വൃക്കരോഗ സാധ്യത ആർക്കൊക്കെ? ഈ പരിശോധനയിലൂടെ രോഗം മുൻകൂട്ടി അറിയാം

Mail This Article
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു. മാർച്ച് 13 നാണ് ഈ വർഷത്തെ വൃക്കദിനാചരണം. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ചും വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം വൃക്കകളുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. രോഗം മൂർച്ഛിക്കുന്നതിനു മുൻപേ പരിശോധനകളിലൂടെ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽചൂണ്ടുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പതിവായുള്ള രക്തപരിശോധനയിലൂടെയും മൂത്ര പരിശോധനയിലൂടെയും വൃക്കരോഗങ്ങൾ നേരത്തേ തിരിച്ചറിയാനും രോഗത്തിന്റെ സങ്കീർണതകൾ തടയാനും സാധിക്കും.
ആരൊക്കെ പരിശോധന നടത്തണം?
ലോകത്ത് ദശലക്ഷക്കണക്കിന് പേരെയാണ് വൃക്കരോഗം ബാധിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാതെയാവും രോഗം ഉണ്ടാകുന്നത്. രോഗസാധ്യത കൂടുതൽ ഉള്ളവർ അതുകൊണ്ടു തന്നെ പതിവായി പരിശോധനകൾ നടത്തണം.
∙ പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉള്ളവർ
വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടുന്ന പ്രധാനഘടകങ്ങളാണ് പ്രമേഹവും ഉയർന്ന രക്തസമ്മർദവും. ഇവ രണ്ടും ക്രമേണ വൃക്കയുടെ ആരോഗ്യം തകരാറിലാക്കും. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. പതിവായ പരിശോധനകൾ രോഗനിർണയത്തിനു സഹായിക്കും.
∙ കുടുംബത്തിൽ വൃക്കരോഗികള്‍ ഉണ്ടെങ്കിൽ
ജനിതകഘടകങ്ങൾ വൃക്കരോഗത്തിനുള്ള സാധ്യത കൂട്ടും. അടുത്ത ബന്ധുക്കൾക്ക് വൃക്കരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും പതിവായ ആരോഗ്യപരിശോധന നടത്തേണ്ടതാണ്.

∙ ഹൃദ്രോഗം, പക്ഷാഘാതം
ഹൃദയവും വൃക്കകളും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായാൽ വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയും. ഇത് വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും.
∙ അറുപതു വയസ്സ് കഴിഞ്ഞവർ
പ്രായമാകുന്തോറും വൃക്കകളുടെ പ്രവർത്തനം കുറഞ്ഞുവരും. പ്രായം കൂടുതലുളളവർക്ക് വൃക്കരോഗത്തിന്റെ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പതിവായ പരിശോധനകൾ രോഗം നേരത്തേ തിരിച്ചറിയാൻ സഹായിക്കും.
∙ അമിതഭാരം, പൊണ്ണത്തടി
അമിതഭാരം ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉപാപചയരോഗങ്ങൾ (metabolic disorders) എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും.
∙ വൃക്കയിൽ കല്ല്, അണുബാധ
തുടർച്ചയായുണ്ടാകുന്ന അണുബാധകളും തടസ്സങ്ങളും വൃക്കകൾക്ക് ദീർഘകാല ക്ഷതമുണ്ടാക്കും. ക്രമേണ വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും.

