അടുക്കളയിലെ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കൂ, ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷപ്പെടാം

Mail This Article
ഭക്ഷ്യജന്യരോഗങ്ങൾ സാധാരണയായി ഭക്ഷ്യവിഷബാധ എന്നും അറിയപ്പെടുന്നു. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകൾ, പരാദജീവികൾ ചില രാസവസ്തുക്കൾ തുടങ്ങിയവയാൽ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ മുതൽ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഇന്ത്യയിൽ ഭക്ഷ്യവിഷബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷിതരായിരിക്കേണ്ടത് പ്രധാനമാണ്.
ഭക്ഷ്യജന്യരോഗങ്ങളിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം എന്നറിയാം
∙ കൈകൾ ഇടയ്ക്കിടെ നന്നായി കഴുകുക
ഭക്ഷ്യജന്യരോഗങ്ങൾ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട പടിയാണ് കൈകളുടെ ശുചിത്വം. ഭക്ഷണം കഴിക്കുന്നതിനു മുൻപും, റെസ്റ്റ് റൂം ഉപയോഗിച്ചതിനു ശേഷവും വേവിക്കാത്ത ഇറച്ചിയോ കഴുകാത്ത വസ്തുക്കളോ തൊടുന്നതിന് മുൻപ് എല്ലായ്പ്പോഴും കൈകൾ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കന്റ് എങ്കിലും കഴുകുക.

∙ അടുക്കളത്തട്ടും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക
മലിനമായ ഇടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളിലേക്ക് അണുക്കൾ വ്യാപിക്കാം. അതുകൊണ്ടു തന്നെ ശരിയായി വൃത്തിയാക്കേണ്ടത് ആവശ്യമാണ്. അടുക്കളയുടെ കൗണ്ടർ ടോപ്പ് അണുവിമുക്തമാക്കുക. ഒപ്പം കട്ടിങ്ങ് ബോർഡ്, പാത്രങ്ങൾ ഇവയും പതിവായി ഏതെങ്കിലും ആന്റി ബാക്ടീരിയൽ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് അണുവിമുക്തമാക്കുക.
∙ ഭക്ഷണം ശരിയായ ചൂടിൽ പാകം ചെയ്യുക
ശരിയായ താപനിലയിൽ ഭക്ഷണം പാകം ചെയ്യുന്നത് ഉപദ്രവകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാൻ സഹായിക്കും. ഒരു ഫുഡ് തെർമോമീറ്റർ ഉപയോഗിക്കുന്നതു വഴി ഈ സൂക്ഷ്മാണുക്കൾ നശിച്ചു എന്നുറപ്പുവരുത്താനാവും. ശരിയായി വേവിക്കാത്ത ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഇറച്ചി ആണ് ഭക്ഷ്യജന്യരോഗങ്ങൾ വരാനുള്ള ഒരു പ്രധാന കാരണം.
∙ സുരക്ഷിതമായ താപനിലയിൽ ഭക്ഷണം സൂക്ഷിക്കാം
ബാക്ടീരിയയുടെ വളർച്ച തടയാൻ വേഗം കേടുവരുന്ന ഭക്ഷണങ്ങൾ ശരിയായ താപനിലയിൽ സൂക്ഷിക്കാം. കേടുവരുന്ന ഭക്ഷണങ്ങൾ രണ്ടു മണിക്കൂറിൽ കൂടുതൽ (ചൂട് കാലാവസ്ഥ ആണെങ്കിൽ ഒരു മണിക്കൂർ) പുറത്തു വയ്ക്കരുത്. ഭക്ഷണം വൃത്തിയായി അടച്ചു സൂക്ഷിക്കണം. ഇത് മറ്റു വസ്തുക്കളിൽ നിന്ന് മലിനവസ്തുക്കൾ പടരുന്നത് ഒഴിവാക്കാൻ സഹായിക്കും.

