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് എഴുതാനും വായിക്കാനും പറ്റുന്നില്ല എന്നതായിരുന്നു. ബ്ലൈൻഡ് സ്കൂളിൽ പോയി കഴിഞ്ഞാൽ ഒരു പരിധി വരെ അതിനെ മറികടക്കാൻ പറ്റും. ബ്രെയിൽ ലിപി പഠിച്ചു കഴിഞ്ഞാൽ വായിക്കാൻ പറ്റും, നോട്സ് എഴുതാനും പരീക്ഷ എഴുതാനും പറ്റും. നിലവിൽ സ്പെഷൽ ടീച്ചേഴ്സ് ഉണ്ടെങ്കിലും അവർക്ക് ബ്രെയിൽ ലിപി അറിയാത്തത് കുട്ടികൾക്ക് പരിമിതിയായേക്കാം. വളരെ പെട്ടെന്ന് പഠിക്കാൻ കഴിയുന്നതാണ് ബ്രെയിൽ. കാഴ്ച പരിമിതിയുള്ളവർ തീർച്ചയായും അത് പഠിച്ചിരിക്കണം. അവരെ മാറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ പ്രാധാന്യം നൽകാൻ അതിലൂടെ കഴിയും. കാഴ്ചയില്ലാത്ത കുട്ടി മറ്റുള്ള കുട്ടികളുടെ കൂടെ പോയി കളിക്കാനും ഇടപഴകാനും ഉള്ള അവസരം അധ്യാപകരും മാതാപിതാക്കളും എല്ലാ കുട്ടികൾക്കും കൊടുക്കണം. അവരുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. എനിക്കത് കിട്ടിയിരുന്നു. 18 വയസ്സു കഴിഞ്ഞതിനു ശേഷമാണ് ഞാൻ ബ്രെയിൽ പഠിപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ അക്ഷരവും പഠിച്ചു. വൈകി പഠിക്കുമ്പോൾ വേഗം കുറയും. ആദ്യം താൽക്കാലികജോലി ചെയ്യുന്ന സമയത്ത് അത് ഉപയോഗിച്ചിരുന്നു. പിന്നീട് കംപ്യൂട്ടറും മൊബൈലും ഒക്കെ വന്നു. ഒരുപാട് ഓഡിയോ റെക്കോർഡ്സൊക്കെ കിട്ടുന്നുണ്ട്. അതിനു ശേഷം അങ്ങനെ ബ്രെയിൽ ഉപയോഗിച്ചിട്ടില്ല.

ashalatha-fam
ഭർത്താവ് ശ്രീധരൻ ഉണ്ണിയോടൊപ്പം ആശാലത

അധ്യാപന ജീവിതം
11 വർഷം ഞാൻ പ്രൈമറി ടീച്ചറായിരുന്നു. ടീച്ചറാകണം എന്നു പറഞ്ഞത് അച്ഛനാണ്. പത്താക്ലാസ് കഴിഞ്ഞയുടനെ തന്നെ ടിടിസിക്ക് പോകാൻ അച്ഛൻ പറഞ്ഞു. എനിക്ക് ഡിഗ്രിക്ക് പോകണം എന്നുണ്ടായിരുന്നു. ആദ്യം ജോലി, അതു കഴിഞ്ഞ് ഇഷ്ടം പോലെ പഠിച്ചോ എന്നാണ് അച്ഛൻ പറഞ്ഞത്. ടിടിസി കഴിഞ്ഞയുടനെ കല്യാണവും കഴിഞ്ഞു. അതിനിടയിലാണ് ഡിഗ്രിക്ക് അപേക്ഷിച്ചതും പിജി പൂർത്തിയാക്കിയതുമെല്ലാം. കല്യാണം കഴിഞ്ഞ് കുട്ടികളും ആയ ശേഷമാണ് സെറ്റും ബിഎഡും ചെയ്തത്. ഹയർ സെക്കൻഡറിയിൽ പിഎസ്‌സി എഴുതിയാണ് ജോലി കിട്ടിയത്. ഒന്നും രണ്ടും ക്ലാസ് പഠിപ്പിക്കാൻ പറ്റില്ല. കാരണം അവർക്ക് അക്ഷരം പഠിപ്പിക്കണമല്ലോ. അതുകൊണ്ട് പ്രൈമറിയിൽ യുപി ക്ലാസാണ് എടുത്തത്. ആ സമയത്ത് നല്ല സംതൃപ്തിയായിരുന്നു. ചെറിയ കുട്ടികളാകുമ്പോൾ‍ നമ്മള്‍ പറയുന്ന കാര്യങ്ങൾ അവരു ചെയ്യും. എക്സ്ട്രാകരിക്കുലർ ആക്റ്റിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിക്കാന്‍ പറ്റും. ശരിക്കും പറഞ്ഞാൽ അവരിലൂടെ കുറേ കാര്യങ്ങൾ ചെയ്യാൻ ഞാൻ പഠിച്ചിട്ടുണ്ട്. 

