കൂർക്കംവലി മാറ്റിയെടുക്കാം; ആരോഗ്യം വേണമെങ്കിൽ ഉറക്കത്തിന് മുൻഗണന നൽകാം

Mail This Article
ഉറക്കത്തിനായും ഒരു ദിനാചരണമോ? മാർച്ച് 14 ലോക നിദ്രാ ദിനമാണ്. നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു സമയം നാം ചിലവഴിക്കുന്നത് ഉറക്കത്തിനായാണ്. അത് ആരോഗ്യകരമാകണം, സുഖകരമാകണം. ഉറക്കത്തിലെ ശ്വാസം നിലക്കൽ [ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ - Obstructive Sleep Apnoea (OSA)] ഒട്ടനവധി ആളുകളെ ബാധിക്കുന്ന, നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെയ്ക്കുന്ന ഒന്നാണ്. എന്നാൽ പൊതുജനങ്ങൾക്ക് മാത്രമല്ല, ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ പോലും ഇതിനെക്കുറിച്ചുള്ള അവബോധം തുലോം കുറവാണെന്നുള്ളതാണ് യാഥാർത്ഥ്യം. സുഖകരമായ നല്ല ഉറക്കം നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുമ്പോൾ ഉറക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരേ പോലെ പ്രതികൂലമായി ബാധിക്കുന്നു. ഓർക്കുക, പോഷകാഹാരവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് നമ്മുടെ ഉറക്കവും! ഈ സാഹചര്യത്തിലാണ് വേൾഡ് സ്ലീപ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘നിദ്രാരോഗ്യത്തിന് മുൻഗണന നൽകാം’ ( Make Sleep Health a Priority ) എന്ന സന്ദേശവുമായി ഈ വർഷം ലോക നിദ്രാ ദിനം ആചരിക്കുന്നത്.
ഉറക്കത്തിലെ ശ്വാസം നിലയ്ക്കൽ - എന്തു കൊണ്ട് ?
നിര്‍ബാധം നടക്കുന്ന ഒരു പ്രക്രിയയാണ് ശ്വാസോച്ഛ്വാസം. ഊണിലും ഉറക്കത്തിലും ഇതിനു തടസ്സമുണ്ടാകാറില്ല. എന്നാല്‍ ചിലരില്‍ ഉറക്കത്തിലെ ശ്വാസോച്ഛ്വാസം അത്ര സുഗമമായി നടക്കണമെന്നില്ല. മദ്ധ്യവസ്‌കരായ പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നിരുന്നാലും സ്ത്രീകളിലും കുട്ടികളിലുമൊക്കെ, ഈ രോഗാവസ്ഥ അപൂർവ്വമല്ല. അമിതവണ്ണമുള്ളവര്‍, കുറുകിയതും തടിച്ചതുമായ കഴുത്തുള്ളവര്‍, മദ്യപര്‍, പുകവലി ശീലമുള്ളവര്‍ തുടങ്ങിയവരില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. തൈറോയിഡ് സംബന്ധമായ അസുഖമുള്ളവര്‍, താടിയെല്ലിന് ജന്മനാ ഉള്ള ആകൃതി വ്യത്യാസം, തലച്ചോറിനുള്ള ചില തകരാറുകള്‍ എന്നീ സാഹചര്യങ്ങളിലും ഇതുണ്ടാകാം. ഉറക്കത്തില്‍ നമ്മുടെ പേശികള്‍ അയയുന്നതുമൂലം അണ്ണാക്കുമുതല്‍ നാവിന്റെ പിന്‍ഭാഗം വരെയുള്ള ഭാഗത്തെ വ്യാസം കുറയുന്നു. ഇത് എല്ലാവരിലും ഉണ്ടാകുന്ന വ്യത്യാസങ്ങളാണെങ്കിലും മേല്‍പ്പറഞ്ഞ വിഭാഗക്കാരില്‍ ഈ മാറ്റം ശ്വാസം വലിച്ചെടുക്കുന്നതു ശ്രമകരമാക്കുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യുന്നു.
കൂര്‍ക്കംവലി അപകടകരമോ?
