ഒരാഴ്ച കൊണ്ട് 7 കിലോ കുറയില്ല! ശരീരത്തോട് ക്രൂരത അരുത്, സഹായത്തിന് വിദഗ്ധരുണ്ട്

Mail This Article
ശരീരം മെലിഞ്ഞിരിക്കാൻ ഭക്ഷണം ഒഴിവാക്കി ഒടുവിൽ ജീവൻ നഷ്ടമായ പെൺകുട്ടിയുടെ വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം അളുകളും. അവരിൽ പലരും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പ്രയത്നിക്കുന്നവരും. ഡയറ്റോ വ്യായാമമോ ഇന്ന് തുടങ്ങിയാൽ അടുത്ത ആഴ്ച അതിന്റെ ഫലം കണ്ടുതുടങ്ങണമെന്നാണ് ആഗ്രഹം. എന്നാൽ അത്തരം അപ്രായോഗികമായ കാര്യങ്ങൾ ആരോഗ്യത്തെ സഹായിക്കില്ല. ചെറിയ സമയം കൊണ്ട് ഭാരം കുറയ്ക്കാനായി ഭക്ഷണം ഉപേക്ഷിക്കുകയും അമിതമായി വ്യായാമം ചെയ്യുന്നതുമായ ആളുകളുണ്ട്. സ്വന്തം ശരീരത്തോട് ചെയ്യുന്ന ക്രൂരതയാണ് ഇതെന്ന് പലരും അറിയുന്നില്ല.
5 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം, ഒരാഴ്ച കൊണ്ട് 7 കിലോ കുറയ്ക്കാം തുടങ്ങിയ തലക്കെട്ടോടെ പ്രത്യക്ഷപ്പെടുന്ന വിഡിയോകളിലും പോസ്റ്റുകളിലും അറിയാതെ കണ്ണുടക്കും. അത് സത്യമാണെന്നും അങ്ങനെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഭാരം കുറയ്ക്കാൻ കഴിയുമെന്നും തെറ്റിദ്ധരിച്ച് പല അബദ്ധങ്ങളിലും ചെന്നുചാടുന്നവരുണ്ട്. ആഴ്ചയിൽ അരക്കിലോ മാത്രം കുറയുന്ന രീതിയിലുള്ള ഡയറ്റ്, ഫിറ്റ്നസ്സ് പ്ലാനുകളാണ് ആരോഗ്യകരം. ഭക്ഷണം ഒഴിവാക്കിയാൽ സ്വാഭാവികമായും ഭാരം കുറയും എന്ന ധാരണയിലാണ് പലരും ഇന്റർനെറ്റിലെ ഡയറ്റുകൾ പിന്തുടരുന്നത്. ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം വ്യായാമം കൂടി ചെയ്യുമ്പോഴാണ് ഭാരം കുറയുകയും ശരീരത്തിന് ആരോഗ്യമുണ്ടാവുകയും ചെയ്യുന്നത്. ഉറക്കത്തിനും അത്രതന്നെ പ്രാധാന്യമുണ്ട്. ഇക്കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ചവർക്ക് നല്ല അറിവുണ്ടാകും. അല്ലാത്തവർ സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തെയും ആവശ്യങ്ങളെയും കണക്കിലെടുക്കാതെ പെട്ടെന്ന് റിസൽട്ട് കിട്ടുന്ന ഒരു ഡയറ്റ് പിന്തുടരും. ആ ഡയറ്റ് പ്ലാനിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്നോ തന്റെ ശരീരത്തിന് ഇണങ്ങുന്നതോണോ എന്നോ ശ്രദ്ധിക്കാറില്ല.
പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ്, ഗുഡ് ഫാറ്റ് എന്നിവയെല്ലാം ചേരുമ്പോഴാണ് സമീകൃതാഹാരം ആകുന്നത്. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഇതെല്ലാം ആവശ്യമാണ്. എന്നാൽ ഭാരം കുറയ്ക്കാൻ ഡയറ്റ് തുടങ്ങുന്നതോടെ ഭക്ഷണത്തിൽനിന്ന് കാർബ് പൂർണമായി ഒഴിവാക്കുകയും, ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല. ശരീരത്തിനു വേണ്ടുന്ന പോഷണങ്ങളാണ് ഇവിടെ നിഷേധിക്കുന്നത്. ശരിക്കും ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനു വേണ്ടി എന്ത്, എത്ര കഴിക്കണമെന്ന് യൂട്യൂബ് നോക്കിയാൽ മനസ്സിലാകുമോ? അങ്ങനെയാണോ നിങ്ങൾ കരുതിയിരിക്കുന്നത്?
