ആദ്യ ഗര്‍ഭധാരണവും പ്രസവവും സുഗമമാക്കാന്‍ അറിയണം ഈ കാര്യങ്ങള്‍

Mail This Article
ഒരു സ്‌ത്രീയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായതും പ്രധാനപ്പെട്ടതുമായ ഘട്ടങ്ങളില്‍ ഒന്നാണ് ആദ്യമായി ഗര്‍ഭിണിയാകുന്ന കാലഘട്ടം. പ്രസവത്തെ കുറിച്ചുള്ള ആകാംഷയും ഉത്‌കണ്‌ഠയും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളുമെല്ലാമായിട്ട് പല വിധത്തിലുള്ള വികാര വേലിയേറ്റങ്ങളിലൂടെ ഈ കാലഘട്ടത്തില്‍ ഗര്‍ഭിണി കടന്ന് പോകാം. ആരോഗ്യകരമായ ഗര്‍ഭകാലം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ മാത്രമല്ല അമ്മയുടെയും ക്ഷേമം ഉറപ്പാക്കുന്നതാകണമെന്ന് ഗൈനക്കോളജിസ്‌റ്റ് ഡോ. മാനസി ശര്‍മ പറയുന്നു. ഗര്‍ഭകാലം സൗകര്യപ്രദവും സങ്കീര്‍ണതകള്‍ കുറഞ്ഞതുമാക്കാനായി ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരണമെന്ന് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. മാനസി നിര്‍ദ്ദേശിക്കുന്നു.
1. കൃത്യമായ ചെക്കപ്പുകള്‍
നിര്‍ദ്ദേശിക്കപ്പെടുന്ന ഇടവേളകളില്‍ കൃത്യമായി ഗൈനക്കോളജിസ്‌റ്റിനെ കണ്ട് ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. ഇത്തരം ചെക്കപ്പുകള്‍ കുഞ്ഞിന്റെ വളര്‍ച്ചയെ കുറിച്ച് കൃത്യമായ ധാരണ നല്‍കുകയും സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്ന പക്ഷം മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യും.

2. സന്തുലിതമായ പോഷണം
പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും ഹോള്‍ ഗ്രെയ്‌നുകളും എല്ലാം അടങ്ങിയ നല്ല പോഷണസമൃദ്ധമായ സന്തുലിത ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ഫോളിക് ആസിഡ്, കാല്‍സ്യം, അയണ്‍ എന്നിവയുടെ തോത് ഗര്‍ഭകാലത്ത് വര്‍ധിപ്പിക്കേണ്ടതാണ്. മീന്‍, മുട്ട, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ശിശുവിന്റെ വളര്‍ച്ചയെ സഹായിക്കും. പാല്‍, ചീസ്, യോഗര്‍ട്ട് എന്നിവ കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്‌ക്കും നല്ലതാണ്.
3. ആവശ്യത്തിന് വെള്ളം
ശരീരത്തിന്റെ നിര്‍ജലീകരണം ഒഴിവാക്കാനായി കുറഞ്ഞത് രണ്ട് ലീറ്റര്‍ വെള്ളം ദിവസവും കുടിക്കേണ്ടതാണ്. മലബന്ധത്തിന്റെയും നീര്‍ക്കെട്ടിന്റെയും സാധ്യതകളും ഇത് കുറയ്‌ക്കും.

4. ആവശ്യത്തിന് ഉറക്കം
ഗര്‍ഭകാലത്ത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും ഊര്‍ജ്ജത്തിന്റെ തോത് നിലനിര്‍ത്താനും ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ശരീരത്തിന് നല്ല വിശ്രമവും ഇതിലൂടെ ലഭിക്കും. രാത്രി കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറെങ്കിലും ഉറങ്ങേണ്ടതാണ്. ആവശ്യമെങ്കില്‍ പകല്‍ നേരത്തും ചെറു മയക്കങ്ങള്‍ ആകാം. ഇടത് വശം ചെരിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നത് കുഞ്ഞിന്റെ ശരീരത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കാലുകളില്‍ നീര് വയ്‌ക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യും.
5. മിതമായ വ്യായാമം
നടത്തം, പ്രീനേറ്റല്‍ യോഗ, നീന്തല്‍ പോലുള്ള മിതവ്യായാമങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു ഫിറ്റ്‌നസ് ട്രെയ്‌നറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്നതാണ് നല്ലത്. വ്യായാമം അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.