സർവ്വ സാധാരണമാണ് ഉറക്കത്തിലെ കൂര്‍ക്കംവലി. നിരവധി സങ്കീര്‍ണാവസ്ഥകള്‍ക്കു കാരണമായേക്കാവുന്ന ഈ അവസ്ഥയ്ക്കു വേണ്ടത്ര പ്രാധാന്യം ആരോഗ്യരംഗം നല്‍കുന്നുണ്ടോ എന്നതു സംശയമാണ്. നാമാകട്ടെ ഇതൊരു രോഗാവസ്ഥയാണെന്നുപോലും പലപ്പോഴും തിരിച്ചറിയുന്നില്ല. കൂര്‍ക്കംവലി സുഖകരമായ ഉറക്കത്തിന്റെ ലക്ഷണമായി പലരും കരുതുന്നു. എല്ലാ കൂര്‍ക്കംവലിയും അപകടം ചെയ്തില്ലെങ്കിലും ഇതത്ര നിരുപദ്രവമായ ഒന്നല്ല എന്നതാണ് വസ്തുത.
ലക്ഷണങ്ങള്‍
എല്ലാ കൂര്‍ക്കംവലിക്കാരിലും പ്രശ്‌നങ്ങളുണ്ടാകണമെന്നില്ലെങ്കിലും ചിലരില്‍ ഇതു ശ്വസനപ്രക്രിയ ഇടയ്ക്കിടെ നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കും. വേണ്ടത്ര ഓക്‌സിജന്‍ കിട്ടാതെ രോഗി ഇടയ്ക്കിടെ ഞെട്ടി ഉണരുന്ന ഈ അവസ്ഥയെ സ്ലീപ് ആപ്നിയ എന്നാണ് വിളിക്കുന്നത്. ഉറക്കക്ഷീണം, അമിതമായ പകലുറക്കം, ഓര്‍മ്മക്കുറവ്, അകാരണമായ ദേഷ്യം, ലൈംഗിക വിരക്തി തുടങ്ങിയ പ്രശ്‌നങ്ങളും ഇതോടൊപ്പം ഉണ്ടാകാം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഉൽക്കണ്ഠ - വിഷാദ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്. ചികിൽസിക്കാൻ ബുദ്ധിമുട്ടേറിയ അമിത രക്തസമ്മർദ്ദത്തിന്റെ ( Refractory Hypertension) ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ. രാത്രിയിൽ നിദ്രാഭംഗം ഉണ്ടാകുന്നതിനാൽ ഇവരിൽ പകലുറക്കത്തിനു സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ചും ഒരേ ജോലി തുടർച്ചയായി ചെയ്തു കൊണ്ടിരിക്കുമ്പോൾ. ഈ രോഗവസ്ഥ ഉള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ അപകടങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍ പറയുന്നു. പത്തു മുതൽ പതിനഞ്ചു ശതമാനം വരെ റോഡപകടങ്ങൾക്കു കാരണം ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് ആപ്നിയ ആണെന്നാണു വിദേശ രാജ്യങ്ങളിലെ പഠനങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലാത്ത നമ്മുടെ നാട്ടിലെ സ്ഥിതി ഇതിലും മോശമായിരിക്കാനാണ് സാധ്യത. ഈ അവസ്ഥ നേരത്തേ കണ്ടെത്തേണ്ടതും ആവശ്യമായ ചികിൽസ നൽകേണ്ടതും വ്യക്തിയുടെ ആരോഗ്യ സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷക്കും അനിവാര്യം.

രോഗനിര്‍ണയം, ചികിത്സ
ഇതൊരു രോഗാവസ്ഥയാണെന്നുതന്നെ പലരും തിരിച്ചറിയാറില്ല. ജീവിത പങ്കാളിയുടെ അസഹനീയമായ കൂർക്കംവലിയും, ഇടക്കിടെയുള്ള ഞെട്ടി ഉണരലും ഒക്കെ കാരണം ഉറക്കം നഷ്ടപ്പെടുന്നവർ ഏറെയുണ്ട്. ഇതു കാരണം വ്യത്യസ്ത മുറികളിൽ ഉറങ്ങാൻ നിർബന്ധിതരാവുന്നവരും ( sleep divorce ) കുറവല്ല. പലപ്പോഴും അവരായിരിയ്ക്കും ഈ അവസ്ഥ മൂലം ബുദ്ധിമുട്ടുന്നവരെ ചികിൽസ തേടാൻ പ്രേരിപ്പിക്കുന്നതും, ഡോക്ടറുടെ സമീപത്ത് എത്തിക്കുന്നതും.