ഭക്ഷണ നിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ എന്നിവയെല്ലാം കേൾക്കുമ്പോൾ ചിലപ്പോൾ എളുപ്പമായി തോന്നാം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന നാട്ടിൽ ന്യൂട്രീഷൻ എന്ന വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ അറിയാവുന്നവരെല്ലാം ന്യൂട്രീഷണിസ്റ്റ് ആകുന്ന അവസ്ഥ ഇന്ന് വളരെ കൂടുതലാണെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ക്ലിനിക്കൽ ന്യുട്രീഷ്യൻ വിഭാഗം ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. മഞ്ജു പി. ജോർജ് മനോരമ ഓൺലൈനിനോട് പറയുന്നു. സാധാരണ ജനങ്ങൾ പലപ്പോഴും വഞ്ചിതരാകാനും ആശയക്കുഴപ്പത്തിലാകാനും ഇങ്ങനെയുള്ള അവസ്ഥകൾ കാരണമാകുന്നു.

എത്ര ചെറിയ കാര്യമാണെങ്കിലും, ഡയറ്റ് കൺസൽട്ടേഷൻ എന്നത് ശാസ്ത്രീയമായി ചെയ്യേണ്ട ഒരു കാര്യമാണ്. യോഗ്യരായ ഡയറ്റീഷ്യൻ അല്ലെങ്കിൽ ന്യൂട്രിഷ്യനിസ്റ്റ് ആയിരിക്കണം ഇങ്ങനെയുള്ള ജീവിതശൈലീ മാർഗങ്ങൾ നിർദ്ദേശിക്കേണ്ടത്. പോഷകാഹാരം, ഭക്ഷണക്രമം (Nutrition, Dietetics) എന്ന വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, രജിസ്റ്റേഡ് ഡയറ്റീഷൻ ക്വാളിഫിക്കേഷൻ എന്നിങ്ങനെയുള്ള ഡിഗ്രികളും, ഡയറ്റ് കൺസൽട്ടേഷൻ രംഗത്ത് അംഗീകൃത ആശുപത്രികൾ/ ക്ലിനിക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉള്ള ട്രെയിനിംഗ്/ പ്രവൃത്തി പരിചയം എന്നിവയെല്ലാം ഈ മേഖലയിൽ പ്രാവീണ്യം നൽകാൻ സഹായകമാകുന്നു. ഏതെങ്കിലും സ്ഥാപനങ്ങളുടെ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞ് ഏതെങ്കിലും പൊടികൾ കലക്കി ശരീരഭാരം കുറക്കാൻ സഹായിക്കാമെന്ന് പറഞ്ഞു കൊണ്ട് ഡയറ്റീഷ്യൻ ആണെന്ന പേരിൽ പണമുണ്ടാക്കുന്നവരുടെ തട്ടിപ്പിൽ പൊതു ജനങ്ങൾ വഞ്ചിതരാകതിരിക്കുക!
ശരിയായ ഒരു ഭക്ഷണ നിയന്ത്രണം ആ വിഷയത്തിൽ അറിവും, യോഗ്യതയുമുള്ള പ്രഫഷനൽസിന്റെ അടുത്തു നിന്നാണ് വാങ്ങേണ്ടത്. കണ്ണൂരിലെ പെൺകുട്ടിയുടെ മരണത്തിനു ശേഷമായിരിക്കാം അനോറക്സിയ നർവോസ എന്ന രോഗത്തെപ്പറ്റി പലരും കേട്ടത്. അതൊരു ഈറ്റിങ്ങ് ഡിസോർഡർ എന്ന കാറ്റഗറിയിലുള്ള മാനസികപ്രശ്നമാണ്. എപ്പോഴും വിശപ്പില്ലായ്മ, അല്ലെങ്കിൽ ഭാരം കുറയ്ക്കണമെന്നുള്ളതു കൊണ്ട് എനിക്ക് വിശക്കുന്നില്ല എന്ന് തോന്നുന്ന അവസ്ഥ. നല്ല മെലിഞ്ഞിരുന്നാലും തനിക്ക് നല്ല വണ്ണമുള്ളതായിട്ടാണ് അവർ സ്വയം കരുതുന്നത്. അതുകൊണ്ടു തന്നെ അവർ വെയ്റ്റ് കുറയ്ക്കാനായിട്ടുള്ള മാർഗങ്ങൾ തേടും.