6. സമ്മര്‍ദം നിയന്ത്രിക്കാം
മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍, പ്രീനേറ്റല്‍ മസാജ് തുടങ്ങിയ വഴികളിലൂടെ മനസ്സിന്റെ സമ്മര്‍ദവും നിയന്ത്രിക്കേണ്ടതാണ്. ഹോര്‍മോണല്‍ മാറ്റങ്ങള്‍ മൂഡ് മാറ്റങ്ങളും ഉത്‌കണ്‌ഠയും ഉണ്ടാക്കാം. ചുറ്റും പ്രിയപ്പെട്ടവരെയും പോസിറ്റീവ് ആയിട്ടുള്ളവരെയും കൊണ്ട് നിറയ്‌ക്കുക. മനസ്സില്‍ സന്തോഷകരമായ ചിന്തകള്‍ നിറയ്‌ക്കുക. ഉത്‌കണ്‌ഠ അധികമാകുകയോ വിഷാദം തോന്നുകയോ ഒക്കെ ചെയ്‌താല്‍ ഡോക്ടറോട് സംസാരിച്ച് പ്രഫഷണല്‍ സേവനം തേടാനും മടിക്കരുത്.
7. പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലി ശിശുവിന്റെ മാസം തികയാതെയുള്ള ജനനം, കുഞ്ഞിന്റെ കുറഞ്ഞ ശരീരഭാരം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. കഫീന്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പിനെ ബാധിക്കാം. മദ്യം, ജങ്ക് ഫുഡ്, അമിതമായ മധുരം ചേര്‍ന്നതും സംസ്‌കരിച്ചതുമായ ഭക്ഷണപാനീയങ്ങള്‍ എന്നിവ അനാവശ്യമായ ഭാരവര്‍ധനവിലേക്കും ഗര്‍ഭകാല പ്രമേഹത്തിലേക്കും നയിക്കാം. ഇതിനാല്‍ ഇവയൊക്കെ ഒഴിവാക്കുക.

8. മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ഓക്കാനം, പുറം വേദന പോലുള്ള മിതമായ ബുദ്ധിമുട്ടുകള്‍ ഗര്‍ഭകാലത്ത് സാധാരണമാണ്. എന്നാല്‍ കടുത്ത തലവേദന, നീര്‍ക്കെട്ട്, അമിതമായ രക്തസ്രാവം, കടുത്ത വയര്‍വേദന, ഉയര്‍ന്ന തോതിലെ പനി, കുളിര്‍, കാലുകളിലും മുഖത്തും പെട്ടെന്ന് നീര്‍ക്കെട്ട്, കുഞ്ഞിന്റെ ചലനത്തിലെ കുറവ് എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
9. പ്രസവത്തിനായി ഒരുങ്ങിയിരിക്കാം
ഗര്‍ഭകാലത്തിന്റെ അവസാന കുറച്ച് ആഴ്‌ചകള്‍ നിര്‍ണ്ണായകമാണ്. ആവശ്യമായ തുണികള്‍, ബേബി ഡയപ്പറുകള്‍, ആശുപത്രി രേഖകള്‍, ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അതിന്റെ രേഖങ്ങള്‍ എന്നിവയെല്ലാം ബാഗിലാക്കി പ്രസവത്തിന് ഏത് സമയവും തയ്യാറായി ഇരിക്കണം. പ്രസവം അടുത്തതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ ഉടനെ ആശുപത്രിയില്‍ എത്തുകയും വേണം.