ഇന്ന് ഹയർസെക്കൻഡറിയിൽ പഠിപ്പിക്കുമ്പോൾ എനിക്ക് തയാറെടുപ്പുകൾ ഒരു വെല്ലുവിളിയല്ല. പക്ഷേ കുട്ടികളുടെ ആറ്റിറ്റ്യൂഡൊക്കെ മാറി മാറി വരുന്ന ഒരു കാലമാണ്. നമ്മള്‍ എത്ര പഠിച്ചാലും കുട്ടികൾക്കാവശ്യമുള്ള മൂല്യങ്ങൾ കിട്ടുന്നില്ല. മുൻപ് മഹാരാജാസിൽ വച്ച് കാഴ്ചപരിമിതിയുള്ള ഒരു അധ്യാപകനുണ്ടായ അനുഭവം നമ്മൾ അറിഞ്ഞതാണ്. ഒരു ക്ലാസില്‍ 66, 67 കുട്ടികളൊക്കെയുണ്ടാകും. പല വിക്രിയകളും കാണിക്കാനുള്ള സ്ഥലമായി ക്ലാസ് റൂം ഉപയോഗിക്കുന്ന കാലമാണിത്. എന്റെ അറിവിന്റെ പകുതി പോലും ഇപ്പോൾ ക്ലാസിൽ ഉപയോഗിക്കേണ്ടി വരുന്നില്ല. എനിക്ക് ശമ്പളം കിട്ടുകയല്ല ലക്ഷ്യം എന്ന് ഞാൻ കുട്ടികളോട് പറയാറുണ്ട്. നിങ്ങൾ ക്ലാസിനുള്ളിൽ എന്തു ചെയ്താലും എനിക്ക് ശമ്പളം കിട്ടും. ശമ്പളം വാങ്ങുന്നതിനുള്ള ജോലി ഞാൻ ചെയ്യണമെന്ന് എനിക്ക് നിർബന്ധം ഉണ്ട്. കുട്ടികൾ ക്ലാസിൽ ഇങ്ങനെ കളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ എനിക്ക് പഠിപ്പിക്കാൻ പറ്റില്ല. കാഴ്ചയുള്ളവരുടെ മുൻപിൽ വച്ച് അവരു കളിക്കാനായൊക്കെ പോകുമായിരിക്കും. അങ്ങനെ അനുവദിക്കുന്നവരും ഉണ്ട്. അതൊരു വെല്ലുവിളിയാണ്. എന്തായാലും കാഴ്ച കാഴ്ച തന്നെയാണല്ലോ. രാവിലെ 9 മുതൽ 4.30 വരെ ക്ലാസിൽ ഇരിക്കുന്ന കുട്ടികൾക്ക് മടുപ്പായിരിക്കും. എല്ലാകുട്ടികളും ആൺകുട്ടികളും പെൺകുട്ടികളും എന്റെ കൈ പിടിക്കാനൊക്കെ വരും. ഏറ്റവും കുസൃതി കാണിക്കുന്ന കുട്ടികൾ പേഴ്സണലി ഏറ്റവും നല്ല കുട്ടികളാണ്. എന്നെ സഹായിക്കുന്ന കുട്ടികളാണവർ.