ഇത്തരം അവസ്ഥകളുള്ള വ്യക്തികളെ പിന്തുണയ്ക്കാൻ സമൂഹത്തിന് കഴിയണം. സാധാരണ ആളുകൾക്ക് ഈ അസുഖത്തെപ്പറ്റി കേൾക്കുമ്പോൾ മനസ്സിലാകണമെന്നില്ല. പക്ഷേ ആ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർക്കോ, അവരെ അടുത്തറിയുന്ന കുടുംബത്തിനോ കൂട്ടുകാർക്കോ മാത്രമേ ആ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളു. ആ വിഷമഘട്ടത്തിൽ അവരുടെ കൈപിടിക്കാൻ സമൂഹത്തിനു കഴിയണം. പ്രൊഫഷണൽ ഡയറ്റീഷ്യൻ, ലൈഫ്സ്റ്റൈൽ ഡോക്ടർ, എൻഡോക്രൈനോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെയെല്ലാം സഹായം ആ വ്യക്തിയുടെ വിദഗ്ധ ചികിത്സയ്ക്കു സഹായകമാകും. അത്തരത്തിലൊരു ടീംവർക് ആണ് ആവശ്യം.
പ്രഫഷനൽ ലൈഫിൽ പലപ്പോഴും ഇങ്ങനെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികളെ കണ്ടിട്ടുണ്ടെന്ന് ഡോക്ടർ മഞ്ജു പറയുന്നു. കൂടുതലും പെൺകുട്ടികളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. അവർക്കുവേണ്ട പിന്തുണ കൊടുക്കാൻ മെഡിക്കൽ ടീമിന്റെ കൂടെ ഡയറ്റീഷ്യനും സാധിച്ചിട്ടുണ്ട്. കൃത്യമായ രോഗനിർണയവും, ശേഷം അവർക്കു വേണ്ട മാനസികവും ന്യുട്രീഷൻപരമായ സപ്പോർട്ടും കൊടുക്കണം. അതാണ് സമൂഹത്തിന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം, ഇങ്ങനെയുള്ള അസാധാരണമായ കാര്യങ്ങൾ കണ്ടാൽ ഒറ്റമൂലി പ്രയോഗത്തിനു നിൽക്കരുത്. സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസർമാരിൽനിന്നും പരിഹാരങ്ങൾ കണ്ടുപിടിക്കുന്നതിനെക്കാളും അംഗീകൃത സ്ഥാപനത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടേഴ്സ്, ഡയറ്റീഷ്യൻസ്, സൈക്കോളജിസ്റ്റ്സ് എന്നിവരെ സമീപിക്കുക. അവരുടെ യോഗ്യത കൂടി അന്വേഷിച്ച ശേഷം ചികിത്സ തേടിയാൽ മതിയാകും. അങ്ങനെയുള്ളവർക്കാണ് നിങ്ങളെ ശരിയായ രീതിയിൽ സഹായിക്കാന്‍ സാധിക്കുക.
എല്ലാ വിഷയങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ ഇന്ന് ഇന്റർനെറ്റിലുണ്ട്. അതിൽ നിന്ന് ഏതു സ്വീകരിക്കണം ഏത് തള്ളണം എന്നുള്ളതിനെക്കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹത്തിന് ഇപ്പോൾ ഇല്ല. അതുകൊണ്ട് സൗകര്യമുള്ളത് നമ്മൾ എടുത്ത് പെരുമാറുന്ന ഒരവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അങ്ങനെ സ്വന്തം സൗകര്യം മാത്രം നോക്കി, ആരുടെയെങ്കിലും വാക്കുകൾകേട്ട് തീരുമാനങ്ങളെടുക്കുമ്പോൾ അവിടെ പാളിച്ചകൾ ഉണ്ടാകാം. അതൊരുപക്ഷേ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം എന്ന് ഓർക്കുക.