കൂര്‍ക്കംവലിക്കാരില്‍ സ്ലീപ് അപ്നിയ ഉണ്ടോ, ഇല്ലയോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഉറങ്ങുന്ന സമയത്തെ രോഗിയുടെ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, തലച്ചോറിലെ വൈദ്യുതി തരംഗംങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, മൂക്കിലൂടെയുള്ള വായു പ്രവാഹം, രക്തത്തിലെ ജീവവായുവിലെ അളവ് തുങ്ങിയ നിരവധി ഘടകങ്ങള്‍ രേഖപ്പെടുത്തുന്ന പോളി സോമ്‌നോഗ്രാഫി എന്ന പരിശോധന വഴിയാണ് ഇതു കണ്ടെത്തുന്നത്. ശ്വാസോച്ഛ്വാസം നിലയ്ക്കുന്നതിന്റെ എണ്ണം, ദൈര്‍ഘ്യം എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് ചികിത്സ ആവശ്യമോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. പുകവലി, മദ്യപാനം തുടങ്ങിയവ ഉള്ളവര്‍ അത് ചികിത്സിച്ചു ഭേദമാക്കേണ്ടുതുണ്ട്. താടിയെല്ലുകള്‍ക്കുള്ള ആകൃതി വ്യത്യാസം പോലെയുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന കൂര്‍ക്കംവലി ശസ്ത്രക്രിയവഴി പലപ്പോഴും മാറ്റിയെടുക്കാനാവും.
തീവ്രമായ രീതിയില്‍ ശ്വാസോച്ഛ്വാസം നിലയ്ക്കുന്നവരില്‍ സി – പാപ്പ് ( C-PAP) പോലെയുള്ള ശ്വാസോച്ഛ്വാസ ഉപകരണങ്ങളും ഉറക്കത്തില്‍ ഉപയോഗിക്കേണ്ടതായി വരും. ആവശ്യമായ അളവിലും സമ്മർദ്ദത്തിലും വായു നൽകി തൊണ്ടക്കുഴൽ ഉറക്കത്തിൽ അടഞ്ഞു പോകാതെ നിറുത്തുന്ന രീതിയാണിത്. മുഖാവരണം ധരിച്ച് ഉപകരണത്തിന്റെ സഹായത്തോടെ ശ്വാസം നിലനിറുത്തുന്ന ഈ ചികിൽസാ രീതി രോഗാവസ്ഥയിൽ വലിയ പുരോഗതിയാണ് നൽകുന്നത്. മുഖവരണം ധരിച്ച് കിടന്നുറങ്ങേണ്ടതു കൊണ്ടും തുടർച്ചയായി വായു സമ്മർദ്ദത്തിൽ അകത്തേക്കു കയറുന്നതിന്റെ അസ്ഥസ്ഥതയും മൂലം പലർക്കും ഈ ചികിൽസ സ്വീകരിക്കാനും, സ്വീകരിച്ചാൽ തന്നെ അതു തുടർന്നു കൊണ്ടു പോകാനും മടിയാണ്. ചികിൽസാ രീതി ഉപദേശിക്കുന്നതിന് മുമ്പ് വ്യക്തിക്ക് രോഗാവസ്ഥയെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ചുമൊക്കെ നല്ല ധാരണ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം ഈ ചികിൽസയോടു പൊരുത്തപ്പെടാൻ പരിശീലനവും നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ ചികിൽസ രോഗി തുടരും എന്നുറപ്പിക്കാനാകൂ. കടുത്ത രോഗാവസ്ഥയുളളവരിൽ ഇതു വലിയ ഫലപ്രാപ്തി ഉണ്ടാക്കും.രോഗലക്ഷണങ്ങളും,രോഗാവസ്ഥ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യതയും ഇല്ലാതാകുകയും ചെയ്യും.

ചികിൽസയോടൊപ്പം പതിവായി വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക , ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക എന്നിവയും പ്രധാനം നമ്മുടെ നാട്ടിലെ മിക്ക മെഡിക്കല്‍ കോളജുകളിലും വലിയ ആശുപത്രികളിലും ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ രോഗനിര്‍ണയത്തിനുള്ള സൗകര്യമുണ്ട്. സമയബന്ധിതമായി കണ്ടെത്താനായാല്‍ ഈ രോഗാവസ്ഥ നിയന്ത്രണ വിധേയമാക്കാനും അതു വഴി സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇന്ന് സാധ്യമാണ്. ഓർക്കുക , സുഖകരമായ ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യം.
(ലേഖകൻ പ്രൊഫസർ, ശ്വാസകോശ വിഭാഗം,ഗവ. ടി.ഡി.മെഡിക്കൽ കോളേജ് ആലപ്പുഴ)