ashalatha-2
ആശാലത

കാഴ്ചയുണ്ടോ എന്ന് പലർക്കും സംശയം
സോഷ്യൽ മീഡിയയിൽ വിഡിയോ ചെയ്യുന്ന വ്യക്തിയാണ് ഞാൻ. വരുന്ന കമന്റുകളിൽ ഭൂരിഭാഗവും എനിക്ക് കാഴ്ചയുണ്ട് എന്നുള്ള രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ്. ഒരു പരിധിവരെ അത് സന്തോഷമാണ്. കാരണം ഞാനിപ്പോൾ ചെയ്യുന്ന ജോലികളൊക്കെ സാധാരണ ഒരാളെ പോലെ ചെയ്യാൻ പറ്റുന്നുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നുന്നെങ്കിൽ അതെന്റെ വിജയമല്ലേ. കാഴ്ചയില്ലാത്തവർക്കൊന്നും ചെയ്യാൻ പറ്റില്ല എന്നുള്ള ഡയലോഗുകളാണ് അവിടെ നെഗറ്റീവായി വരുന്നത്. ജീവിതത്തിൽ എല്ലാ കാര്യവും ചെയ്യാൻ പറ്റില്ലെങ്കിലും ഞങ്ങളെപ്പോലെയുള്ളവർക്കും ഒരു പരിധിവരെ കാഴ്ചയുള്ളവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റും, പറ്റണം. അതാണ് ഞാൻ വിഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്. അല്ലാതെ ഞങ്ങൾക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഞാൻ എടുത്തുകാണിക്കേണ്ട ആവശ്യമില്ലല്ലോ. ആദ്യം വലിയ കാര്യമായിട്ടെടുത്തില്ലെങ്കിലും ഇപ്പോൾ അങ്ങനെയുള്ള കമന്റുകൾ എപ്പോഴും വരുന്നതിൽ വിഷമം ഉണ്ട്. 

ഞാൻ ആകൃതി വച്ചാണ് കമ്മലും സാരിയും ഒക്കെ ഇന്നതാണെന്ന് തിരിച്ചറിയുന്നത്. ഒരേ ഷേപ്പാണെങ്കിൽ തിരിച്ചറിയാൻ പറ്റില്ല. കളർ മനഃപാഠമാക്കിയിട്ടാണ് ഞാനത് ചെയ്യുന്നത്. വിഡിയോ ചെയ്യുന്നത് കണ്ടിട്ട് കണ്ണിന് കുറച്ച് കാഴ്ചയുണ്ടല്ലേ എന്ന് ആളുകൾ ചോദിക്കും. കാഴ്ചയില്ലാത്തൊരാൾക്ക് കാര്യങ്ങൾ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എനിക്കിപ്പോൾ കാഴ്ച ഉണ്ടെങ്കിൽ ഒരുപക്ഷേ ഞാനും അങ്ങനയേ ചിന്തിക്കൂ. എന്റെ തലച്ചോറിന്റെ ഭൂരിഭാഗവും ഓർമയ്ക്കു വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്. കാഴ്ചയുണ്ടെങ്കിൽ അതൊക്കെ ഈസിയായില്ലേ നമുക്ക്. ഓരോ കാര്യങ്ങൾ ഓർത്തു വയ്ക്കുന്നത് താനേ സംഭവിക്കുന്നതാണ്. ഒരുപാട് പരിശ്രമം വേണ്ടേ എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് അതിനെപ്പറ്റി ആലോചിക്കുന്നതുതന്നെ. ഏറ്റവും വലിയ വെല്ലുവിളി യാത്ര തന്നെയാണ്. കെയ്ൻ (സ്റ്റിക്ക്) ഉപയോഗിക്കാൻ പ്രിയപ്പെട്ടവർ സമ്മതിക്കുന്നില്ല. അതുകൊണ്ട് ഉപയോഗിക്കുന്നുമില്ല.