∙ മരുന്ന് കഴിക്കുന്നവർ
ചില വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ ഇവ ദീർഘകാലത്തേക്ക് വൃക്കകൾക്ക് ആയാസമുണ്ടാക്കും. ഇത്തരം കേസുകളിൽ പതിവായുള്ള പരിശോധനകളിലൂടെ വൃക്കകളുടെ ആരോഗ്യം പരീക്ഷിക്കാം. ഈ അപകടസാധ്യതാഘടകങ്ങൾ ഇല്ലാത്തവരിലും ഇടയ്ക്ക് നടത്തുന്ന പരിശോധനകളിലൂടെ രോഗനിർണയം നേരത്തെ നടത്താനും രോഗത്തിന്റെ സങ്കീർണതകള്‍ ഇതുവഴി ഒഴിവാക്കാനും സാധിക്കും.
പരിശോധനകൾ
വൃക്കയുടെ പ്രവർത്തനങ്ങള്‍ പരിശോധിക്കുക വഴി ലക്ഷണങ്ങൾ പ്രകടമാകും മുൻപെ തന്നെ പ്രവർത്തനത്തകരാറുകൾ കണ്ടെത്താൻ കഴിയും.
∙ രക്തപരിശോധന
സീറം ക്രിയാറ്റിനിൻ ടെസ്റ്റ്, ക്രിയാറ്റിനിന്റെ അളവ് അറിയാൻ സഹായിക്കും. വൃക്കകൾ അരിച്ചു മാറ്റുന്ന വിസർജ്യവസ്തുവാണ് ക്രിയാറ്റിനിൻ. ക്രിയാറ്റിനിന്റെ ഉയർന്ന അളവ് വൃക്കകളുടെ പ്രവർത്തനം കുറഞ്ഞതിനെ സൂചിപ്പിക്കുന്നു. ബ്ലഡ് യൂറിയ നൈട്രജൻ പരിശോധന, യൂറിയയുടെ അളവ് കണ്ടെത്താൻ സഹായിക്കും. വൃക്കകൾ മലിനവസ്തുക്കളെ ഫലപ്രദമായി അരിച്ചില്ലെങ്കിൽ യൂറിയയുടെ അളവ് ഉയരും.

∙ മൂത്രപരിശോധന
ആൽബുമിൻ ടു ക്രിയാറ്റിനിൻ റേഷ്യു (ACR) മൂത്രത്തിൽ ചെറിയ അളവിൽ ഉള്ള ആൽബുമിൻ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. പ്രോട്ടീൻ ലീക്കേജ്, വൃക്കരോഗത്തിന്റെ പ്രരംഭ ലക്ഷണമാകാം. പ്രത്യേകിച്ച് പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉള്ളവരിൽ. മൂത്രത്തിൽ രക്തം, അമിതമായ പ്രോട്ടീൻ, ശ്വേതരക്താണുക്കൾ തുടങ്ങിയവ കാണുന്നതും അണുബാധയുടെയോ വൃക്കത്തകരാറിന്റെയോ ലക്ഷണമാണ്.
∙ സ്കാനിങ്ങ്
വൃക്കയുടെ അൾട്രാസൗണ്ട് സ്കാനിങ്ങ് വൃക്കകളുടെ വലുപ്പം, ആകൃതി, ഘടനാപരമായ വ്യത്യാസങ്ങൾ അതായത് മുഴകൾ, കല്ലുകൾ, തടസ്സങ്ങൾ ഇവയുണ്ടോ എന്ന് വൃക്തമാക്കും. ചില കേസുകളിൽ സിടി സ്കാനോ എംആർഐയോ വേണ്ടി വരും. ട്യൂമറോ വൃക്കകൾക്ക് കടുത്ത ക്ഷതമോ ഉണ്ടെന്ന് സംശയം തോന്നിയാൽ ആണ് ഇത് വേണ്ടി വരുന്നത്.

∙ ബയോപ്സി
ചില പ്രത്യേക വൃക്കരോഗങ്ങൾ കണ്ടെത്താൻ കിഡ്നി ബയോപ്സി ചെയ്യേണ്ടതായി വരും. വൃക്കയിലെ കല (tissue) യുടെ സാമ്പിൾ പരിശോധിച്ച് എത്രമാത്രമാണ് വൃക്കത്തകരാർ എന്ന് കണ്ടെത്താൻ കഴിയും. ഇവ കൂടാതെ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും ഇലക്ട്രോലൈറ്റ് പാനൽ ചെക്കപ്പ് ചെയ്യും. ക്രിയാറ്റിൻ അടിസ്ഥാനമാക്കിയ പരിശോധനയ്ക്ക് പകരം ദി സി സ്റ്റാറ്റിൻ സി ടെസ്റ്റ് നടത്തും.
വൃക്കയുടെ ആരോഗ്യം എങ്ങനെ നിലനിർത്താം?
സൗഖ്യത്തിനും ആരോഗ്യത്തിനും വൃക്കകളുടെ ആരോഗ്യവും പ്രധാനമാണ്. വൃക്കരോഗസാധ്യത കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ സാധിക്കും. അവ എന്തൊക്കെ എന്നറിയാം.

