രാത്രി 10 മിനിറ്റ് ചെലവഴിക്കാമോ? പേശിവേദനയും കാലിലെ ദുർഗന്ധവും കുറയ്ക്കാം, സമ്മർദത്തിനും വിട

Mail This Article
ആരോഗ്യകാര്യത്തിൽ കാൽപാദങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ദിവസവും കുറച്ചു സമയം കാൽപാദങ്ങളുടെ പരിചരണത്തിനും സമയം കൊടുക്കണം. ദിവസവും രാത്രി കിടക്കും മുന്‍പ് കാൽപാദങ്ങൾ റോസ്മേരി ചേർത്ത വെള്ളത്തിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതു മൂലം റോസ്മേരിയുടെ ഔഷധഗുണങ്ങളും ശരീരത്തിനു ലഭിക്കും. ശരീരവും മനസ്സും ശാന്തമാകാനും ഇതു സഹായിക്കും.
∙ രക്തചംക്രമണം മെച്ചപ്പെടും
ചൂട് റോസ്മേരി വെളളത്തിൽ കാലുകൾ വയ്ക്കുന്നത് രക്തചംക്രമണം വർധിപ്പിക്കും. വെളളത്തിന്റെ ചൂട് രക്തക്കുഴലുകളെ വികസിപ്പിക്കും. റോസ്മേരിയിലടങ്ങിയ എസൻഷ്യൽ ഓയിൽ രക്തചംക്രമണം വർധിപ്പിക്കുകയും കാലുകൾക്ക് വീക്കവും വേദനയും ഉണ്ടാകുന്നത് തടയുകയും ചെയ്യും.
∙ പേശീവേദന കുറയ്ക്കുന്നു
സിനിയോൾ, കാംഫർ തുടങ്ങിയ സംയുക്തങ്ങൾ റോസ്മേരിയിൽ ഉണ്ട്. ഇവയ്ക്ക് പേശികളെ റിലാക്സ് ചെയ്യിക്കാൻ സാധിക്കും. റോസ്മേരി ചേർത്ത ചൂട് വെള്ളത്തിൽ കാല് മുക്കി വയ്ക്കുന്നത് പേശി വേദന കുറയ്ക്കുകയും കാലുവേദന അകറ്റുകയും ചെയ്യും.
∙ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ
റോസ്മേരിയുടെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ കാൽപാദങ്ങളുടെയും സന്ധികളുടെയും വീക്കം കുറയ്ക്കാൻ സഹായിക്കും. പതിവായി ഇത്തരത്തിൽ റോസ്മേരി വെള്ളത്തിൽ കാൽ മുക്കി വയ്ക്കുന്നത് സന്ധിവാതം പോലുള്ള രോഗങ്ങൾ മൂലമുള്ള അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കും.
∙ ആന്റിമൈക്രോബിയൽ ഗുണങ്ങൾ
റോസ്മേരിക്ക് ആന്റി മൈക്രോബിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് കാൽപ്പാദങ്ങളുടെ ഗന്ധം ഇല്ലാതാക്കും. ഒപ്പം അത്‌ലീറ്റ്സ് ഫൂട്ട് പോലുള്ള അണുബാധകളെ തടയും. പതിവായി ഇത്തരത്തിൽ കാൽ മുക്കി വയ്ക്കുന്നത്. കാൽപാദങ്ങളെ ഫ്രഷും ആരോഗ്യമുള്ളവയും ആക്കും.
∙ സമ്മര്‍ദം അകറ്റുന്നു
ചൂടുവെള്ളത്തിൽ ചേർത്ത റോസ്മേരിയുടെ ഗന്ധം ശാന്തമായ ഒരു അനുഭവം സമാനിക്കും. ഈ വെളളത്തിൽ കാൽ മുക്കിവയ്ക്കുന്നത് സമ്മർദം അകറ്റുന്നതോടൊപ്പം സൗഖ്യമേകുകയും ചെയ്യും.
∙ചർമത്തെ മൃദുവാക്കുന്നു
ചൂടുവെളളം ചർമത്തെ മൃദുവാക്കുന്നു. ഇതിൽ റോസ്മേരി ചേർക്കുമ്പോൾ ഫലം വർധിക്കുന്നു. കാൽ കുതിർക്കുമ്പോൾ ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ എളുപ്പമാണ്. വളരെ മൃദുവായ ആരോഗ്യമുള്ള കാൽപാദങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.
റോസ്മേരി വാട്ടർ ഇങ്ങനെ തയാറാക്കാം
ഒരുപിടി ഫ്രഷ് റോസ്മേരിയോ മൂന്നു ടേബിൾ സ്പൂൺ ഉണക്കിയ റോസ്മേരിയോ എടുക്കുക. വെള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് റോസ്മേരി ചേർത്ത് ചെറുതീയിൽ പത്തുമിനിറ്റ് വയ്ക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് റോസ്മേരി വെള്ളം ഒരു വലിയ ബേസിനിലേക്ക് അരിച്ച് ഒഴിക്കുക. ഇതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. വെള്ളത്തിന്റെ ചൂട് പാകമാകുമ്പോൾ കാൽപാദങ്ങൾ 15 മുതൽ ഇരുപതു മിനിറ്റു വരെ മുക്കി വയ്ക്കുക. അതിനുശേഷം ഒരു ഉണങ്ങിയ ടവൽ കൊണ്ട് പാദങ്ങൾ തോർത്തുക. ഒരു മോയ്സ്ചറൈസർ പുരട്ടാവുന്നതാണ്. ദിവസവും പത്തു മിനിറ്റെങ്കിലും ഇത്തരത്തിൽ കാൽപാദങ്ങൾക്ക് പരിചരണം കൊടുക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.