കുടുംബത്തിന്റെ പിന്തുണ
ഒരു സ്ത്രീയായിട്ട് ജനിക്കുക എന്നതു തന്നെ ഒരു പോരായ്മ ആയിട്ടും പരിമിതി ആയിട്ടും കാണുന്ന ഒരു സമൂഹത്തിൽ കാഴ്ചയില്ലാത്തൊരു പെൺകുട്ടി ജനിക്കുമ്പോൾ അത് ഒരു ഇരട്ട  വൈകല്യമായിട്ടാണ് സമൂഹം അല്ലെങ്കിൽ കുടുംബം അതിനെ കാണുന്നത്. പക്ഷേ എനിക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ വീട്ടിലുണ്ടായിട്ടില്ല. നിന്നെക്കൊണ്ടിത് പറ്റില്ല എന്ന് ഒരിക്കലും അച്ഛൻ എന്നോടു പറഞ്ഞിട്ടില്ല. അച്ഛന്‍ ഇപ്പോഴും എന്നോട് പറയുന്നത് പിഎച്ച്ഡി എടുക്കണം എന്നാണ്. ഇനി എന്തിനാണ് എടുക്കുന്നതെന്ന് ഞാൻ ചോദിക്കും. പേരിനു മുന്നിൽ ഡോക്ടർ എന്നു വയ്ക്കാമല്ലോ എന്നാണ് അച്ഛൻ പറയുന്നത്. അച്ഛന്റെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ടിടിസി കഴിഞ്ഞ് അവിടെ നിർത്തിയേനെ. ഡിഗ്രിയും പിജിയും എടുത്തത് അച്ഛന്‍ നിർബന്ധിച്ചതു കൊണ്ടാണ്. പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന അച്ഛൻ ഇപ്പോൾ റിട്ടയർ ചെയ്തു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക, സന്തോഷിക്കുക, ഉള്ള സാഹചര്യത്തിൽ ജീവിതം പരമാവധി ആസ്വദിക്കുക എന്നാണ് അച്ഛൻ പറയുന്നത്. പണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അച്ഛൻ സ്വന്തം ജീവിതം എൻജോയ് ചെയ്തിട്ടുണ്ട്. 

ashalatha-husband
ഭർത്താവ് ശ്രീധരൻ ഉണ്ണിയോടൊപ്പം ആശാലത

നല്ലൊരു പങ്കാളി, മൂന്ന് മക്കൾ ഒക്കെയുള്ള സന്തോഷമുള്ള കുടുംബമാണ് എന്റേത്. അന്നത്തെ കാലഘട്ടത്തില്‍ എന്നെപ്പോലെയുള്ള ഒരാളെ കല്യാണം കഴിക്കാൻ ഒരാൾ തയാറാവുക എന്നത് അത്‌ഭുതമാണ്. അന്നൊക്കെ ആണുങ്ങൾക്ക് പെണ്ണുങ്ങളെ കിട്ടും. പെൺകുട്ടികൾക്ക് ആണുങ്ങളെ കിട്ടാനാണ് പ്രയാസം. ഇപ്പോൾ അതിനു മാറ്റം വന്നിട്ടുണ്ട്. എന്റെ മുറച്ചെറുക്കൻ ശ്രീധരൻ ഉണ്ണിയാണ് എന്നെ കല്യാണം കഴിച്ചിരിക്കുന്നത്. അദ്ദേഹം ഇങ്ങോട്ടു ആലോചിച്ചു വന്നതാണ്. 
എനിക്ക് കാഴ്ചയില്ലാത്തതുകൊണ്ട് കുഞ്ഞുങ്ങളുണ്ടായാൽ അവർക്കും കാഴ്ചപ്രശ്നങ്ങളുണ്ടാകുമോ എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗർഭം ധരിക്കുന്നതിനു മുൻപ് നേത്രരോഗ വിദഗ്ധനോട് ചോദിച്ചിരുന്നു. കുട്ടികൾക്ക് പ്രശ്നം വരില്ല എന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടർ അങ്ങനെ പറഞ്ഞെങ്കിലും എനിക്കു പേടിയുണ്ടായിരുന്നു. കുട്ടി ഉണ്ടായപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കുട്ടിക്ക് കണ്ണിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നാണ്. പ്രശ്നം ഒന്നും ഉണ്ടായില്ല. അപ്പോള്‍ പേടിയൊക്കെ പോയി. പക്ഷേ രണ്ടാമത് ഇരട്ടക്കുട്ടികൾ ആയപ്പോൾ കുറച്ചു കൂടി പേടിയായിരുന്നു. പക്ഷേ മക്കൾക്കാർക്കും കാഴ്ചയ്ക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. 