∙ മലിനവസ്തുക്കൾ പകരുന്നത് ഒഴിവാക്കാം
വേവിക്കാത്ത ഭക്ഷണത്തിൽ നിന്നും വേവിച്ചതോ റെഡി ടു ഈറ്റ് ആയതോ ആയ ഭക്ഷണങ്ങളിലേക്ക് ഉപദ്രവകാരികളായ ബാക്ടീരിയകൾ പടരാം. ഇതാണ് ക്രോസ് കണ്ടാമിനേഷൻ. ഇത് ഒഴിവാക്കണം. ഇതിനായി വേവിക്കാത്ത ഇറച്ചി, പൗൾട്രി, സീഫുഡ് തുടങ്ങിയവ പഴങ്ങൾ, പച്ചക്കറികൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ നിന്ന് അകറ്റി വയ്ക്കണം. ഈ മുൻകരുതലുകൾ എടുക്കുന്നതു വഴി ഒരു ഭക്ഷണത്തിൽ നിന്ന് മറ്റൊന്നിലേക്ക് ബാക്ടീരിയകൾ വ്യാപിക്കുന്നത് തടയാം.
∙ പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകാം
പഴങ്ങളിലും പച്ചക്കറികളിലും ബാക്ടീരിയ, അഴുക്കുകൾ, കീടനാശിനികൾ തുടങ്ങിയവ കാണും. ഇവ ഉപയോഗിക്കുന്നതിനു മുൻപ് വൃത്തിയായി കഴുകണം. ഒഴുകുന്ന വെള്ളത്തില്‍ നന്നായി ഉലച്ചു കഴുകണം. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലിട്ടുവയ്ക്കരുത്. കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മലിനവസ്തുക്കൾ പടരും.
∙ സ്ട്രീറ്റ്ഫുഡ് സൂക്ഷിച്ചുപയോഗിക്കുക
ഇന്ത്യയിൽ സ്ട്രീറ്റ്ഫുഡിന് ഏറെ പ്രചാരമുണ്ട്. എന്നാൽ ശുചിത്വത്തിന്റെ കാര്യത്തിൽ ഇവ ഒരുപോലെ സുരക്ഷിതമല്ല. വൃത്തിയുള്ള, ചൂടായ ഭക്ഷണം നൽകുന്ന, ഫ്രഷ് ആയി ഉണ്ടാക്കിയ ഭക്ഷണം നൽകുന്ന കടകൾ തെരഞ്ഞെടുക്കുക. വേവിക്കാത്തതോ പകുതി വേവിച്ചതോ ആയ ഭക്ഷണം ഒഴിവാക്കണം.

∙ ശുദ്ധീകരിച്ച വെളളം കുടിക്കാം
മലിനജലമാണ് ഭക്ഷ്യജന്യരോഗങ്ങളുടെ പ്രധാന ഉറവിടം. ബാക്ടീരിയകളെയും പാരസൈറ്റുകളെയും നീക്കാൻ തിളപ്പിച്ചതോ ഫിൽറ്റർ ചെയ്തതോ ആയ വെള്ളം ഉപയോഗിക്കുക. യാത്ര ചെയ്യുമ്പോൾ വിശ്വസ്തരായ ബ്രാൻഡിന്റെ കുപ്പി വെള്ളം കയ്യിൽ കരുതുക.
∙ എക്സ്പയറി ഡേറ്റ് നോക്കാം
ഉപയോഗിക്കാൻ സുരക്ഷിതമല്ലാത്തതു കൊണ്ടോ മലിനമായതു കൊണ്ടോ ഒരു ഉൽപന്നം വിപണിയിൽ നിന്നു തിരിച്ചെടുക്കും. അത്തരത്തിൽ ഉള്ള ഉൽപന്നമാണോ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുവാണോ എന്ന് എപ്പോഴും പരിശോധിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചാൽ ഭക്ഷ്യജന്യരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാം. സുരക്ഷിതമായ ഒരു ഭക്ഷണാന്തരീക്ഷം ഇതുവഴി സൃഷ്ടിക്കാനുമാവും.