∙ ധാരാളം വെള്ളം കുടിക്കാം
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വിഷാംശങ്ങളെ നീക്കാനും ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. നിർജലീകരണം വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും വൃക്കയിൽ കല്ലിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കാലാവസ്ഥയ്ക്കും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് ദിവസവും കൃത്യമായ അളവിൽ വെള്ളംകുടിക്കാൻ ശ്രദ്ധിക്കാം.
∙ സമീകൃതഭക്ഷണം ശീലമാക്കാം
പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങള്‍, പ്രോട്ടീൻ ഇവ ധാരാളമടങ്ങിയ ഭക്ഷണം വൃക്കകളുെട ആരോഗ്യം മെച്ചപ്പെടുത്തും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ വൃക്കരോഗസാധ്യത കൂട്ടുന്ന ഘടകമായ ഉയർന്ന രക്തസമ്മർദം തടയാൻ സാധിക്കും. പ്രോസസ് ചെയ്ത ഭക്ഷണം, അമിതമായ അളവിൽ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താം.
∙ നിയന്ത്രിക്കാം പ്രമേഹവും രക്തസമ്മർദവും
ഉയർന്ന രക്തസമ്മർദവും പ്രമേഹവും വൃക്കരോഗത്തിലേക്കു നയിക്കുന്ന പ്രധാനഘടകങ്ങളാണ്. രക്തസമ്മർദം ആരോഗ്യകരമായ അളവിലേക്ക് കുറച്ചു കൊണ്ടു വരികയും ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മരുന്നിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വേണം. ഇത് വൃക്കകളെ തകരാറുകളിൽ നിന്ന് സംരക്ഷിക്കും.

∙ പതിവായി വ്യായാമം ചെയ്യാം
ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. ഇത് വൃക്കകളുടെ പ്രവർത്തനവും മെച്ചപ്പെടുത്തും. നടത്തം, നീന്തൽ, സൈക്ലിങ്ങ് തുടങ്ങിയ മിതമായ വ്യായാമങ്ങളും ശീലമാക്കാം.
∙ ഒഴിവാക്കാം പുകവലിയും മദ്യപാനവും
പുകവലി, വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കും. അമിതമായ മദ്യപാനം, രക്തസമ്മർദം വർധിപ്പിക്കുകയും വൃക്കത്തകരാറിലേക്ക് നയിക്കുകയും െചയ്യും. പുകവലി ഉപേക്ഷിക്കുന്നതിലൂടെയും മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെയും വൃക്കകളുടെ ആരോഗ്യം നിലനിർത്താം.

∙ വേദന സംഹാരികളുടെ ഉപയോഗം പരിമിതപ്പെടുത്താം
നോൺസ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളുടെ (NSAID) പതിവായ ഉപയോഗവും ചില മരുന്നുകളുടെ ഉപയോഗവും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. വേദനസംഹാരികളും സപ്ലിമെന്റുകളും ദീർഘകാലത്തേക്ക് ഉപയോഗിക്കും മുൻപ് വൈദ്യസഹായം തേടണം. പ്രത്യേകിച്ച് വൃക്കരോഗം ഉള്ളവർ.

∙ പതിവായ വൃക്കപരിശോധന
പ്രമേഹം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം ഇവയുള്ളവർ പതിവായി വൃക്കകളുടെ പ്രവർത്തനം പരിശോധിക്കേണ്ടതാണ്. നേരത്തെതന്നെ രോഗനിർണയം നടത്തുന്നത് കൃത്യസമയത്ത് ചികിത്സ തേടാനും രോഗമുക്തിക്കും സഹായിക്കും.