കാഴ്ച കിട്ടിയാൽ ആദ്യം ആരെ കാണണം?
കാഴ്ച കിട്ടിയിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ചില സ്ഥലങ്ങളുടെ വർണനകൾ കേൾക്കുമ്പോഴും. ചില സ്ഥലങ്ങളിൽ നമ്മൾ ഒറ്റപ്പെടുമ്പോഴും, എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോൾ നമ്മൾ മാത്രം ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്ന അവസ്ഥയിലും ഒക്കെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ മാക്സിമം ഞാൻ എൻേഗജ്ഡ് ആകാറുണ്ട്. ഇനി ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് കാഴ്ച കിട്ടിയാൽ എനിക്ക് എന്നെത്തന്നെ ആദ്യം കാണണം എന്നാണ് ആഗ്രഹം. മറ്റുള്ളവരിൽ ആരെയെങ്കിലും ഒരാളെ പറഞ്ഞാൽ ബാക്കിയുള്ളവർക്ക് അതു വിഷമമാകും. അച്ഛൻ, അമ്മ, ഭർത്താവ്, മക്കൾ എല്ലാവരും ഇല്ലേ. നമ്മൾ നമ്മളെ സ്നേഹിച്ചാലല്ലേ മറ്റുള്ളവരും നമ്മളെ സ്നേഹിക്കൂ. അപ്പോൾ ഞാൻ എന്നെത്തന്നെയാണ് ആദ്യം കാണേണ്ടത്. 

ashalatha-1
ആശാലത

എനിക്ക് ദൈവത്തിൽ വിശ്വാസമൊന്നുമില്ല. ഞാന്‍ നിരീശ്വരവാദിയാണ്. പക്ഷേ പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. നമ്മളെക്കാളും കഷ്ടപ്പെടുന്നവര്‍ ഈ ലോകത്തുണ്ട്. നമ്മൾ വിഷമിക്കുന്ന സമയത്ത് നമ്മളെക്കാളും കഷ്ടപ്പെടുന്നവരെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. എല്ലാംതികഞ്ഞു എന്നു പറയുന്നവർ എന്നേക്കാളും സങ്കടപ്പെടുന്നവരുണ്ട്. നമ്മൾ കംപെയർ ചെയ്യുന്നത് നമ്മളെക്കാൾ നേട്ടമുള്ളവരുമായിട്ടാകുമ്പോഴാണ് നമ്മൾ കൂടുതലും സങ്കടപ്പെടുന്നത്. നമ്മൾ എപ്പോഴും എൻഗേജ്ഡ് ആവുക. ‘വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ്’ എന്നു പറയുന്നതുപോലെയാണ്. വെറുതെയിരിക്കാൻ മനസ്സിനെയും ശരീരത്തെയും അനുവദിക്കാതിരിക്കുക. എനിക്കിപ്പോൾ 24 മണിക്കൂർ പോര. അത്രയും എൻഗേജ്ഡ് ആണ് ജീവിതം. യൂട്യൂബൊന്നും ഒരുപാട് പ്ലാൻ ചെയ്ത് തുടങ്ങിയതല്ല. ഇപ്പോൾ മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഇവിടെ വരെ എത്തുമെന്നു പോലും കരുതിയതല്ല. ഇന്റർവ്യൂ, ബുക് റിവ്യൂ ഒക്കെയാണ് ആദ്യം ചെയ്തത്. അതൊന്നും ആര്‍ക്കും വേണ്ട. ഇടയ്ക്കു കുറച്ച് പാചകവും ചെയ്തിരുന്നു. കുക്കിങ്ങാണ് എല്ലാവർക്കും ഇഷ്ടം. തുടങ്ങിയടത്തല്ല ഞാനിപ്പോൾ നിൽക്കുന്നത്. അത് പ്ലാൻ ചെയ്തതല്ല. പിന്നീട് കുക്കിങ്ങിന്റെ കൂടെ എന്റെ പേഴ്സണൽ ലൈഫു കൂടി ബന്ധപ്പെടുത്തി ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഹാപ്പിയായി മുന്നോട്ടു പോകുന്നു.

English Summary:

How a Blind Woman Became a Successful Teacher & Social Media Influencer: Asha Latha's Story. More Than Just Sight, The Remarkable Life of a Blind Teacher Who Defies Expectations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com